Connect with us

Editors Pick

ട്രോളിംഗ് നിരോധനം എന്ത് , എന്തിന് ?

അയല, മത്തി തുടങ്ങിയ ചില ഇനം മത്സ്യങ്ങളുടെ പ്രജനനസമയമായ മണ്‍സൂണ്‍ കാലത്താണ് ഈ നിരോധനം ഏര്‍പ്പെടുത്തുന്നത്.

Published

|

Last Updated

ജൂണ്‍ 9ന് അര്‍ധരാത്രി മുതല്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ജൂലൈ 31 അര്‍ധരാത്രി വരെയായി 52 ദിവസം നിരോധനം നീണ്ടുനില്‍ക്കും. പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും മാത്രമേ കടലില്‍ പോകാന്‍ നിലവില്‍ അനുവാദമുള്ളൂ.

എന്താണ് ട്രോളിംഗ് ?

പരന്ന കോരുവല ഉപയോഗിച്ച് കടലില്‍ നിന്നും മത്സ്യബന്ധനം നടത്താനുള്ള ജലവാഹനമാണ് ട്രോളര്‍. ഇതുപയോഗിച്ച് നടത്തുന്ന മത്സ്യബന്ധന രീതിയെ ട്രോളിങ് എന്നു പറയുന്നു. ട്രോള്‍ എന്നപേരിലുള്ള വലയ്ക്ക് ഏതാണ്ട് കുടയുടെ ആകൃതിയാണ്. സമുദ്രത്തിന്റെ അടിത്തട്ടിനടുത്തുകൂടെയാവും വല മിക്കപ്പോഴും വലിച്ചു നീക്കുക. തന്മൂലം ആഴക്കടൽ മത്സ്യങ്ങളെ പിടിക്കാൻ ഏറ്റവും അനുയോജ്യമായ രീതി ട്രോളിങ് ആണ്.

എന്തിനാണ് ജൂണ്‍ മാസത്തില്‍ ഇത് നിരോധിക്കുന്നത് ?

അയല, മത്തി തുടങ്ങിയ ചില ഇനം മത്സ്യങ്ങളുടെ പ്രജനനസമയമായ മണ്‍സൂണ്‍ കാലത്താണ് ഈ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വന്‍തോതില്‍ മത്സ്യബന്ധനം (ട്രോളിങ്) നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ പിറവി എടുക്കാതെ പോകുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും ചെയ്യും. ഇതാണ് ഈ സമയത്ത് ട്രോളിങ് നിരോധിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം .

മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുവാനും അതു വഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാര്‍ഗ്ഗം ഉറപ്പുവരുത്തുകയും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവര്‍ദ്ധനവ് നടപ്പിലാക്കുവാനും ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടിയാണ് ട്രോളിങ്നിരോധനം. 1988 – ലാണ് സര്‍ക്കാര്‍ ഈ നിരോധനം ഇന്ത്യയില്‍ നടപ്പിലാക്കിത്തുടങ്ങിയത്. തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യം കൊല്ലം തീരത്താണ് നിരോധനം പ്രാബല്യത്തില്‍ വരുത്തിയത്. തുടര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തില്‍ നിന്നൊഴിവാക്കുന്ന കേരളാ വര്‍ഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ല്‍ ആണ് നിലവില്‍ വന്നത് . എന്നാല്‍ പലപ്പോഴും അന്യസംസ്ഥാന ബോട്ടുകളും മറ്റു സ്വകാര്യ മത്സ്യബന്ധന കമ്പനികളും ഈ നിയമം ലംഘിക്കുന്നു . ഇതുകാരണം പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ വെച്ച് ഇവരുമായി തര്‍ക്കങ്ങളുണ്ടാവാറുമുണ്ട് , പെയര്‍ ട്രോളിംഗ് ഉപയോഗിച്ചുള്ള ഇത്തരം മത്സ്യബന്ധനങ്ങള്‍ മത്സ്യങ്ങളെ വംശനാശം വരുത്തുവാന്‍ ഇടയാക്കും.

എന്താണ് പെയര്‍ ട്രോളിംഗ് ?.

കടലില്‍ മത്സ്യസമ്പത്തിനു വിനാശം വിതയ്ക്കുന്നതാണു പെയര്‍ ട്രോളിങ് . ഇരട്ടവലകളാണിതിന് ഉപയോഗിക്കുന്നത് . നിരോധിച്ച പെലാജിക് ഡബിള്‍നെറ്റ് വല ഉപയോഗിച്ചു രണ്ടു ബോട്ടുകാര്‍ ചേര്‍ന്ന് നടത്തുന്ന മീന്‍പിടിത്ത രീതിയാണിത്. ഇരുന്നൂറോളം മീറ്റര്‍ നീളമുള്ള വല ഉപയോഗിച്ചു കടലിന്റെ ഉപരിതലത്തിലൂടെയുള്ള മീന്‍പിടിത്തത്തില്‍ മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും എല്ലാം വലയിലകപ്പെടുകയും മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യുന്നു.

കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച പെലാജിക് വല ഉപയോഗിച്ചുള്ള മീന്‍പിടിത്തം കുറ്റകരമാണ്. പെലാജിക് വല ഉപയോഗിക്കുന്ന ബോട്ടുകള്‍ കണ്ടുകെട്ടാനും 2.5 ലക്ഷം രൂപ വരെ പിഴ അടയ്ക്കാനും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. വലകള്‍ കണ്ടുകെട്ടാനും നിയമമുണ്ട്. എന്നാല്‍ രാത്രി കാലങ്ങളിലാണ് ബോട്ടുകള്‍ കടലില്‍ ഡബിള്‍ നെറ്റ് വലിക്കുന്നത്. പ ലപ്പോഴും പരാതിപ്പെട്ടാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയുമുണ്ട്.