Connect with us

Story

സ്നേഹം റദ്ദ് ചെയ്യപ്പെടുമ്പോൾ

ആണ്ട് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു തുടങ്ങിയിരുന്നു. ഉച്ചയാവാറായിട്ടും ചെറിയ മഴ തൂവി പന്തലിനു മുകളിൽ താളം പിടിച്ചു. ദീർഘ നിശ്വാസങ്ങളുടെയും നിശ്ശബ്ദതയുടെയും കനം നിറഞ്ഞ അന്തരീക്ഷം എത്രയും പെട്ടെന്ന് അവസാനിക്കണേ എന്ന് മനസ്സിലാഗ്രഹിച്ചെങ്കിലും ബന്ധുക്കളൊക്കെ സഹതാപത്തിന്റെ അമ്പുകൾ വെറുതെ എന്റെ നേർക്ക് എയ്്തുകൊണ്ടിരുന്നു

Published

|

Last Updated

ആണ്ട് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു തുടങ്ങിയിരുന്നു. ഉച്ചയാവാറായിട്ടും ചെറിയ മഴ തൂവി പന്തലിനു മുകളിൽ താളം പിടിച്ചു. ദീർഘ നിശ്വാസങ്ങളുടെയും നിശ്ശബ്ദതയുടെയും കനം നിറഞ്ഞ അന്തരീക്ഷം എത്രയും പെട്ടെന്ന് അവസാനിക്കണേ എന്ന് മനസ്സിലാഗ്രഹിച്ചെങ്കിലും ബന്ധുക്കളൊക്കെ സഹതാപത്തിന്റെ അമ്പുകൾ വെറുതെ എന്റെ നേർക്ക് എയ്്തുകൊണ്ടിരുന്നു. ബെഡ് റൂം എന്നത് ഒറ്റപ്പെട്ടവളുടെ ശ്‌മശാനമായ് എത്ര വേഗത്തിലാണ് മാറുന്നത്. ആ വീട്ടിൽ തനിച്ചിരിക്കാവുന്ന ഏതെങ്കിലും ഒരിടത്തിന് വേണ്ടി ഞാൻ കൊതിച്ചു. എനിക്കപ്പോൾ ചെല്ലയെ കാണണം എന്ന് തോന്നി. കാടിന്റെ മകളുടെ വർത്തമാനം കേട്ടിരുന്നാൽ ഒരു പക്ഷേ കുറച്ചാശ്വാസം കിട്ടുമായിരിക്കും.അമ്മയോട് അനുവാദം ചോദിക്കാനാണ് മുൻ വശത്തേക്ക് ചെന്നത്.
ദേവിന്റെ ചേട്ടൻമാർ പന്തലിന്റെയും പൂജയുടെയും രാവിലെയുള്ള ഭക്ഷണത്തിന്റെയും പൈസ കൃത്യമായ് കണക്ക് കൂട്ടി അമ്മയുടെ മുന്നിൽ അവതരിപ്പിച്ച് വാങ്ങിക്കുന്നത് കണ്ടപ്പോൾ ദേവിനെ പ്രസവിച്ച് വളർത്തിയത് തന്റെ അമ്മയായിരുന്നോ എന്ന് തോന്നിപ്പോയി.
“ഇന്ന് നീ തന്നെ ഡ്രൈവ് ചെയ്യണ്ട.
ബാലനേം വിളിച്ചോണ്ട് പോയാ മതി.’
അമ്മ നിർദേശിച്ചു.
എതിര് പറഞ്ഞിട്ട് കാര്യമില്ല. കിട്ടുന്ന അവസരങ്ങളിലൊക്കെ ഒട്ടും മോൾഡ് ചെയ്യപ്പെടാത്ത രൂപമായ് തന്നെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ അമ്മക്ക് ഒരു മടിയുമില്ല.
ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാനും കാടും മഴയും തനിച്ചാസ്വദിക്കാനുമുള്ള അവസരം ഇപ്പോഴെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചപ്പോ തന്നെ ഒരു സംഭാഷണം കാതിലേക്ക് വന്നു.
“ബാലനെ ഇപ്പോ കൊണ്ടുപോയാ എങ്ങന്യാ ശരിയാവുക . ഇതെല്ലാം അഴിച്ചു മാറ്റണ്ടെ ?
കീ എടുത്ത് കൊണ്ട് കാറിലേക്ക് കയറുമ്പോൾ കറുത്തു പോകുന്ന ചില മുഖങ്ങൾ സൈഡ് മിററിൽ തെളിഞ്ഞു കണ്ടു.
എത്രയോ നാൾ കൂടി ഒരു യാത്ര. ഉറക്കെ കരഞ്ഞ് കൊണ്ടും, ചിരിച്ചു കൊണ്ടും എനിക്കുള്ളിലെ ശ്വാസംമുട്ടൽ പുറത്തേക്കെറിഞ്ഞ് കളയാൻ തോന്നി.
എത്രയും പെട്ടെന്ന് ചീരമ്പാറയിലെത്തണം.
ചെല്ല പറയുന്ന, പുഴക്ക് മുകളിലെ മഴ കാണണം. ഇന്നത്തെ ദിവസത്തിന്റെ ഊഷ്മാവിനെ തണുപ്പിക്കാനുള്ള തീവ്രമായ പരിശ്രമത്തിനിടയിൽ ധനുഷിന്റെ “തേൻ മൊഴി’ തിരഞ്ഞെടുത്ത് പ്ലേ ചെയ്ത് കേട്ടുകൊണ്ടിരുന്നു.
ഒരു മണിക്കൂർ കൊണ്ട് കാട്ടു മണ്ണിന്റെ ഗന്ധം പെയ്യുന്ന നിരത്തിലെത്തി. വണ്ടി നിർത്തി നടന്നു. ചെല്ലയുടെ ഊര്.
ചെറിയ കാട്ടുപൊന്തകൾ. മലങ്കാറ്റിൽ കാട്ടുപൂക്കളുടെ സൗരഭം. ഉണക്കപ്പുല്ല് മേഞ്ഞ കുടിലുകളുടെ മുറ്റത്തായി പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങി നിൽപ്പുണ്ട്. എണ്ണ കിനിയുന്ന തലമുടിയിൽ കാട്ടുമുല്ല മാല കുത്തിയിരിക്കുന്നു.
ചെല്ലാ…
ഞാനുറക്കെ വിളിച്ചു.
താഴ്‌വാരത്ത് നിന്ന് അവൾ തിരിഞ്ഞു നോക്കി.
ടീച്ചറമ്മാ ….
ആഹ്ലാദഭരിതയായ് അവളോടി എന്റെയരികിലേക്ക് വന്നു.
“സുന്ദരിയായിട്ടുണ്ടല്ലോ ചെല്ലാ’
നെറ്റിയിൽ പൊട്ടും, തലമുടിയിൽ പൂവും, കൈയിൽ നിറയെ കുപ്പിവളയുമായി നിൽക്കുന്ന ചെല്ലയുടെ കണ്ണുകൾ ഒന്ന് കൂടി തുളുമ്പിത്തെളിഞ്ഞു.
കറുത്ത മേഘങ്ങൾ പുള്ളി കുത്തിയ ആകാശം ഒന്ന് നനഞ്ഞ് പെയ്തിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിച്ചു.
പച്ചിലത്തുമ്പുകൾ വകഞ്ഞ് മാറ്റി ഞങ്ങൾ പുഴയ്ക്കരികിലേക്ക് നടന്നു.
“ഇന്ന് കുമ്മാട്ടിയാ ടീച്ചറമ്മാ. വൈന്നേരം നാടകോം പാട്ടുമൊക്കെയുണ്ട്. പിന്നേ ഇന്നൊരു വിശേഷോണ്ട്.’ ചെല്ല ചിരിച്ചു.
എന്താ ചെല്ലാ പറ ?
അവൾക്ക് നാണം വരുന്നുണ്ടെന്ന് തോന്നി.
“ഇന്ന് നന്ദു വരും കുടിയില്’
കൊടകില് ഇഞ്ചിപ്പണി കഴിഞ്ഞിരിക്കണ്.
ആഹാ. എന്താ കൊണ്ടുവരാ നിനക്ക് ?
“ഇഞ്ചിത്തോട്ടത്തിന്റെ മൊതലാളി ഗൗഡര്
ഒരത്തറ് കൊടുത്തിരിക്കണ്. അത് കൊണ്ടുവരൂന്നാ പറഞ്ഞിരിക്ക്ണ്’
അവളെന്റെ മുഖത്ത് നോക്കി ചിരിച്ചു. സ്നേഹിക്കപ്പെടുന്നവരുടെ മുഖത്തെ വെളിച്ചത്തിലാണ് ഭൂമി ഏറെ മനോഹരമായ് മാറുന്നതെന്ന് തോന്നി.
ചെല്ലാ…..
പെണ്ണുങ്ങളുടെ ഒരു കൂട്ടം തലയുയർത്തി വിളിക്കുന്നത് കേട്ടു. ഉത്സവത്തിന് പോവാനുള്ള തയ്യാറെടുപ്പാണ്.
“കുമ്മാട്ടി തുടങ്ങാനായി. വാ ചെല്ലാ…..’
കാട്ടുമണം ഒഴുകിയ ഇടവഴികളിലൂടെ ഇറങ്ങി നടന്നപ്പോൾ അപ്പുറത്തെ പറമ്പിൽ പെരുകിവരുന്ന പുരുഷാരത്തെ കണ്ടു. വായ്പാട്ടിന്റെ താളം ഉയർന്ന് കേൾക്കാം. കുപ്പിവളക്കടകൾ. ഉയർന്നു പൊങ്ങുന്ന വർണബലൂണുകൾ. കണ്ണാടിക്കൂട്ടിനുള്ളിലെ അലുവകളും ജിലേബികളും നൊട്ടിനുണയുന്ന കൗമാരങ്ങൾ. സെൽഫിപ്പനി ഏൽക്കാത്ത ഉത്സവപ്പറമ്പ് .
ടീച്ചറമ്മ വാ ….
ഞാൻ വെറുതെ അവളുടെ ഒപ്പം നടന്നു.
കുമ്മാട്ടിപ്പറമ്പും, മേളപദങ്ങളും എന്നെ മറ്റേതോ ലോകത്ത് കൊണ്ടെത്തിച്ചിരുന്നു.
സുന്ദരിപ്പാവകളും നിറമുള്ള കല്ലുമാലകളും സിന്ദൂര ചെപ്പുകളും ഒരുങ്ങിനിന്നിരുന്ന കടയുടെ മുന്നിലെത്തിയപ്പോൾ അവൾ നിന്നു. മുന്നിൽ കണ്ട ചുവപ്പ് ഡപ്പി തുറന്ന് ഒരു നുള്ള് സിന്ദൂരം എന്റെ നെറ്റിയിൽ തൊട്ടു. എപ്പോഴും സുമംഗലിയായിരിക്കാനുള്ള എന്റെ ആഗ്രഹത്തെ തടഞ്ഞ് നിർത്താൻ എനിക്കായില്ല. ഉള്ളിലൊരു തേങ്ങൽ
നിശ്ശബ്ദമായി വന്നു.
എന്തിനാ ചെല്ലാ ഇനി ഇത്?
ടീച്ചറമ്മാ …..
“ടീച്ചറമ്മ ഈശ്വരനെ കാണുന്നില്ലല്ലോ.എന്നിട്ടും സ്നേഹിക്കുന്നില്ലേ. ഏട്ടൻ ടീച്ചറമ്മേടെ മനസ്സിലില്ലേ. അത് മതി. കൂടെയുണ്ടെന്ന തോന്നലുണ്ടേൽ ടീച്ചറമ്മ ഇപ്പോഴും സുമംഗലി തന്നെയാ. ഇനി പൊട്ടും പൂവും ഇല്ലാതെ നടക്കരുത് ‘
കാടിന്റെ നിഷ്കളങ്കതയിൽ എന്റെ നോവ് ആശ്ലേഷിക്കപ്പെട്ടു.
നാളുകൾക്ക് മുന്പ് ജീവന്റെ കനം പോയ പ്രിയപ്പെട്ടവന്റെ അടുത്ത് മനസ്സ് മരവിച്ചിരുന്നപ്പോൾ , പാതി മാഞ്ഞ സിന്ദൂരത്തെപ്പോലും പകയോടെ അമർത്തി തുടച്ച് എത്രയും പെട്ടെന്ന് തന്നെ വിധവയാക്കാനുള്ള അഭിനവ പെങ്കൂട്ടങ്ങളുടെ ശ്രമത്തെ ഓർത്തു.
“ഞാൻ വരും ടീച്ചറമ്മാ .
നന്ദു പോയിക്കഴിഞ്ഞ്.’
വൃശ്ചിക മഞ്ഞ് പൊഴിയുന്ന വഴിയിറമ്പിൽ നിന്ന് ചെല്ല യാത്ര പറഞ്ഞു.
കുമ്മാട്ടിപ്പറമ്പ് എന്നെ വീണ്ടും സുമംഗലിയാക്കിയിരുന്നു. പക്ഷെ മലയിറങ്ങുമ്പോൾ എന്തിനെന്നറിയാതെ ഞാൻ വിമ്മിക്കരഞ്ഞു.

nishaantony2683@gmail.com

Latest