National
തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു പേര്‍ തന്നെ സമീപിച്ച് 160 സീറ്റുകള്‍ വാഗ്ദാനം ചെയ്തു; ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍
സീറ്റ് വാഗ്ദാനം താനും രാഹുല്‍ ഗാന്ധിയും നിരസിക്കുകയായിരുന്നുവെന്നു ശരദ് പവാര്‍

നാഗ്പൂര്‍|കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്ത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേര്‍ തന്നെ സമീപിച്ചു. സംസ്ഥാനത്തെ 288 സീറ്റുകളില്‍ 160 സീറ്റുകള്‍ എന്‍സിപിയും കോണ്‍ഗ്രസുമടങ്ങുന്ന പ്രതിപക്ഷത്തിന് ഉറപ്പ് നല്‍കിയെന്നുമാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍. ഇവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായ രാഹുല്‍ ഗാന്ധിക്ക് പരിചയപ്പെടുത്തി. ഇതല്ല നമ്മുടെ രീതിയെന്ന് രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് സീറ്റ് വാഗ്ദാനം താനും രാഹുലും നിരസിക്കുകയായിരുന്നുവെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
2024 നവംബറില്‍ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ശരദ് പവാര്‍ സംസാരിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ബിജെപി, ശിവസേന, എന്‍സിപി എന്നിവരടങ്ങിയ മഹാരാഷ്ട്ര സര്‍ക്കാര്‍ 235 സീറ്റുകള്‍ നേടിയിരുന്നു. അതേസമയം പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിക്ക് 50 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.