Connect with us

Articles

എന്താണ് നീതിപീഠത്തിന്റെ മുന്‍ഗണനകള്‍?

പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കല്‍, കര്‍ണാടകയിലെ ഹിജാബ് വിലക്ക്, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയവക്കെതിരെ സമര്‍പ്പിക്കപ്പെട്ട അനേകം ഹരജികളില്‍ വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുപോകുന്നു. പുതിയ ഇന്ത്യയില്‍ പൗരത്വത്തിന് മതം മാനദണ്ഡമാകുകയാണോ എന്ന ആധി സാമൂഹികാന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കുമ്പോഴും അതിലൊന്നും തീര്‍പ്പ് കല്‍പ്പിക്കാത്ത നീതിപീഠം മറ്റു ചില ഹരജികളില്‍ വേഗമുള്ള വിചാരണയും വിധിതീര്‍പ്പും നടത്തുന്നു.

Published

|

Last Updated

2017 ആഗസ്റ്റ് 13 മുതല്‍ 2018 ഒക്ടോബര്‍ രണ്ട് വരെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നു ദീപക് മിശ്ര. അക്കാലം കോളിളക്കം സൃഷ്ടിച്ച വിധികള്‍ക്കും വിവാദ ഇടപെടലുകള്‍ക്കും സുപ്രീം കോടതി സാക്ഷ്യം വഹിച്ചു. രണ്ട് തവണയാണ് അദ്ദേഹം അര്‍ധ രാത്രിക്ക് ശേഷം അസാധാരണ സിറ്റിംഗിന് ഇരുന്നത്. അതിലൊന്ന് മുഖ്യ ന്യായാധിപ പദവിയിലെത്തുന്നതിന് മുമ്പായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2015 ജൂലൈ മുപ്പതിന്. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ചില ആക്ടിവിസ്റ്റുകള്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു പുലര്‍ച്ചെ മൂന്നിന് ശേഷം ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി മൂന്നംഗ ബഞ്ച് അടിയന്തര വിചാരണ നടത്തിയത്. യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ടുള്ള വിധി അഞ്ച് മണിയോടെ പുറപ്പെടുവിച്ചു ദീപക് മിശ്ര.

2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പാനന്തരം ബി ജെ പിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ബി എസ് യെദിയുരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ വജുഭായ് വാല ക്ഷണിച്ചു. കോണ്‍ഗ്രസ്സും ജെ ഡി എസ്സും സഖ്യം പ്രഖ്യാപിച്ചത് പരിഗണിക്കാതെയായിരുന്നു ഗവര്‍ണറുടെ നടപടി. അതിനെതിരെ കോണ്‍ഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചതില്‍ അര്‍ധ രാത്രിക്ക് ശേഷം അടിയന്തര സിറ്റിംഗ് നടത്തി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര. പക്ഷേ യെദിയുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ന്യായാധിപര്‍ സുപ്രീം കോടതിക്ക് പുറത്ത് പത്രസമ്മേളനം നടത്തിയ സംഭവവും മുഖ്യ ന്യായാധിപ പദവിയിലെ മിശ്രക്കാലത്തുണ്ടായി. 2018 ജനുവരി പന്ത്രണ്ടിനായിരുന്നു അത്. സുപ്രീം കോടതിയില്‍ ന്യായാധിപര്‍ക്ക് കേസുകള്‍ നിര്‍ണയിച്ചു കൊടുക്കുന്ന രീതി സുതാര്യമല്ലാതായിരിക്കുന്നു എന്നതായിരുന്നു പത്രസമ്മേളനം നടത്തിയ ന്യായാധിപ പ്രമുഖര്‍ ഉന്നയിച്ച പ്രധാന പ്രശ്നം. കേന്ദ്ര സര്‍ക്കാറിന് നിര്‍ണായകമായ നിയമ വ്യവഹാരങ്ങളില്‍ പലതും സീനിയോരിറ്റിയില്‍ ജൂനിയറായ അരുണ്‍ മിശ്ര നേതൃത്വം നല്‍കുന്ന ബഞ്ചിന് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നിര്‍ണയിച്ചു കൊടുക്കുന്നതിലായിരുന്നു മുതിര്‍ന്ന ന്യായാധിപര്‍ കലഹം കൂട്ടിയതെന്ന് പിന്നീട് വെളിപ്പെടുകയും ചെയ്തു. സുപ്രീം കോടതി ന്യായാധിപനായിരിക്കെ തന്നെ പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാറിനോടുമുള്ള തന്റെ വിധേയത്വവും താത്പര്യവും തുറന്നുപറയാന്‍ മടി കാണിക്കാത്ത ആളായിരുന്നു അരുണ്‍ മിശ്ര.

സുപ്രീം കോടതിയിലെ മുഖ്യ ന്യായാധിപ പദവിക്കാലത്തെ നീതിദീക്ഷയില്ലാത്ത ഇടപെടലുകളുടെ പേരില്‍ ഇരുട്ടില്‍ നില്‍ക്കേണ്ടി വന്നു ദീപക് മിശ്രക്ക്. ഭരണകൂടത്തിന് നിര്‍ണായകമായ നിയമ വ്യവഹാരങ്ങളില്‍ പരോക്ഷമായി ഭരണകൂട ഇംഗിതത്തിനൊപ്പം നില്‍ക്കാനും പലപ്പോഴും രാജ്യത്തെ പൗരന്‍മാരെ കാര്യമായി ബാധിക്കുന്ന ഹരജികള്‍ തൊടാതിരിക്കാനുമുള്ള ‘ജാഗ്രത’ കാണിച്ചു അദ്ദേഹം. അപ്പോഴും അത്രമേല്‍ പൗരാവകാശ പ്രധാനമല്ലാത്ത ഹരജികള്‍ വിചാരണക്കെടുത്ത് ‘ഞെട്ടിക്കുന്ന’ വിധികള്‍ പ്രഖ്യാപിക്കാന്‍ സമയം കണ്ടെത്തി ദീപക് മിശ്ര. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലെന്ന വിധി അവ്വിധം അടയാളപ്പെടുത്തിയതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രസ്തുത വിധിയിലേക്കെത്തിയത്. വിരമിക്കുന്നതിന് കുറച്ച് മുമ്പ് മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് പ്രശ്നവത്കരിക്കുന്ന വ്യഭിചാരക്കുറ്റം ഭരണഘടനാവിരുദ്ധമാണെന്ന വിധിയുടെ കാര്‍മികനായി ദീപക് മിശ്ര മാറുന്നത്. ഭരണഘടന മുന്നോട്ടുവെക്കുന്ന പ്രധാന മൗലികാവകാശങ്ങളിലൊന്നായ തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസ്തുത വിധിതീര്‍പ്പ് നടത്തിയത്. ഭരണകൂടത്തിന്റെ അനിഷ്ടം കൈവരാനിടയുള്ള വിധികളിലേക്ക് കടക്കാതിരുന്നോ രാജ്യത്തെ ജനസാമാന്യത്തെ നിര്‍ണായകമായി ബാധിക്കുന്ന നിയമ വ്യവഹാരങ്ങളെ അവഗണിച്ചോ മുന്നോട്ടുപോകുന്നു. അതേസമയം മറ്റൊരു വിധത്തില്‍ പൗരാവകാശത്തിന്റെ മിശിഹയാകാനുള്ള ശ്രമം നടത്തുന്നു. അതായിരുന്നു ദീപക് മിശ്രക്ക് നേരിടേണ്ടി വന്ന വലിയ ആക്ഷേപമെങ്കില്‍ സമാന ചിത്രം വര്‍ത്തമാനകാലത്ത് സുപ്രീം കോടതിയില്‍ നിന്ന് കണ്ടുവരുന്നുണ്ട്.

രാജ്യത്തെ പൗരന്‍മാരെ പൊതുവിലും ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ചും ബാധിക്കുക വഴി മൗലികാവകാശ പ്രധാനമായ ഹരജികള്‍ കോള്‍ഡ് സ്റ്റോറേജില്‍ നിര്‍ത്തി തിരഞ്ഞെടുത്ത ഹരജികള്‍ കേള്‍ക്കുന്നത് ശീലമാകുക തന്നെയാണെന്ന് വേണം മനസ്സിലാക്കാന്‍. ഭരണഘടനാവിരുദ്ധവും പൗരാവകാശ നിഷേധവുമായ ഭരണകൂട നടപടികളില്‍ നീതിന്യായ പരിശോധന നടത്തി ഭരണകൂട അനിഷ്ടം വാങ്ങിവെക്കുന്ന വിധത്തിലുള്ള വിധിതീര്‍പ്പ് നടത്താതെ നോക്കാം. അപ്പോള്‍ തന്നെ ചില പ്രത്യേക ഹരജികള്‍ പരിഗണിച്ചുകൊണ്ട് മൗലികാവകാശങ്ങള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കുന്നു നീതിപീഠം എന്ന ചിത്രം രൂപപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം പൗരത്വം മുതല്‍ ജീവിക്കാനുള്ള അവകാശം വരെ നിഷേധിക്കപ്പെടുന്നിടത്ത് അവധാനതയോടെ ഇടപെടാന്‍ എന്തുകൊണ്ടോ ന്യായാസനങ്ങള്‍ തയ്യാറാകുന്നുമില്ല. ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ ഭരണഘടനാപരമായി പരിശോധിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുന്നോട്ടുവന്നത് തന്റെ അധ്യക്ഷതയില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് രൂപവത്കരിച്ചുകൊണ്ടാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിന് തദ്വിഷയികമായ ഹരജിയില്‍ വിചാരണ ആരംഭിക്കുകയും ചെയ്തു, നല്ലത് തന്നെ. നീതിപീഠത്തിലെത്തുന്ന ഒറ്റ നിയമ വ്യവഹാരവും വിചാരണക്കെടുക്കാതെ അനന്തമായി നീട്ടിവെക്കുകയല്ലല്ലോ വേണ്ടത്. എത്രയും വേഗം വിചാരണ നടത്തി അന്തിമ വിധി പ്രഖ്യാപിക്കലാണ് യഥാര്‍ഥ നീതി.

പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കല്‍, കര്‍ണാടകയിലെ ഹിജാബ് വിലക്ക്, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയവക്കെതിരെ സമര്‍പ്പിക്കപ്പെട്ട അനേകം ഹരജികളില്‍ വര്‍ഷങ്ങള്‍ പലതും കഴിഞ്ഞുപോകുന്നു. പുതിയ ഇന്ത്യയില്‍ പൗരത്വത്തിന് മതം മാനദണ്ഡമാകുകയാണോ എന്ന ആധി സാമൂഹികാന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കുമ്പോഴും അതിലൊന്നും തീര്‍പ്പ് കല്‍പ്പിക്കാത്ത നീതിപീഠം മറ്റു ചില ഹരജികളില്‍ വേഗമുള്ള വിചാരണയും വിധിതീര്‍പ്പും നടത്തുന്നു. അതുവഴി പൗരാവകാശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നു ഈ കോടതി എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ ആത്യന്തികമായി നമ്മുടെ ഭരണഘടന ദുര്‍ബലപ്പെടുക മാത്രമാണ് ഭരണഘടനയോട് നേര്‍ക്കുനേര്‍ വന്നുനില്‍ക്കുന്ന നിര്‍ണായക സമസ്യകളെ നീതിപീഠം അരികിലേക്ക് മാറ്റിനിര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ സംഭവിക്കുന്നത്.