Connect with us

siraj editorial

ലിംഗസമത്വ വിവാദങ്ങളിലെ നെല്ലും പതിരും തിരയുമ്പോള്‍

സ്ത്രീയെ സ്ത്രീയായി തന്നെ ജീവിക്കാന്‍ അനുവദിക്കുക. ലിംഗസമത്വം പറഞ്ഞ് വസ്ത്രധാരണത്തില്‍ അവള്‍ക്ക് പുരുഷവേഷം അടിച്ചേല്‍പ്പിക്കാതിരിക്കുക. വ്യക്തി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരേയുള്ള കൈയേറ്റം കൂടിയാണത്

Published

|

Last Updated

ന്‍ വിവാദമാകുകയുണ്ടായി ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം-ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള വസ്ത്രം- നടപ്പാക്കാനുള്ള തീരുമാനം. മഹത്തായൊരു വിപ്ലവമെന്നും ലിംഗസമത്വത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പെന്നുമാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. തങ്ങള്‍ ഒന്നാണെന്ന ധാരണ വിദ്യാര്‍ഥി സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം സഹായകമാണെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍ ബിന്ദു പറയുന്നത്. വസ്ത്രധാരണത്തിലെ ആണ്‍ – പെണ്‍ വ്യത്യാസം പെണ്‍കുട്ടികളുടെ സ്വത്വബോധത്തെ തന്നെ ചോദ്യം ചെയ്യുമെന്നും ജൈവികപരമായ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ആണ്‍ – പെണ്‍ വിവേചനമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിന് ഒരേ യൂനിഫോം രീതി സഹായിക്കുമെന്നുമാണ് കെ എം സച്ചിന്‍ദേവ് എം എല്‍ എയുടെ പക്ഷം. ചില സാംസ്‌കാരിക, സാമൂഹിക നേതാക്കളും ഒരേ യൂനിഫോം എന്ന ആശയത്തെ അനുകൂലിച്ചു രംഗത്തു വന്നിട്ടുണ്ട്.

2018ല്‍ വളയന്‍ചിരങ്ങറ സ്‌കൂളില്‍ പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയത്. പിന്നീട് മറ്റു ചില പ്രീ-പ്രൈമറി സ്‌കൂളുകളും അത് അനുകരിക്കാന്‍ തുടങ്ങി. ഇതിന്റെ ചുവടു പിടിച്ചാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കും ഈ വര്‍ഷം ഇത് നടപ്പാക്കാന്‍ തീരുമാനിച്ചത്. സമൂഹത്തില്‍ സ്ത്രീ നിരവധി വിവേചനങ്ങള്‍ നേരിടുന്നുവെന്നും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സ്‌കൂള്‍തലം തൊട്ടേ ഒരേ വസ്ത്രം നടപ്പാക്കുന്നത് ലിംഗവിവേചനം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നുമാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ജൈവികമായ ഒരു പ്രതിഭാസമാണ് ലിംഗസ്വത്വം. ബൗദ്ധികമായും ഭൗതികമായും സ്വത്വവ്യത്യാസങ്ങള്‍ പുലര്‍ത്തുന്നവരാണ് സ്ത്രീയും പുരുഷനും. ഒരേ വസ്ത്രം ധരിച്ചതുകൊണ്ടോ വിദ്യാര്‍ഥികള്‍ ഒരേ ബഞ്ചില്‍ ഒന്നിച്ചിരുന്നതു കൊണ്ടോ പ്രകൃത്യായുള്ള ഈ വൈവിധ്യം ഇല്ലായ്മ ചെയ്യാനാകുമോ?

ഭരണരംഗം, ജുഡീഷ്യറി, സാമൂഹിക നേതൃത്വം, തൊഴില്‍, കായികം, ശാസ്ത്ര സാങ്കേതികം തുടങ്ങി ഏതു മേഖലയിലാണ് ലിംഗസമത്വവും അവസരസമത്വവും നടപ്പായത്? വേള്‍ഡ് ഇക്കോണമിക് ഫോറം ആഗോളതലത്തില്‍ 142 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചൊരു പഠനം നടത്തിയിരുന്നു. ഭരണരംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യം പുരുഷന്‍മാരുടേതിന് അടുത്തെങ്ങുമെത്തില്ലെന്നും സാമ്പത്തിക രംഗത്തെ വിടവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് 2017 ഫെബ്രുവരിയില്‍ പുറത്തുവന്ന ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകള്‍ ഇപ്പോള്‍ മുന്‍കാലത്തേക്കാള്‍ കൂടുതല്‍ ജോലിക്കു പോകുന്നുണ്ടെങ്കിലും വീട്ടുജോലികളുടെ ഭൂരിഭാഗവും കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും പരിചരണവും ഇന്നും അവരുടെ ചുമലിലാണെന്നും പുരുഷന്‍മാര്‍ക്ക് മേല്‍ക്കൈ ഉള്ള തരം ജോലികളെ അപേക്ഷിച്ച് സ്ത്രീകളുടേതായ മേഖലകളില്‍ വേതനം കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൈനിക മേഖലയില്‍ ഉയര്‍ന്ന പോസ്റ്റുകളില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍, സൈനിക ജോലികളുടെ കാര്യത്തില്‍ സ്ത്രീ ഉദ്യോഗസ്ഥരെയും പുരുഷ ഉദ്യോഗസ്ഥരെയും ഒരുപോലെ പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നും സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളും വ്യക്തിപരമായ സാഹചര്യങ്ങളും അതിന് തടസ്സം നില്‍ക്കുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അഭിഭാഷകന്‍ ആര്‍ ബാലസുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ വാദിച്ചത്. ഒരു മാസം മുമ്പ് കേരളത്തില്‍ ചുമട്ടുതൊഴിലാളികള്‍ വഹിക്കേണ്ട ഭാരത്തില്‍ കുറവ് വരുത്തിക്കൊണ്ടുള്ള ഒരു നിയമഭേദഗതി പാസ്സാക്കി. പരുഷന്മാര്‍ക്ക് ചുമക്കാവുന്ന ഭാരം 75ല്‍ നിന്ന് 55 കിലോ ആയി കുറച്ച നിയമഭേദഗതി സ്ത്രീകളുടേത് 35 ആയും പരിമിതപ്പെടുത്തുന്നു. എന്തേ സൈനിക ജോലിയിലും ചുമട്ടുതൊഴിലിലും ഭരണനേതൃത്വം പുരുഷനെയും സ്ത്രീയെയും ഒരു പോലെ പരിഗണിക്കാതിരുന്നത്?

2013ലെ ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് ഇന്ത്യക്ക് 101ാം റാങ്കാണുളളത്. വനിതകളുടെ രാഷ്ട്രീയ മേഖലയിലുള്ള അസാന്നിധ്യമാണ് ഇന്ത്യ പിറകിലാകാന്‍ കാരണം. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്ര മോദി വരെ രാജ്യത്ത് ഇതിനകം 14 പ്രധാനമന്ത്രിമാരുണ്ടായി. ഇവരില്‍ നെഹ്‌റു കുടുംബ പാരമ്പര്യത്തിന്റെ ബലത്തില്‍ ഇന്ദിരാ ഗാന്ധി വന്നതൊഴിച്ചാല്‍ മറ്റൊരു വനിതയും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടില്ല. 14 രാഷ്ട്രപതിമാരില്‍ പ്രതിഭാ പാട്ടീല്‍ എന്ന ഏക വനിതയിലൊതുങ്ങി വനിതാ പ്രാതിനിധ്യം. പാര്‍ലിമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടു പിന്നിട്ടെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. ജുഡീഷ്യറിയിലും നന്നേ കുറവാണ് സ്ത്രീപ്രാതിനിധ്യം. ഈ രംഗത്തൊന്നും സ്ത്രീകള്‍ക്കു തുല്യപ്രാതിനിധ്യത്തിനു വേണ്ടി വാദിക്കാന്‍ ആരും രംഗത്തു വരുന്നതായി കാണുന്നില്ല. സ്ത്രീകളുടെ വസ്ത്രധാരണയിലും പൊതുപ്രവേശത്തിലും പരിമിതപ്പെടുകയാണ് സ്ത്രീ സ്വാതന്ത്ര്യത്തെയും ലിംഗസമത്വത്തെയും സംബന്ധിച്ച ചര്‍ച്ചകളെല്ലാം.

കേവല യുക്തിക്കും നമ്മുടെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗസമത്വം എന്ന ആശയം. പുരുഷന്റെയും സ്ത്രീയുടെയും സ്വഭാവവും മനോഭാവവും പെരുമാറ്റ രീതിയുമെല്ലാം വ്യത്യസ്തമാണ് മനഃശാസ്ത്ര വിദഗ്ധരുടെ വീക്ഷണത്തില്‍. ഒരു സംരക്ഷകന്‍ എന്ന ഭാവമാണ് സ്വതവേ പുരുഷന്റെ മനസ്സിനെ നയിക്കുന്നത്. സൗമ്യവും ആര്‍ദ്രവുമാണ് സ്ത്രീകളുടെ മനസ്സ് പൊതുവെ. ഇതൊരു ദൗര്‍ബല്യമല്ല. ജീവിതത്തിന്റെ വ്യത്യസ്തമായ ഒരു ഭാവം മാത്രമാണ്. സ്ത്രീയുടെ ഈ സവിശേഷത അതേപടി നിലനില്‍ക്കുമ്പോഴേ പുരുഷനും സ്ത്രീയും ചേര്‍ന്നുള്ള സമൂഹത്തിന്റെ ജീവിതം പൂര്‍ണവും സന്തോഷപ്രദവുമാകുന്നുള്ളൂ. സ്‌ത്രൈണത ലോകത്തിന് നഷ്ടമാകുന്നതോടെ, മറ്റെന്തെല്ലാ സുഖസൗകര്യങ്ങളുണ്ടെങ്കിലും, ജീവിതം അപൂര്‍ണമായിരിക്കും. അതുകൊണ്ട് സ്ത്രീയെ സ്ത്രീയായി തന്നെ ജീവിക്കാന്‍ അനുവദിക്കുക. ലിംഗസമത്വം പറഞ്ഞ് വസ്ത്രധാരണത്തില്‍ അവള്‍ക്ക് പുരുഷവേഷം അടിച്ചേല്‍പ്പിക്കാതിരിക്കുക. വ്യക്തി സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരേയുള്ള കൈയേറ്റം കൂടിയാണത്.