Ongoing News
ഇതെന്ത് നട്ടുച്ചപ്പിരാന്ത്?
സുലൈമാൻ സേട്ട് മുസ്ലിം ലീഗിന് എന്ന് മുതൽക്കാണ് പ്രിയങ്കരനായത്? കഴിഞ്ഞ 27 കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും സേട്ട് സാഹിബിന്റെ പേര് നാലാൾ കേൾക്കെ ലീഗുകൾ ഉച്ചരിച്ചിട്ടില്ല.

പാർട്ടിയുടെ ചരിത്രത്തിലെന്നല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ തന്നെ അനിതരസാധാരണമായ ഒരു അവസ്ഥാവിശേഷത്തെ അഭീമുഖീകരിക്കുകയാണ് കേരളത്തിലെ മുസ്ലിം ലീഗെന്നും അതിന്റെ ദേശീയാധ്യക്ഷൻ ഇബ്രാഹീം സുലൈമാൻ സേട്ട് പാർട്ടിയെ നശിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുകയും അതിന്റെ ശത്രുക്കളുമായി സഖ്യം കൂടിയിരിക്കുകയുമാണെന്നുമുള്ള കുറ്റങ്ങൾ ചുമത്തി ചവുട്ടിപ്പുറത്താക്കിയ സേട്ടിന്റെ നൂറാം ജന്മവാർഷികം ഒരുവർഷം നീളുന്ന പരിപാടികളുമായി കൊണ്ടാടാൻ കോഴിക്കോട്ട് ചേർന്ന മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരിക്കുന്നുവെന്ന വാർത്ത കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിയെന്ന് ഐ എൻ എൽ സംസ്ഥാന ജന.സെക്രട്ടറി കാസ്സിം ഇരിക്കൂർ. ജന്മശതാബ്ദി കൊണ്ടാടുന്നത് പോയിട്ട്, ഇബ്രാഹീം സുലൈമാൻ സേട്ട് എന്ന് പേരുച്ചരിക്കാൻ പോലും മുസ്ലിം ലീഗ് നേതൃത്വത്തിന് അവകാശമില്ലെന്നും സേട്ടിനെ ഓർക്കാൻ ഇപ്പോൾ നിർബന്ധിതരായത് പ്രതിസന്ധിയുടെ തമോഗർത്തിൽ ആപതിച്ച് കൈകാലിട്ടിടക്കുമ്പോൾ ഒരാശ്വാസമാകും എന്ന ചിന്ത കൊണ്ടാവണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
‘‘The Kerala State Muslim League is facing a situation which is unique only in its history, but the history of all political movements. Its national president, Janab Ebrahi Sulaiman Sait is engaged in destroying the party and allied himself with its enemies. Muslim League can fight its external enemies whoever they may be but it is very difficult for it to face a situation when national president has wield at cudgel to beat the party. For the national president Janab Ebrahim Sulaiman Sait , the Babari Masjid issue was only a pretext to destruct the Kerala state Muslim League and encourage its political rivals to tarnish its image……..’’ പാർട്ടിയുടെ ചരിത്രത്തിലെന്നല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ തന്നെ അനിതരസാധാരണമായ ഒരു അവസ്ഥാവിശേഷത്തെ അഭീമുഖീകരിക്കുകയാണ് കേരളത്തിലെ മുസ്ലിം ലീഗ്. അതിന്റെ ദേശീയാധ്യക്ഷൻ ഇബ്രാഹീം സുലൈമാൻ സേട്ട് പാർട്ടിയെ നശിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുകയും അതിന്റെ ശത്രുക്കളുമായി സഖ്യം കൂടിയിരിക്കുകയുമാണ്. ശത്രു ആരായാലും അവർ പുറത്തുള്ളവരാണെങ്കിൽ മുസ്ലിം ലീഗിന് എളുപ്പത്തിൽ നേരിടാൻ സാധിച്ചേനെ; എന്നാൽ അതിന്റെ ദേശീയ പ്രസിഡൻറ് തന്നെ പാർട്ടിക്ക് പ്രഹരമേൽപിക്കാനുള്ള ശ്രമങ്ങൾക്ക് കടിഞ്ഞാൺ പിടിക്കുമ്പോൾ അതിനെ നേരിടുക വളരെ പ്രയാസമാണ്. ഇബ്രാഹീം സുലൈമാൻ സേട്ടിനെ സംബന്ധിച്ചിടത്തോളം ബാബരി മസ്ജിദ് പ്രശ്നം കേരള സംസ്ഥാന മുസ്ലിം ലീഗിനെ തകർക്കാനും, പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുള്ള പ്രതിയോഗികളുടെ ശ്രമങ്ങൾക്ക് പ്രോൽസാഹനം നൽകാനുമുള്ള ഒരായുധം മാത്രമാണ്’’ – മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡൻറ് പദവിയിൽനിന്ന് ഇബ്രാഹീം സുലൈമാൻ സേട്ടിനെ പിടിച്ചുപുറത്തിടുന്നതിന് 1993 അവസാനം ചേർന്ന ദേശീയ സമിതി യോഗത്തിൽ, പി.കെ കുഞ്ഞാലിക്കുട്ടിയും മറ്റും (മൺമറഞ്ഞത് കൊണ്ട് അവരുടെ പേരുകൾ പറയുന്നില്ല) ചേർന്ന് തയാറാക്കിയ 20 പേജ് വരുന്ന ‘കുറ്റപത്രം ’ തുടങ്ങുന്നത് മേലുദ്ധരിച്ച സേട്ട് വിരുദ്ധ ജൽപനങ്ങളോടെയാണ്. ഒരു നിമിഷം പോലും സേട്ട് സാഹിബിനെ പാർട്ടിയുടെ അമരത്ത് ഇരുത്താൻ പാടില്ല എന്ന് വാദിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പാർട്ടി ദേശീയ കൗൺസിൽ അംഗങ്ങൾക്ക് വിതരണം ചെയ്ത രേഖയാണിയത്.
ഈ കുറ്റപത്രത്തിൽ പറയുന്ന, പാർട്ടിയെ തകർക്കാൻ ശ്രമിച്ച, പാർട്ടിശത്രുക്കളുമായി കൈകോർത്ത, ബാബരി മസ്ജിദ് പ്രശ്നത്തിന്റെ മറവിൽ പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിന് ശത്രുക്കളുടെ കൈയിൽ വടി കൊടുത്ത, ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ നൂറാം ജന്മവാർഷികം ഒരുവർഷം നീളുന്ന പരിപാടികളുമായി കൊണ്ടാടാൻ കോഴിക്കോട്ട് ചേർന്ന മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരിക്കുന്നുവെന്ന വാർത്ത കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടി! ഒരു രാഷ്ട്രീയപ്രസ്ഥാനവും ചരിത്രത്തിലിന്നോളം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത വിഷമസന്ധിയിലേക്ക് പാർട്ടിയെ തള്ളിവിട്ടുവെന്ന് ആരോപിക്കുന്ന ഒരാളുടെ ജന്മശതാബ്ദി കെങ്കേമമായി കൊണ്ടാടുകയോ? ഇതെന്ത് നട്ടുച്ചപ്പിരാന്ത്? സുലൈമാൻ സേട്ട് മുസ്ലിം ലീഗിന് എന്ന് മുതൽക്കാണ് പ്രിയങ്കരനായത്? കഴിഞ്ഞ 27 കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും സേട്ട് സാഹിബിന്റെ പേര് നാലാൾ കേൾക്കെ ലീഗുകൾ ഉച്ചരിച്ചിട്ടില്ല. ആ രാഷ്ട്രീയ അവധൂതൻ നമ്മോട് വിട പറഞ്ഞിട്ട് 15 വർഷമായിട്ടും ഒരിക്കലും ലീഗ് ജിഹ്വ ഒരു പടം കൊടുക്കുകയോ ഓർമ പുതുക്കുകയോ ചെയ്തിട്ടില്ല. കാരണം, ഇന്ത്യൻ നാഷണൽ ലീഗിന്റെ സ്ഥാപകൻ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അനഭിമതനാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ ആ നാമം മെല്ലെ മെല്ലെ മറവിയിലേക്ക് തിരോഭവിച്ചുകൊള്ളുമെന്നാണ് ഇതുവരെ അവർ കണക്കുകൂട്ടിയത്. പക്ഷേ കാലം ചെല്ലുന്തോറും ആ നാമധേയത്തിന് മുന്നിൽ പ്രതിയോഗികൾക്ക് പോലും നമിക്കേണ്ടിവരുന്ന അവസ്ഥ. ആ വ്യക്തിപ്രഭാവത്തിന് തിളക്കം കുട്ടുന്നതാണ് ഇന്ത്യാ മഹാരാജ്യം കടന്നുപോകുന്ന രാഷ്ട്രീയ സന്ധികൾ! കോൺഗ്രസിനെ വെട്ടി സർദാർ പട്ടേലിനെ സ്വന്തമാക്കിയ ബി.ജെ.പിയുടെ തന്ത്രം സേട്ട് സാഹിബിന്റെ കാര്യത്തിൽ സ്വപ്നം കാണേണ്ട എന്ന് ആദ്യമേ ഓർമിപ്പിക്കട്ടെ.
ബാബരി മസ്ജിദ് വിഷയത്തിൽ, കോൺഗ്രസ് സ്വീകരിച്ച ആത്മവഞ്ചനാപരമായ ഹിന്ദുത്വ പ്രീണന നയനിലപാടുകൾക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോഴാണല്ലൊ സേട്ട് സാഹിബ് തീവ്രവാദിയായും മതമൗലിക വാദികളുടെ കൈയിലെ ഉപകരണമായും ഭ്രാന്തനായുമൊക്കെ മുസ്ലിം ലീഗ് കേരള നേതൃത്വത്തിന് തോന്നിയതും അത് വിളിച്ചുകൂവിയതും. അതോടെ, അര നൂറ്റാണ്ടുകാലം പാർട്ടിയുടെ ആവേശവും ചൈതന്യവുമായി നിലകൊണ്ട ആ അമരക്കാരനെ കേരള നേതൃത്വം മുഖ്യശത്രുവായി പ്രഖ്യാപിച്ചു. പി.വി നരസിംഹറാവുവിനോട് രാജിവെച്ച് പ്രധാനമന്ത്രി പദത്തിൽനിന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞത് കൊടും അപരാധമായി നാടുനീളെ പ്രചരിപ്പിച്ചു. സേട്ടിന്റെ അനുയായികളെ നിദാന്തമായി വേട്ടയാടി. അധികാരമുപയോഗിച്ച് കേസിൽ കുടുക്കി. ഐ.എൻ.എല്ലുകാരുടെ കല്യാണങ്ങൾ കുളമാക്കി. ഗൾഫ് യാത്രകൾ മുടക്കി. കച്ചവടം താറുമാറാക്കി. ജീവിതദുരിതക്കയങ്ങളിലേക്ക് എത്രയെത്ര നിരപരാധികളെയാണ് ഇവർ വലിച്ചെറിഞ്ഞത്. സേട്ട് സാഹിബിനോടും അദ്ദേഹം തുടങ്ങിവെച്ച ആദർശപോരാട്ടത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവന്നവരുടെ പട്ടിക നീണ്ടതാണ്. ജനിച്ച നാട്ടിൽനിന്നും ‘ഹിജ്റ’ പോകേണ്ടിവന്ന അനുഭവങ്ങൾ പോലുമുണ്ടായിട്ടുണ്ട്. പ്രസക്തമായ ഒരു ചോദ്യമുയരുന്നുണ്ടിവിടെ: എപ്പോഴെങ്കിലും ലീഗുകാർ സേട്ട് സാഹിബിന്റെ മഹദ് വ്യക്തിത്വത്തെ അംഗീകരിച്ചിട്ടുണ്ടോ? എത്ര ലജ്ജാവഹമായാണ് അദ്ദേഹത്തോട് ഇവർ പെരുമാറിയത്? കേരളത്തിലുടനീളം അദ്ദേഹത്തിന് സ്വീകണമൊരുക്കിയപ്പോൾ വടകരയിലെ ലീഗുകാർ കാട്ടിയ ക്രൂരത ആരെങ്കിലും മറന്നുവോ? തീവണ്ടിയിൽ നിന്നിറങ്ങി വരുന്ന സേട്ട് സാഹിബിന് നേരെ ഉടുതുണി പൊക്കിക്കാണിച്ചു. പലേടങ്ങളിലും കുഞ്ഞാലിക്കുട്ടിയുടെ അരുമശിഷ്യന്മാർ സേട്ട് സാഹിബിനെ കൂക്കിവിളിച്ച് അപമാനിച്ചു. ദേശീയ സമിതി കഴിഞ്ഞ് എറണാകുളത്ത് തിരിച്ചെത്തിയ സേട്ട് സാഹിബിനെ സ്വീകരിക്കാൻ ഒരു കൂട്ടി റെയിൽവേ സ്റ്റേഷനിലേക്ക് പോവരുതെന്ന് തിട്ടുരമിറക്കി. മക്കളായ സുലൈമാൻ ഖാലിദിനെയും സിറാജിനെയും മാത്രമേ സ്റ്റേഷനിൽ കണ്ടുള്ളൂ. ആൾക്കൂട്ടത്തിൽ തനിയേ ജീവിച്ച ഒരു വലിയ മനുഷ്യന്റെ ജീവിതനിമിഷം പകർത്താൻ അന്ന് ‘മാധ്യമ’ത്തിന്റെ കൊച്ചിയിലെ എഡിറ്റോറിയൽ ചാർജുള്ള ഈ വിനീതനും.
ജന്മശതാബ്ദി കൊണ്ടാടുന്നത് പോയിട്ട്, ഇബ്രാഹീം സുലൈമാൻ സേട്ട് എന്ന് പേരുച്ചരിക്കാൻ പോലും മുസ്ലിം ലീഗ് നേതൃത്വത്തിന് അവകാശമില്ല. സേട്ടിനെ ഓർക്കാൻ ഇപ്പോൾ നിർബന്ധിതരായത് പ്രതിസന്ധിയുടെ തമോഗർത്തത്തിൽ ആപതിച്ച് കൈകാലിട്ടടിക്കുമ്പോൾ ഒരാശ്വാസമാകും എന്ന ചിന്ത കൊണ്ടാവണം. ചുമരിൽ തൂങ്ങുന്ന സേട്ടിന്റെ ചിത്രം കാണുമ്പോൾ തന്നെ ഇപ്പോഴും മുസ്ലിം ലീഗുകാരന്റെ മനസ്സ് ഞെട്ടിവിറക്കുന്നുണ്ട്. ആ രാഷ്ട്രീയ സൂഫിവര്യനോട് ലീഗ് നേതൃത്വം കാട്ടിയ അപരാധവും ക്രൂരതയും കാലം ഒരിക്കലും മായ്ച്ചുകളയാൻ പോകുന്നില്ല. താൻ രക്തവും വിയർപ്പും നിശ്വാസവും ചെലവിട്ട് പടുത്തുയർത്തിയ പ്രസ്ഥാനം ചരിത്രത്തിന്റെ നിർണായക ദശാസന്ധിയിൽ ആ മനുഷ്യനോട് കാട്ടിയ വഞ്ചനയും നന്ദികേടും കാലം അതിന്റെ കുഞ്ഞേടുകളിൽ എന്നോ കുറിച്ചിട്ടതാണ്. മുസ്ലിം ലീഗുകാർ ഇതെല്ലാം മറക്കാൻ എത്ര ശ്രമിച്ചാലും കേരളീയ പൊതുസമൂഹം ഒരിക്കലും മറക്കാൻ പോകുന്നില്ല. മനസ്സിന്റെ മാണിക്യക്കൊട്ടാരത്തിൽ തങ്ങൾ പ്രതിഷ്ഠിച്ച ആ വ്യക്തിപ്രഭാവത്തിന്റെ പൊലിമ ഐ.എൻ.എല്ലുകാരുടെയും മതേതര സുമനസ്സുകളുടെയും മനഃസാക്ഷിയെ പ്രഫുല്ലമാക്കുന്ന കാലത്തോളം മുസ്ലിം ലീഗുകാരാ, സേട്ട് സാഹിബിന്റെ പേരിൽ നിങ്ങൾ എന്തു കോപ്രായങ്ങൾ കാണിച്ചാലും ജനം കപട നാടകമായോ പിത്തലാട്ടമായോ മാത്രമേ അതിനെ കാണുകയുള്ളൂ. കാരണം, സേട്ട് സാഹിബ്, സി.കെ.പി ചെറിയ മമ്മുക്കേയി, യു.എ ബീരാൻ സാഹിബ് തുടങ്ങി ഒരു വേള മുസ്ലിം നേതൃനിരയെ ചൈതന്യവത്താക്കിയ മഹാന്മാർ, രാഷ്ട്രീയപരമായി സ്വന്തം പാത തെരഞ്ഞെടുത്തപ്പോഴേക്കും ‘‘പേട്ട് തേങ്ങകളാണ്’’ വീണതെന്ന് പറഞ്ഞ് കളിയാക്കിയത് കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരുമായിരുന്നില്ല. ഇവർ പോയാലൊന്നും പാർട്ടിക്ക് ഒരു പോറലുമേൽക്കാൻ പോവുന്നില്ലെന്നും ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ മുമ്പ് കണ്ടിട്ടുണ്ടെന്നും പറഞ്ഞ്, അണികളെ പിടിച്ചുനിർത്താൻ ശ്രമിച്ചവർ പ്രബുദ്ധ കേരളത്തോട് ചെയ്തുപോയ അപരാധത്തിന് മാപ്പിരക്കാതെ, സേട്ട് സാഹിബിന്റെ പേരിൽ എന്തു അഭ്യാസങ്ങൾ നടത്തിയാലും ജനം പുച്ഛിച്ചുതള്ളുകയേയുള്ളൂ. ഒരു കാര്യം ലീഗ് നേതാക്കൾ മനസ്സിലാക്കട്ടെ, ഒന്നിനോടും പകരം ചോദിക്കാതെ കാലം കടന്നുപോയിട്ടില്ല.
അന്ന് കുഞ്ഞാലിക്കുട്ടി പുച്ഛിച്ചുതള്ളിയ പേട്ടുതേങ്ങകൾ മുളച്ചു, വളർന്നു, കായ്ച്ച് കേരളമണ്ണിൽ വേരോട്ടമുള്ള പാർട്ടിയായി മാറിക്കഴിഞ്ഞു. ഇത് കുഞ്ഞാലിക്കുട്ടി–സലാമുമാരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. സേട്ട് സാഹിബിനെ മാറോട് ചേർത്തുപിടിക്കാനുള്ള ബോധോദയം ഉണ്ടായത് അങ്ങനെയാണ്. ജനമനസ്സുകളിൽ ഇപ്പോഴും പൂത്തുലയുന്നത് സേട്ട്സാഹിബിന്റെ നാമധേയമാണ്. അതുകൊണ്ട്,കാൽനൂറ്റാണ്ടിനു ശേഷമെങ്കിലും തെറ്റ് ഏറ്റുപറയാൻ ലീഗ് മുന്നോട്ട് വരട്ടെ. സേട്ട് സാഹിബ് അന്ന് പറഞ്ഞത് മുഴുവൻ സത്യമായി പുലർന്നിരിക്കുന്ന ഈ സന്ദർഭത്തിൽ വിശേഷിച്ചും. കോൺഗ്രസ് തകർന്നു. വർഗീയ ഫാഷിസം ഫണം വിടർത്തി ആടുന്നു. അതിനിടിയിൽ ന്യൂനപക്ഷങ്ങളും ദുർബല വിഭാഗങ്ങളും ജീവരക്ഷാർഥം അഭയം തേടുകയാണ്. ഇതുതന്നെയാണ് സേട്ട് സാഹിബ് അന്ന് നൽകിയ മുന്നറിയിപ്പ്. ബാബരിപ്പളളിയുടെ പേരിൽ സുലൈമാൻ സേട്ട് തറ രാഷ്ട്രീയം കളിക്കുകയായിരുന്നില്ല, മറിച്ച്, ഗാഢനിദ്രയിലാണ്ട ജനകോടികളെ വിളിച്ചുണർത്തി ഇന്ത്യാ മഹാരാജ്യം അകപ്പെടാൻ പോകുന്ന മഹാദുരന്തത്തെ കുറിച്ച് താക്കീത് നൽകുകയായിരുന്നു. അത് സമ്മതിക്കാൻ തയാറാവാത്ത കാലത്തോളം സേട്ട് സാഹിബിന്റെ പേരിൽ എന്ത് നാടകം കളിച്ചാലും മുസ്ലിം ലീഗുകാർ അപഹാസ്യരാവുകയേയുള്ളൂ!