Connect with us

National

സെൻസർഷിപ്പ്: കലാ സ്വാതന്ത്ര്യത്തെ നിയമവുമായി യോജിപ്പിക്കുന്നേയുള്ളൂവെന്ന് കേന്ദ്രം

രാജ്യസഭയിൽ ചോദ്യങ്ങളുയർത്തി അഡ്വ. ഹാരിസ് ബീരാൻ എം പി

Published

|

Last Updated

ന്യൂഡൽഹി | സെൻസർഷിപ്പും സർട്ടിഫിക്കേഷനും ഉപയോഗിച്ച് വേട്ടയാടൽ തുടരുന്ന സിനിമാ മേഖലയിലെ ആവിഷ്കാര സ്വാതന്ത്രത്തെ കുറിച്ച് രാജ്യസഭയിൽ അഡ്വ. ഹാരിസ് ബീരാൻ എം പി ചോദ്യം ഉന്നയിച്ചപ്പോൾ കലാസ്വാതന്ത്ര്യവും നിയമവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പിക്കുക മാത്രമാണ് കേന്ദ്ര സർക്കാറും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും ചെയ്യുന്നുള്ളൂവെന്ന് മറുപടി നൽകി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ മുരുഗൻ. അഭിഭാഷകൻ കൂടിയായ അഡ്വ. ഹാരിസ് ബീരാൻ അടുത്തിടെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെ എസ് കെ)യുടെ നിർമാതാക്കളെ പ്രതിനിധീകരിച്ച് കേരള ഹൈക്കോടതിയിൽ ഹാജരായിരിന്നു.

തുടർന്നാണ് സി ബി എഫ്‌ സിയുടെ അതിരുകടക്കലിനെ ചോദ്യം ചെയ്ത കേരള ഹൈക്കോടതിയുടെ സമീപകാല വാക്കാലുള്ള നിരീക്ഷണങ്ങളെ പരാമർശിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) പ്രകാരം സിനിമാക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ അവതരിപ്പിക്കാൻ കേന്ദ്രസർക്കാറിന് പദ്ധതിയുണ്ടോയെന്ന് ബീരാൻ ചോദിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ്‌ സി) ക്രിയേറ്റീവ് സ്റ്റോറി ടെല്ലിംഗിൽ വർധിച്ചുവരുന്ന ഇടപെടലിനെക്കുറിച്ച് അദ്ദേഹം സഭയിൽ ആശങ്ക ഉന്നയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യവും കലാപരമായ ആവിഷ്‌കാര സ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശമാണെന്നും എന്നാൽ ആർട്ടിക്കിൾ 19(2) പ്രകാരം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടുള്ള ഒന്നാണെന്നും കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ  പറഞ്ഞു.
ഉള്ളടക്കത്തിൻ്റെ സമഗ്രമായ വിലയിരുത്തലിൻ്റെയും അതിൻ്റെ സാമൂഹിക സ്വാധീനത്തിൻ്റെയും അടിസ്ഥാനത്തിലാണ് സി ബി എഫ്‌ സി പൊതു പ്രദർശനത്തിനായി സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്. നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം സൃഷ്ടിപരമായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest