International
ഞങ്ങൾ ഭയപ്പെടില്ല, ദൈവം ഒപ്പമുണ്ട്
ഇവിടെ ജീവിക്കും; ഇവിടെ മരിക്കും

ഗസ്സ | ലോക രാജ്യങ്ങളുടെ എതിർപ്പ് വകവെക്കാതെ ഗസ്സാ സിറ്റി പൂർണമായി പിടിച്ചടക്കാനുള്ള ഇസ്റാഈലിന്റെ തീരുമാനത്തിൽ പത്ത് ലക്ഷം വരുന്ന ഫലസ്തീനികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക. ഇസ്റാഈലിന്റെ നടപടി ഫലസ്തീനികളെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങ ൾ റിപോർട്ട് ചെയ്യുന്നത്.
അത്തരമൊരു ആക്രമണം അവരെ പ്രദേശത്തിന്റെ തെക്ക് ഭാഗത്തേക്ക് പോകാൻ നിർബന്ധിതരാക്കും. ഇത് അവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും.യുദ്ധം ആരംഭിച്ച് 22 മാസത്തിനുശേഷമാണ് പുതിയ പദ്ധതിയുമായി ഇസ്റാഈൽ രംഗത്തെത്തിയത്. ഇസ്റാഈൽ ഗസ്സയിൽ നടത്തിയ വശംഹത്യയും ഉപരോധവും മൂലം ജനങ്ങൾ കൊടുംപട്ടിണിയിലാണ് കഴിയുന്നത്. പുതിയ പദ്ധതി നടപ്പായാൽ ഇവർ കുടിയിറങ്ങേണ്ടി വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. “തങ്ങൾ പലതവണ കുടിയിറക്കപ്പെട്ടു. ടെന്റ് ക്യാമ്പുകളിലോ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലോ താമസിക്കാൻ നിർബന്ധിതരായി. പട്ടിണിയും വൈദ്യസഹായങ്ങളും നഷ്ടപ്പെട്ടു.
ഇത്രയും ആളുകളെ എങ്ങനെ തെക്കൻ പ്രദേശത്തേക്ക് ഒഴിപ്പിക്കാൻ കഴിയും?. അവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുകയാണെന്ന് ഗസ്സാ സിറ്റിയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ പിതാവായ 46 കാരനായ ഹുസ്സാം അൽ-സഖ പറയുന്നു. ഞങ്ങളുടെ വീടുകളും ഭൂമിയും മുറുകെ പിടിച്ച് താമസിക്കും. എല്ലാ ആയുധങ്ങളും തലക്ക് നേരെ ചൂണ്ടിയാലും പുറന്ന നാട് ഉപേക്ഷിക്കില്ല. ഇസ്റാഈലിന്റെ നടപടി ഞങ്ങളെ ഭയപ്പെടുത്തില്ല, കാരണം ദൈവം നമ്മോടൊപ്പമുണ്ട്. അവൻ എല്ലാവരേക്കാളും ശക്തനാണ്. നെതന്യാഹുവിന്റെയും ഇസ്റാഈലിന്റെയും പ്രചാരണം ജനങ്ങളെ ഭയപ്പെടുത്താനുള്ള മാധ്യമ വാർത്തയായി മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലം മുതൽ വളർന്ന ഞങ്ങളുടെ നാടാണിത്, അത് എളുപ്പത്തിൽ ഉപേക്ഷിക്കില്ല. യുദ്ധസമയത്ത് തന്റെ മൂത്ത മകനെ നഷ്ടപ്പെട്ട 47 കാരനായ ഇബ്രാഹിം അബു അൽ-ഹുസ്നി പറയുന്നു. ഞാൻ ഈ നഗരം വിടില്ല. ഇവിടെ ജീവിക്കും; ഇവിടെ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗസ്സാ നഗരത്തെ ഒഴിപ്പിക്കുമെന്ന വാർത്ത കേട്ടതിനുശേഷം എനിക്ക് ഉത്കണ്ഠയും ഭയവും തോന്നുന്നുവെന്ന് വടക്കൻ ഗസ്സയിൽ നിന്നുള്ള 55 വയസ്സുള്ള ഉമ്മു ഇബ്‌റാഹിം പറയുന്നു. മകളും ഭർത്താവും കുട്ടികളും കൊല്ലപ്പെട്ട ഇവരുടെ കുടുംബം ഇതിനകം നാല് തവണ നാടുകടത്തപ്പെട്ടു. കുട്ടികളെയും പ്രായമായവരെയും കൊണ്ട് ഞങ്ങൾ ഇനി എവിടേക്ക് പോകും? സ്ഥലംമാറ്റം, പട്ടിണി, ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ആട്ടിയോടിക്കൽ എന്നിവയാൽ ഞങ്ങൾ തളർന്നുപോയിരിക്കുന്നുവെന്ന് പറഞ്ഞ അവർ ഇതിനകം തന്നെ മരണത്തിലേക്കുള്ള നടത്തത്തിലാണെന്നും പറഞ്ഞു. മരിക്കുകയാണെങ്കിൽ ഇവിടെ തന്നെ മരിക്കുമെന്നും അവർ പറയുന്നു. ഗസ്സ പൂർണമായും നശിപ്പിക്കപ്പെട്ടു. അവർക്ക് കൂടുതൽ എന്തുചെയ്യാൻ കഴിയും?. ഉമ്മു ഇബ്‌റാഹിം ചോദിക്കുന്നു.
“നമ്മുടെ യുവത്വത്തിന്റെ ഏറ്റവും മികച്ചത് നമുക്ക് നഷ്ടപ്പെട്ടു. നമ്മുടെ പ്രദേശം കര, കടൽ, വായു എന്നിവയാൽ വളഞ്ഞ ഒരു വലിയ ജയിലാണ്.നാശം അസഹനീയമായി. രോഗങ്ങൾ പടരുന്നു. കണ്ണെത്താ ദൂരത്തോളം കൂടാരങ്ങൾ വ്യാപിച്ചിരിക്കുന്നു. വെള്ളം മലിനമാണ്. ആശുപത്രികൾ തകർന്നിരിക്കുന്നു. നമ്മുടെ ജീവിതം തികച്ചും ദാരുണമാണ്. അവർക്ക് ഇനി എന്താണ് വേണ്ടത്?-ബനാത്ത് ചോദിക്കുന്നു. യുദ്ധത്തിന് മുമ്പ് ഗസ്സയിലെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായിരുന്ന നഗരത്തിൽ ഇപ്പോൾ എത്ര പേർ താമസിക്കുന്നുണ്ടെന്ന് വ്യക്തമല്ല.
2023 ലെ വംശഹത്യയുടെ ആദ്യ ആഴ്ചകളിൽ നൽകിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പ്രകാരം ലക്ഷക്കണക്കിന് പേർ പലായനം ചെയ്തു. എന്നാൽ ഈ വർഷം തുടക്കത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പ്രകാരം പലരും മടങ്ങിയെത്തിയിരുന്നു. ഇതുവരെ ഒഴിപ്പിക്കൽ ഉത്തരവുകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഗസ്സാ നിവാസികൾ പറയുന്നു. തെക്ക് ഭാഗത്ത് താമസിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഒഴിഞ്ഞുപോകാൻ തയ്യാറെടുക്കുകയാണ് പലരും.