Connect with us

Editorial

പേരറിവാളന്‍ പുറത്തുവരുമ്പോള്‍

കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച് താമസിപ്പിക്കുകയായിരുന്നു ഗവര്‍ണറും കേന്ദ്രവും പേരറിവാളന്റെ മോചനക്കാര്യം. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.

Published

|

Last Updated

മാതാവ് അര്‍പുതമ്മാളിന്റെ ദശകങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ പേരറിവാളനെ സുപ്രീം കോടതി ജയില്‍ മോചിതനാക്കുമ്പോള്‍ സമൂഹത്തില്‍ അത് വ്യത്യസ്ത വികാരങ്ങളാണ് സൃഷ്ടിച്ചത്. നിരാശാജനകവും ദുഃഖകരവുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം. ‘രാജീവ് ഗാന്ധിയുടെ ഘാതകനെയാണ് ഇന്ത്യയുടെ പരമോന്നത കോടതി മോചിപ്പിച്ചിരിക്കുന്നത.് ഇങ്ങനെയാണോ രാജ്യത്ത് നീതി നടപ്പാക്കേണ്ടത്? സാധാരണ ഒരു പൗരനെ വധിക്കാനല്ല പേരറിവാളന്‍ കൂട്ടുനിന്നത്; രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വധിക്കാനാണ്. ഈ വിധി ഓരോ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെയും അതീവ ദുഃഖത്തിലാഴ്ത്തുന്നു’വെന്നാണ് പാര്‍ട്ടി വക്താവ് സുര്‍ജെവാല പറഞ്ഞത്.

പേരറിവാളന്റെ മോചനത്തില്‍ അതീവ സന്തോഷമാണ് 1999ല്‍ പേരറിവാളനു വധശിക്ഷ വിധിച്ച സുപ്രീം കോടതി ബഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് കെ ടി തോമസ് രേഖപ്പെടുത്തിയത്. ഇനിയുള്ള കാലം പേരറിവാളന്‍ സന്തോഷവാനായി ജീവിക്കട്ടെയെന്ന് ആശംസകള്‍ നേര്‍ന്ന ജസ്റ്റിസ് തോമസ്, പേരറിവാളനെ നേരിട്ടു കാണാന്‍ ആഗ്രഹവും പ്രകടിപ്പിച്ചു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവര്‍ക്കും ആശ്വാസമേകുന്ന കാര്യമെന്നാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ പ്രതികരണം. ഫെഡറലിസത്തിന്റെയും തമിഴ്നാടിന്റെയും വിജയമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണം. ജയില്‍ മോചിതനായി തന്നെ കാണാനെത്തിയ പേരറിവാളനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു സ്റ്റാലിന്‍.

1991 മെയ് 21ന് ചെന്നൈയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ 1991 ജൂണ്‍ പതിനൊന്നിനാണ് പേരറിവാളന്‍ അറസ്റ്റിലായത്. രാജീവ് വധത്തിന്റെ മുഖ്യ സൂത്രധാരനെന്നു വിശ്വസിക്കപ്പെടുന്ന എല്‍ ടി ടി ഇ പ്രവര്‍ത്തകന്‍ ശിവരശന്, ഒമ്പത് വോള്‍ട്ടിന്റെ രണ്ട് ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനു മേല്‍ ആരോപിക്കപ്പെട്ട കുറ്റം. രാജീവ് ഗാന്ധിക്കു നേരേ പ്രയോഗിച്ച മനുഷ്യബോംബില്‍ ഈ ബാറ്ററികളാണ് ഉപയോഗിച്ചതെന്നാണ് ആരോപിക്കപ്പെടുന്നത്. മറ്റു 24 പ്രതികള്‍ക്കൊപ്പം വധശിക്ഷയായിരുന്നു പേരറിവാളന് ആദ്യം കോടതി വിധിച്ചത്. സുപ്രീം കോടതിയില്‍ കേസ് എത്തിയപ്പോള്‍ വധശിക്ഷ ഏഴ് പേര്‍ക്കായി ചുരുങ്ങി. പേരറിവാളനും ഉണ്ടായിരുന്നു ഈ ഏഴ് പേരില്‍. എന്നാല്‍ അദ്ദേഹത്തിന്റെ വധശിക്ഷ സുപ്രീം കോടതി പിന്നീട് ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.

അതിനിടെ പേരറിവാളന്‍ നിരപരാധിയാണെന്ന്, കേസ് അന്വേഷിച്ചു കുറ്റപത്രം തയ്യാറാക്കിയ സി ബി ഐ ഉദ്യോഗസ്ഥന്‍ എസ് പി വി ത്യാഗരാജന്റെ സാക്ഷ്യം പുറത്തുവന്നു. 2017ല്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ്, ശിവരശന് ബാറ്ററികള്‍ നല്‍കുമ്പോള്‍ അത് എന്താവശ്യത്തിനായിരുന്നുവെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഇക്കാര്യം പേരറിവാളന്‍ തന്നോട് പറഞ്ഞിരുന്നതായും സി ബി ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. കുറ്റസമ്മത മൊഴിയെ ദുര്‍ബലപ്പെടുത്തിയേക്കുമെന്ന ആശങ്കയാല്‍, മനപ്പൂര്‍വം ആ ഭാഗം രേഖകളില്‍ നിന്ന് താന്‍ ഒഴിവാക്കുകയായിരുന്നുവെന്നും ത്യാഗരാജന്‍ പറയുന്നു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ പേരറിവാളന്റെ പങ്കിനെക്കുറിച്ച് സി ബി ഐക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്നും ത്യാഗരാജന്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള ഗൂഢപദ്ധതിയെക്കുറിച്ച് മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്ന് 1991ല്‍ എല്‍ ടി ടി ഇയും ശിവരശനും തമ്മിലുള്ള വയര്‍ലെസ് സന്ദേശത്തില്‍ നിന്ന് വ്യക്തമായിരുന്നുവെന്നും ത്യാഗരാജന്‍ വിലയിരുത്തുന്നു. മനസ്സാക്ഷിക്കുത്ത് മൂലവും ഒരു നിരപരാധിക്ക് 26 വര്‍ഷത്തിനു ശേഷമെങ്കിലും നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനാലുമാണ് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റബോധത്തോടെ പറയുന്നുണ്ട്. ഗൂഢാലോചനക്കുറ്റം പേരറിവാളനില്‍ വെച്ചുകെട്ടുകയായിരുന്നുവെന്ന് ഈ സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തം.

ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന തത്ത്വവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ പേരറിവാളനെ അന്നേ മോചിപ്പിക്കേണ്ടതായിരുന്നില്ലേ? സി ബി ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നതിനു പിന്നാലെ പേരറിവാളന്റെ മോചനത്തിനു വേണ്ടിയുള്ള മുറവിളി തമിഴ്നാട്ടില്‍ ശക്തവുമായിരുന്നു. അതിനിടെ പേരറിവാളന്‍ സമര്‍പ്പിച്ച ദയാഹരജിയില്‍, അദ്ദേഹത്തെ മോചിതനാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് അത് ചെയ്യാവുന്നതാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. ഇതടിസ്ഥാനത്തില്‍ 2018ല്‍ വീണ്ടും തമിഴ്നാട്ടിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ പേരറിവാളനടക്കം ഏഴ് തടവുകാരെ മോചിപ്പിക്കാന്‍ സമ്മതമറിയിക്കുകയും ഗവര്‍ണറോട് ഇതിനായി ശിപാര്‍ശ ചെയ്യുകയുമുണ്ടായി. എന്നാല്‍ ഗവര്‍ണര്‍ ഇതില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയും രണ്ടര വര്‍ഷത്തിനു ശേഷം രാഷ്ട്രപതിയുടെ പരിഗണനക്കായി വിടുകയുമാണുണ്ടായത്. ഗവര്‍ണറുടെ ഈ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഒടുവില്‍ സുപ്രീം കോടതി അദ്ദേഹത്തെ മോചിപ്പിച്ച് ഉത്തരവിറക്കിയത്.

കേവല രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച് താമസിപ്പിക്കുകയായിരുന്നു ഗവര്‍ണറും കേന്ദ്രവും പേരറിവാളന്റെ മോചനക്കാര്യം. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജയില്‍ തടവുകാരെ വിട്ടയക്കുന്നതു സംബന്ധിച്ച ശിപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചെങ്കിലും അതവഗണിച്ച്, നീതിയും ന്യായവും ഉറപ്പാക്കാന്‍ ഭരണഘടന 142ാം അനുഛേദം നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് കോടതി അദ്ദേഹത്തെ മോചിപ്പിക്കുകയാണുണ്ടായത്. അപൂര്‍വമായേ കോടതി ഈ അനുഛേദം ഉപയോഗിക്കാറുള്ളൂ. വൈകിയെത്തുന്ന നീതി ഒരു തരത്തില്‍ നീതി നിഷേധം തന്നെയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, നീതി ഉറപ്പാക്കേണ്ടത് കോടതിയുടെ ചുമതലയാണെന്നും സര്‍ക്കാറിനെ ഉണര്‍ത്തി. അറസ്റ്റിലാകുമ്പോള്‍ 19 വയസ്സ് പ്രായമായിരുന്ന പേരറിവാളന്‍ യൗവനത്തിന്റെ സിംഹഭാഗവും തടവില്‍ കഴിഞ്ഞ ശേഷമാണ് 50ാം വയസ്സില്‍ ഇപ്പോള്‍ ജയില്‍ മോചിതനാകുന്നത്.

 

---- facebook comment plugin here -----

Latest