Connect with us

governor and federalism

ഗവര്‍ണറിസം ഉറഞ്ഞുതുള്ളുമ്പോള്‍

ഗവര്‍ണര്‍ക്ക് പരിമിതമായ വിവേചനാധികാരമേ ഭരണഘടന അനുവദിക്കുന്നുള്ളൂവെന്നോര്‍ക്കാതെ സൂപ്പര്‍മാന്‍ കളിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.

Published

|

Last Updated

ര്‍ എസ് എസ് അജന്‍ഡയിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നകാര്യം വിശദീകരണം ആവശ്യമില്ലാത്തതാണ്. കേരള സര്‍ക്കാറിനെ ലക്ഷ്യമിട്ടു കൊണ്ടുള്ള തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ഇടപെടലുകള്‍ നടത്തി സര്‍വകലാശാലകളിലെ വി സിമാര്‍ രാജിവെച്ചൊഴിയണമെന്നു വരെ അന്ത്യശാസന ഉത്തരവ് ഇറക്കുന്നു. യു ജി സി ചട്ടങ്ങളും സര്‍വകലാശാല നിയമങ്ങളും അനുസരിച്ചാണ് വി സിമാരെ നിയമിക്കുന്നതെന്നും ക്രമക്കേട് ഉണ്ടായാലാണ് നീക്കം ചെയ്യുന്നതെന്നും മറന്നു കൊണ്ടാണ് അദ്ദേഹം രാജിവെച്ചൊഴിയണമെന്ന കല്‍പ്പന പുറപ്പെടുവിച്ചത്.

തന്നിലര്‍പ്പിതമായ കടമകളെയും ഭരണഘടനാ മൂല്യങ്ങളെയും ചവിട്ടിയരച്ചുകൊണ്ടാണ് അദ്ദേഹം ഓരോ വിഷയത്തിലും അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ വായിച്ചുപോലും നോക്കാതെ അതില്‍ ഒപ്പിടില്ലെന്ന് വാശിപിടിക്കുകയാണല്ലോ അദ്ദേഹം ചെയ്തത്. വിവാദങ്ങള്‍ക്കൊടുവില്‍ അദ്ദേഹം ബില്ലുകളില്‍ ഒപ്പിട്ടിട്ടുണ്ട്. നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ അത് പിന്നീട് നിയമസഭയുടേതാണ്. അതിലൊപ്പുവെക്കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ബാധ്യതപ്പെട്ടയാളാണ്. അതിലെന്തെങ്കിലും ക്ലാരിഫിക്കേഷന്‍ ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് ചോദിക്കാം. അല്ലാതെ ഒപ്പിടില്ല എന്നൊന്നും വാശിപിടിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരനുമതിയും നല്‍കുന്നില്ല.

ഗവര്‍ണര്‍ എന്ന പദവിയിലിരിക്കുന്ന ആള്‍ ആ പദവിയെ നിര്‍വചിച്ചുകൊണ്ട് ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പെരുമാറാന്‍ ബാധ്യസ്ഥനാണ്. വിദേശത്ത് നിന്ന് വന്ന ആശയങ്ങളെയും സംവിധാനങ്ങളെയും അംഗീകരിക്കില്ലെന്ന ആര്‍ എസ് എസിന്റെ പ്രാചീന ബോധം വെച്ചുപുലര്‍ത്തുകയാണ് ആരിഫ് മുഹമ്മദ് ഖാനും എന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പാര്‍ലിമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന, ഫെഡറലിസത്തിലധിഷ്ഠിതമായ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഗവര്‍ണറാണെന്ന കാര്യം പോലും മറന്നുപോകുകയാണ് ആരിഫ് ഖാന്‍. പാര്‍ലിമെന്ററി ഡെമോക്രസിയും ക്യാബിനറ്റ് ഫോം ഓഫ് ഡെമോക്രസിയും വിദേശത്ത് നിന്ന് വന്നതാണ്. പ്രത്യേകിച്ച് യൂറോപ്യന്‍ സമൂഹങ്ങളില്‍ ഉദയം ചെയ്ത നവോത്ഥാനത്തിന്റെയും ജനാധിപത്യ വിപ്ലവത്തിന്റെയും തുടര്‍ച്ചയിലാണ് പാര്‍ലിമെന്ററി ജനാധിപത്യ സംവിധാനങ്ങളും ഫെഡറലിസത്തിലധിഷ്ഠിതമായ ദേശരാഷ്ട്രങ്ങളും ആവിര്‍ഭവിച്ചത്. ആര്‍ എസ് എസിനെ പോലെ കേരള ഗവര്‍ണറും വിദേശത്ത് നിന്ന് വന്ന ഈ സംവിധാനങ്ങളെയൊന്നും അംഗീകരിക്കില്ല എന്നാണോ പറയുന്നത്. അദ്ദേഹവും പ്രാചീന കാലത്തെ രാജഭരണവും സാമ്രാജ്യത്വത്തിന്റെ സാമന്തവാഴ്ചയുമാണ് വേണ്ടതെന്നാണ് കരുതുന്നത്. അതില്‍ സംശയമില്ല.

ഇന്ത്യയും അതിന്റെ ഒരു ഫെഡറല്‍ യൂനിറ്റായ കേരളവുമെല്ലാം ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യവും സംസ്ഥാനവുമാണ്. ലിഖിത ഭരണഘടനയുള്ള രാജ്യം. ഫെഡറലിസത്തിലധിഷ്ഠിതമായ യൂനിയന്‍ സ്റ്റേറ്റാണ് ഇന്ത്യ. ഇന്ത്യയുടെ ഭരണഘടന അനുസരിച്ചാണ് സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവര്‍ണര്‍ക്കല്ല. ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് കേന്ദ്രാധികാരത്തിന്റെ അഹന്തയില്‍ അജ്ഞനായിരിക്കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രീകൃത അധികാരത്തെയും ഹിന്ദുമത നിര്‍മിതിയെയും സംബന്ധിച്ച ആര്‍ എസ് എസിന്റെ ആശയങ്ങള്‍ എക്കാലത്തും ഫെഡറലിസത്തിനും ഭരണഘടനക്കും എതിരായിരുന്നുവെന്ന് തിരിച്ചറിയണം. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും ഇന്ത്യയുടെ ഫെഡറല്‍ സമ്പ്രദായത്തെയും ഇല്ലാതാക്കി ഹിന്ദുത്വമെന്ന ഏകാത്മകതയിലേക്ക് രാജ്യത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാനുള്ള അങ്ങേയറ്റം വര്‍ഗീയവും വിധ്വംസകവുമായ നീക്കങ്ങളാണ് സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

എന്താണ് ഇന്ത്യന്‍ ഭരണഘടനയിലെ ഫെഡറലിസത്തെ സംബന്ധിച്ച കാഴ്ചപ്പാട് എന്ന് ഇവിടെ പൊതുവായി പരിശോധിച്ച് പോകേണ്ടതുണ്ട്. ആധുനിക ഭരണഘടനാ തത്ത്വങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫെഡറല്‍ സമ്പ്രദായം. ലോകമെങ്ങും തന്നെ വിവിധ ലക്ഷ്യങ്ങളോടും താത്പര്യങ്ങളോടും പാരമ്പര്യങ്ങളോടും കൂടി ജീവിച്ചുപോരുന്ന ജനസമൂഹങ്ങള്‍ക്ക് പൊതുവായ ലക്ഷ്യങ്ങളും താത്പര്യങ്ങളും തേടാനും പൊതുവായ പാരമ്പര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുമുള്ള സംരംഭത്തില്‍ എത്തിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരേയൊരു രാഷ്ട്രീയ സംഘടനാ മാതൃക അത് മാത്രമാണ്. ഫെഡറല്‍ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യം വൈവിധ്യത്തില്‍ ഏകത്വവും അധികാരങ്ങളുടെ ക്ലിപ്തതയും ഭരണത്തിന്റെ വികേന്ദ്രീകരണവുമാണ്. താന്താങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ പരസ്പരം സ്വതന്ത്രമായ രണ്ട് തരം ഭരണകൂടങ്ങള്‍ തമ്മില്‍ അധികാരം വിഭജിക്കപ്പെടുന്ന സമ്പ്രദായമാണ് അതിന്റെ അടിസ്ഥാന സ്വഭാവവിശേഷം. ഒരു പുതിയ ഐക്യഭാരതത്തിന്റെ ഭരണഘടന വാര്‍ത്തെടുക്കാനുള്ള ശ്രമത്തില്‍ തങ്ങളെ അഭിമുഖീകരിച്ച നിരവധി പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമെന്ന നിലയിലാണ് ഭരണഘടന കര്‍ത്താക്കള്‍ ഫെഡറല്‍ സമ്പ്രദായത്തിലേക്ക് തിരിഞ്ഞത്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പ്രകടമായി കാണപ്പെട്ടിരുന്ന നാനാതരത്തിലുള്ള വൈജാത്യങ്ങളെയും അതിന്റെയെല്ലാം അന്തസ്സത്തയായ ഐക്യത്തെയും അതേപടി നിലനിര്‍ത്തുന്നതിന് അവര്‍ക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു.

ഇന്ത്യയില്‍ ഫെഡറല്‍ സമ്പ്രദായം, 1947 ആഗസ്റ്റ് 15ാം തീയതി നടന്ന അധികാര കൈമാറ്റത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ ഒരു സംഭവവികാസമല്ല. വളരെ വര്‍ഷങ്ങളായി അതിവിടെ നിലവിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പരിമിതമായ രീതിയിലെങ്കിലും അത് പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയെപ്പോലെ വിസ്തീര്‍ണത്തിലും ജനസംഖ്യയിലും മുന്നിട്ടുനില്‍ക്കുന്ന ഒരു രാജ്യത്തിലെ വംശപരവും ഭാഷാപരവും മതപരവുമായ ബാഹുല്യം കൊണ്ട് സങ്കീര്‍ണമായ ഭരണഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് സ്വാഭാവികമായും തിരഞ്ഞെടുക്കാവുന്ന ഒരേ ഒരു മാര്‍ഗമായിരുന്നു ഫെഡറല്‍ സമ്പ്രദായം. എന്നിരുന്നാലും, തങ്ങള്‍ ഈ വഴിക്ക് സ്ഥാപിക്കാനുദ്ദേശിച്ച ഐക്യം സ്ഥായിയായ ഒന്നായിരിക്കണമെന്ന കാര്യത്തില്‍ ഭരണഘടനാ നിര്‍മാതാക്കള്‍ ശ്രദ്ധാലുക്കളായിരുന്നു. ഭരണഘടനയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഐക്യവും വൈജാത്യങ്ങളും തമ്മില്‍ ഭാവിയില്‍ ഒരു സംഘട്ടനം ഉണ്ടാകുകയാണെങ്കില്‍ ഐക്യത്തിനു മുന്‍ഗണന നല്‍കാന്‍ അതുകൊണ്ട് അവര്‍ മുന്‍കരുതലെടുത്തിരുന്നു. മറ്റു തരത്തില്‍ പറഞ്ഞാല്‍, അനശ്വരമായ ഐക്യസ്വഭാവമുള്ള രാഷ്ട്രം സൃഷ്ടിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. രാഷ്ട്രതാത്പര്യങ്ങളെ സാരമായി ബാധിക്കുന്ന ഒട്ടുവളരെ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ മേല്‍ കേന്ദ്രാധികാരത്തിന് മേധാവിത്വം നല്‍കുക വഴിയാണ് അവര്‍ ഇക്കാര്യം സാധിച്ചത്.

ഗവര്‍ണറുടെ അധികാരത്തെയും പദവിയെയും സംബന്ധിച്ച് ഒരു ഹ്രസ്വമായ പരിശോധന നടത്തിപ്പോകാം. “ഗവര്‍ണര്‍ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്. ഗവര്‍ണര്‍ക്ക് നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്ന് ഈ ഭരണഘടനാ അസ്സംബ്ലിയിലെ എല്ലാവര്‍ക്കും അറിയാമെന്ന് ഞങ്ങള്‍ കരടു തയ്യാറാക്കിയ കമ്മിറ്റി കരുതുന്നു. ഒരു പ്രശസ്തമായ പ്രയോഗം കടമെടുക്കുകയാണെങ്കില്‍, ഗവര്‍ണര്‍ക്ക് വിവേചനാധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ല എന്നതാണ്. പുതിയ ഭരണഘടനയുടെ തത്ത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്.’ ഭരണഘടനാ അസ്സംബ്ലിയില്‍ ഗവര്‍ണറെ എങ്ങനെ നിശ്ചയിക്കണമെന്ന ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ടാണ് അംബേദ്കര്‍ ഈ വിശദീകരണം നടത്തുന്നത്.

മൂന്ന് നിലപാടുകള്‍ ചര്‍ച്ചകളില്‍ അംഗങ്ങള്‍ സ്വീകരിച്ചിരുന്നു. ചിലര്‍ ഗവര്‍ണര്‍ എന്ന പദവി തന്നെ വേണ്ടെന്ന നിലപാടുകാരായിരുന്നു. ഭരണഘടനാ ജനാധിപത്യത്തിലേക്ക് രാജ്യം പ്രവേശിക്കുമ്പോള്‍ കോളനിയായിരുന്ന കാലത്തെ കാഴ്ചപ്പാടുകളില്‍ നിന്ന് വിമുക്തി നേടണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. നിശ്ചിത യോഗ്യതയുള്ള വ്യക്തിയെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യണമെന്നതായിരുന്നു ഭരണഘടനാ കമ്മിറ്റിക്കു വേണ്ടി മുന്നോട്ടുവെച്ച നിര്‍ദേശം. ബ്രജേശ്വര്‍ പ്രസാദ് മറ്റൊരു ഭേദഗതി നിര്‍ദേശിച്ചു. പ്രവിശ്യകളിലെ (സംസ്ഥാനങ്ങളിലെ) നിയമസഭകള്‍ നിര്‍ദേശിക്കുന്ന പാനലില്‍ നിന്ന് വേണം നാമനിര്‍ദേശം നടത്താനെന്നതായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി. മറ്റു ചില അംഗങ്ങളും സമാനമായ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനു തന്നെയായിരിക്കണം ഗവര്‍ണറെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സവിശേഷമായ മുന്‍കൈ ഉണ്ടാകേണ്ടതെന്നതായിരുന്നു ഈ നിലപാട്.

ചിലര്‍ നോമിനേഷന്‍ സംവിധാനത്തിലൂടെ ഗവര്‍ണറെ നിയമിക്കാന്‍ പാടില്ലെന്ന നിലപാടുകാരായിരുന്നു. ഗവര്‍ണര്‍ വേണമെന്നാണ് തീരുമാനമെങ്കില്‍ അത് വോട്ടെടുപ്പിലൂടെ ആകാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അങ്ങനെ പണം ചെലവഴിച്ച് തിരഞ്ഞെടുപ്പ് നടത്തി ഗവര്‍ണറെ നിശ്ചയിക്കുന്നത് പാഴ്ച്ചെലവല്ലേ എന്ന മറുവാദം മറ്റു ചില അംഗങ്ങളും ഉന്നയിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് അംബേദ്കര്‍ നടത്തിയ പരാമര്‍ശം നര്‍മം കലര്‍ന്നതായിരുന്നു. അങ്ങേയറ്റം ആലങ്കാരികമായ ഈ പദവിയിലേക്ക് മത്സരിക്കാന്‍ അപൂര്‍വം വ്യക്തികളല്ലേ തയ്യാറാകുകയുള്ളൂ എന്നാണ് അദ്ദേഹം ചോദിച്ചത്. ഒന്നുകൂടി അദ്ദേഹം വ്യക്തമാക്കി: “പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഒരു നയത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഗവര്‍ണര്‍ അങ്ങനെയല്ല; അദ്ദേഹത്തിന് ഒരു നയവുമില്ല, അധികാരവുമില്ല. ഗവര്‍ണറുടെ അധികാരങ്ങള്‍ വളരെ പരിമിതവും നാമമാത്രവുമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത് ആലങ്കാരികമാണ്.’ വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രസിഡന്റിന് ഗവര്‍ണറെ നാമനിര്‍ദേശം ചെയ്യാമെന്ന നിര്‍ദേശം തന്നെ അംഗീകരിച്ചു.

ഗവര്‍ണറുടെ അധികാരങ്ങളെ സംബന്ധിച്ചും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ അസ്സംബ്ലിയിലുണ്ടായി. യഥാര്‍ഥത്തില്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്ന ചോദ്യത്തിന് ഉത്തരമായി ഉപയോഗിച്ച വാക്കുകളെയും വാചക ഘടനയെയും കുറിച്ചുവരെ സംവാദങ്ങളുണ്ടായി. പ്രവിശ്യകളിലെ നേതാക്കള്‍ക്ക് പക്വതയാകുന്നതേയുള്ളൂ. അതുകൊണ്ട് ഗവര്‍ണര്‍ക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് ചിലര്‍ വാദിച്ചു. യഥാര്‍ഥത്തില്‍ ഇന്ത്യക്കാര്‍ക്ക് ഭരിക്കാന്‍ പക്വതയായിട്ടില്ലെന്നും അതുകൊണ്ട് പൂര്‍ണസ്വരാജ് നല്‍കേണ്ടതില്ലെന്നുമുള്ള ബ്രിട്ടന്റെ വാദത്തിന്റെ തനിപ്പകര്‍പ്പായിരുന്നു ഇത്. അത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് അംബേദ്കര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ ഒന്നും തന്നെയില്ലെന്നും കടമകളാണ് ഉള്ളതെന്നും അംബേദ്കര്‍ വ്യക്തമാക്കി. ഏതെല്ലാം കാര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് വിവേചനപരമായി തീരുമാനമെടുക്കാമെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണര്‍ക്ക് പരിമിതമായ വിവേചനാധികാരമേ ഭരണഘടന അനുവദിക്കുന്നുള്ളൂവെന്നോര്‍ക്കാതെ സൂപ്പര്‍മാന്‍ കളിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ചേ തനിക്ക് പ്രവര്‍ത്തിക്കാനാകൂവെന്ന കാര്യം മറന്ന് സംഘ്പരിവാറിന് വേണ്ടി ചുടുചോറ് വാരുകയാണ് ഗവര്‍ണര്‍.

---- facebook comment plugin here -----

Latest