Connect with us

pattuvam usthad

പട്ടുവം ഉസ്താദിനെ അൽ മഖർ ആദരിക്കുമ്പോൾ

ഓർമയായ കൻസുൽ ഉലമക്കും പി കെ അബൂബക്കർ മുസ്‌ലിയാർക്കും ഒപ്പം എന്നും എഴുതി വെക്കേണ്ട പേരാണ് പട്ടുവം അബൂബക്കർ മുസ്‌ലിയാരുടേത്.

Published

|

Last Updated

സുന്നി പ്രാസ്ഥാനിക രംഗത്ത് അരനൂറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള കരുത്തുറ്റ നേതൃത്വമാണ് പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ. സംഘടനാ വേദികളിലെ ആവേശകരമായ പ്രഭാഷണവും പ്രായത്തെ തോൽപിച്ച ഔത്സുക്യവും കർമനിരതയുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. നാട്ടുകാരൻ കൂടിയായ കൻസുൽ ഉലമാ ചിത്താരി കെ പി ഹംസ മുസ്‌ലിയാരുടെ കൂടെ ചെറിയ പ്രായത്തിൽ തന്നെ നാട്ടിൽ സാമൂഹിക സംഘടനാ രംഗത്ത് സജീവമായി. പ്രാദേശികമായി ഉണ്ടാക്കിയ വിദ്യാർഥി സംഘടനയിലൂടെ ഒന്നിച്ചുവളർന്ന് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പരിചയമുണ്ടാക്കി. ചിത്താരി ഉസ്താദിനോടൊപ്പം പ്രസ്ഥാനിക രംഗത്തും തുടർന്ന് അൽ മഖറിന്റെ പിറവിക്കും വളർച്ചക്കും വേണ്ടി കഠിനാധ്വാനം ചെയ്തു. നാടുകാണിയിലെ വിശാലമായ മരുപ്പറമ്പ് ഇന്ന് വിജ്ഞാനത്തിന്റെ നഗരിയായി അൽ മഖർ വളർന്ന് വലുതായി. 33ന്റെ നിറവിൽ അൽ മഖർ ജ്വലിച്ചു നിൽക്കുമ്പോൾ ഓർമയായ കൻസുൽ ഉലമക്കും പി കെ അബൂബക്കർ മുസ്‌ലിയാർക്കും ഒപ്പം എന്നും എഴുതി വെക്കേണ്ട പേരാണ് പട്ടുവം അബൂബക്കർ മുസ്‌ലിയാരുടേത്.

1970കളിൽ സുന്നി പ്രാസ്ഥാനികരംഗത്ത് ഒരു നിയോഗമായാണ് ഉസ്താദ് കടന്നുവരുന്നത്. അന്നത്തെ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി കുട്ടിഹസൻ ഹാജി സാഹിബിന്റെ പ്രഭാഷണങ്ങളിൽ നിന്നായിരുന്നു വലിയ പ്രചോദനം. വടക്കൻ കേരളത്തിൽ പ്രഭാഷണങ്ങൾക്കെത്തിയിരുന്ന കുട്ടിഹസൻ ഹാജി തന്റെ പ്രസംഗം കഴിഞ്ഞാൽ അവിടെയുള്ള ചെറുപ്പക്കാരെ ഒരുമിച്ചുകൂട്ടി എസ് വൈ എസിന് യൂനിറ്റ് കമ്മിറ്റി ഉണ്ടാക്കുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ സംഘടനാ രംഗത്തെത്തിയ പട്ടുവം ഉസ്താദ് ആ മാതൃകയിൽ സംഘടനക്ക് ധാരാളം യൂനിറ്റ് കമ്മിറ്റികൾ രൂപവത്കരിക്കാനും ശ്രദ്ധിച്ചു. അതു വഴി സംഘടനയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി പ്രവർത്തിച്ചു. അവിഭക്ത കണ്ണൂർ ജില്ലയിൽ സമസ്തക്കും എസ് വൈ എസിനും വേരിറക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതിന് നേതാക്കൾക്കൊപ്പം ശ്രമകരമായ ദൗത്യമാണ് അദ്ദേഹം നിർവഹിച്ചത്.

ദർസ് പഠനത്തിന് ശേഷം സജീവ സേവനത്തിനിറങ്ങിയപ്പോൾ മഹല്ലുകളെ പുനർനിർമിക്കുന്നതിലും വ്യവസ്ഥാപിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു പ്രദേശത്തെ ഇസ്‌ലാമിക പ്രബോധനത്തിനും സംഘാടനത്തിനും സ്വീകരിക്കേണ്ട പ്രായോഗിക മാർഗങ്ങൾ എന്തൊക്കെയാണെന്ന് നീണ്ട പരിചയത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ അദ്ദേഹം കാണിച്ചു തന്നു.

ആശയാദർശത്തിൽ ഒരു നിലക്കും വിട്ടുവീഴ്ച ചെയ്തില്ല. സാഹചര്യങ്ങൾക്കനുസരിച്ച് ദീൻ പറയുന്ന ശീലവും തീരെയില്ല. മുതലാളിമാർക്കും രാഷ്ട്രീയമേലാളൻമാർക്കും മുമ്പിൽ മതവും നിയമവും എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. ഒരിക്കലും പ്രകോപനം കൊണ്ടില്ല. പുഞ്ചിരിയോടെ എല്ലാത്തിനോടും പ്രതികരിച്ചു. മഹല്ല് കാരണവൻമാരെയും ബഹുജനങ്ങളെയും ഒരു പോലെ തന്നോടൊപ്പം ചേർത്തു നിർത്തി.

മർഹൂം ചിത്താരി ഉസ്താദിന്റെ നേതൃത്വത്തിൽ അഭിമാനമായി വളർന്ന തളിപ്പറമ്പ് അൽ മഖറുസ്സുന്നിയ്യയുടെ 33ാം വാർഷിക സനദ് ദാന സമ്മേളനം ഇന്ന് സമാപിക്കുമ്പോൾ ഒരു ആദരവിന്റെ ചടങ്ങ് വേദിയെ ശ്രദ്ധേയമാക്കുകയാണ്. ദീർഘകാലത്തെ സംഘടനാ പ്രവർത്തനത്തിനും സേവനത്തിനുമുള്ള അംഗീകാരമായി പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാരെ അൽ മഖർ ആദരിക്കുന്നു. അറിവനുഭവങ്ങളുടെ അരനൂറ്റാണ്ട് കാലം ഈ പ്രസ്ഥാനത്തെ കരുത്തോടെ നയിച്ചതിന് അദ്ദേഹത്തോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. അതു കൊണ്ട് തന്നെ അദ്ദേഹം ആദരിക്കപ്പെടുന്നതിൽ അതിയായ സന്തോഷവും അതിലേറെ ചാരിതാർഥ്യവുമുണ്ട്.

Latest