siraj editorial
ബിപിന്‍ റാവത്തിനോട് നമുക്ക് കടപ്പാടുണ്ട്
കരുത്തനും ദിശാബോധവുമുള്ള സൈനിക മേധാവിയായിരുന്നു ബിപിന്‍ റാവത്ത്. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തവരില്‍ പ്രമുഖനുമാണ്. മൂന്ന് സൈനിക വിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2020 ജനുവരി ഒന്നിനാണ് അദ്ദേഹത്തെ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്
അത്യന്തം വേദനാജനകമാണ് തമിഴ്‌നാട്ടിലെ ഊട്ടിക്കടുത്ത കുനൂരിലെ ഹെലികോപ്റ്റര്‍ അപകടം. രാജ്യം ഞെട്ടലോടെയാണ് ആദ്യ ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ കത്തിയമര്‍ന്ന വാര്‍ത്ത കേട്ടത്. ഏറെ താമസിയാതെ ബിപിന്‍ റാവത്തടക്കം വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മരണ വാര്‍ത്തയും പുറത്തു വന്നു. രാജ്യത്തിന്റെ പ്രതിരോധ സേനക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്. 1963 നവംബറില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട പൂഞ്ച് വിമാനാപകടത്തിനുശേഷം ഇന്ത്യന്‍ സൈനിക ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഈ സംഭവം. ചൈന, പാക് അതിര്‍ത്തിയില്‍ ഒരു പോലെ സംഘര്‍ഷം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയും കനത്ത സൈനിക വെല്ലുവിളികളിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും ഉന്നത സൈനികോദ്യോഗസ്ഥന്റെ ഈ അപകട മരണം. നേരത്തേ 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്‍ഡിലെ ദിമാപുരില്‍ റാവത്ത് സഞ്ചരിച്ച ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിരുന്നു. അന്ന് ഗൂര്‍ഖ റെജിമെന്റ് ലെഫ്റ്റനന്റ് ജനറലായിരുന്ന അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കുനൂരിലെ അപകടത്തിന് നാല് സാധ്യതകളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്‍ജിന്‍ തകരാറാണ് ഒന്ന്. എന്നാല്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തവും പ്രധാനമന്ത്രി, രാഷ്ട്രപതി, സൈനിക മേധാവികള്‍ തുടങ്ങി വി വി ഐ പികള്‍ യാത്രക്ക് ഉപയോഗിക്കുന്നതുമായ റഷ്യന്‍ നിര്‍മിത എം ഐ 17 വി-5 ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറ് മൂലം തകര്‍ന്നു വീഴാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇരട്ട എന്‍ജിനുള്ള ഈ വിമാനം ഒരു എന്‍ജിന്‍ തകരാറിലായാല്‍ പോലും സാധാരണഗതിയില്‍ രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് താഴെയിറക്കാനാകും. രണ്ട് എന്‍ജിനും തകരാറിലായാല്‍ പോലും ഓട്ടോറൊട്ടേഷന്‍ മോഡില്‍ ഇറക്കാകുന്നതാണ്. മാനുഷിക വീഴ്ചയാണ് രണ്ടാമത്തേത്. അഥവാ പൈലറ്റുമാരുടെ ഭാഗത്തു നിന്നുള്ള വീഴ്ച. അതീവ സമര്‍ഥരായ പൈലറ്റുകളാണ് സാധാരണ വി ഐ പികളുമായുള്ള കോപ്റ്ററുകള്‍ പറത്തുന്നതെന്നതിനാല്‍ പൈലറ്റിന്റെ ഭാഗത്ത് നിന്ന് അപകടം സംഭവിക്കാനുള്ള സാധ്യതയും കുറവാണ്. മോശം കാലാവസ്ഥയോ താഴ്ന്നു പറന്നപ്പോള്‍ മരത്തില്‍ തട്ടിയതോ ആകാം മറ്റൊരു കാരണം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ മോശമായിരുന്നു. അപകടം നടന്ന സമയത്ത് കനത്ത മഞ്ഞുണ്ടായിരുന്നതായി പ്രദേശ വാസികളുടെ സാക്ഷ്യം ഇത്തരമൊരു സാധ്യതക്ക് ബലമേകുന്നുണ്ട്. മൂന്ന് ദിവസത്തോളം ഈ ഭാഗത്ത് കനത്ത മൂടല്‍ മഞ്ഞായിരുന്നുവത്രെ. പാറക്കെട്ടുകളും മലകളും താഴ്‌വാരങ്ങളുമുള്ളതാണ് അപകടം നടന്ന പ്രദേശം. ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേക്ക് വീഴുകയായിരുന്നില്ല, വീഴ്ചക്കിടെ മരത്തിന്റെ ചില്ലയില്‍ തട്ടിയപ്പോഴാണ് തീപിടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്.
അട്ടിമറിയാണ് ഇനിയുമവശേഷിക്കുന്ന മറ്റൊരു കാരണം. അപകടത്തില്‍ പെട്ടത് അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിനു നേതൃത്വം നല്‍കിയ കരുത്തനായ സൈനിക മേധാവിയാണെന്നതും ഹെലികോപ്റ്റര്‍ വീണത് ആര്‍ക്കും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശത്താണെന്നതും ഇത്തരമൊരു സാധ്യത ആരോപിക്കപ്പെടാന്‍ ഇടയാക്കിയേക്കാം. പാക് പട്ടാള ഭരണമേധാവിയും ഭരണാധികാരിയുമായിരുന്ന സിയാഉല്‍ ഹഖിന്റെ അന്ത്യത്തിനിടയാക്കിയ വിമാനാപകടവുമായാണ് ഇതിനെ ചിലര്‍ താരതമ്യപ്പെടുത്തുന്നത്. ഒട്ടേറെ സന്ദേഹങ്ങള്‍ക്കിടയാക്കിയാണ് സിയാഉല്‍ ഹഖ് സഞ്ചരിച്ച വിമാനം നിലംപതിച്ചത.് അട്ടിമറിയായിരുന്നു അതെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍, അട്ടിമറിക്കു പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. കുനൂര്‍ അപകടത്തെക്കുറിച്ച് വ്യോമസേന പ്രഖ്യാപിച്ച അന്വേഷണത്തിലൂടെ അതിന്റെ സത്യാവസ്ഥ പുറത്തു വരുമെന്നു പ്രതീക്ഷിക്കാം.
കരുത്തനും ദിശാബോധവുമുള്ള സൈനിക മേധാവിയായിരുന്നു ബിപിന്‍ റാവത്ത്. നാല്‍പ്പത് വര്‍ഷത്തെ സൈനിക ജീവിതത്തില്‍ ബ്രിഗേഡ് കമാന്‍ഡര്‍, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, സൗത്തേണ്‍ കമാന്‍ഡ്, മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടറേറ്റിലെ ജനറല്‍ സ്റ്റാഫ് ഓഫീസര്‍ ഗ്രേഡ്-2, കേണല്‍ മിലിറ്ററി സെക്രട്ടറി, ജൂനിയര്‍ കമാന്‍ഡിംഗ് വിംഗിലെ സീനിയര്‍ ഇന്‍സ്ട്രക്ടര്‍, ഡെപ്യൂട്ടി മിലിറ്ററി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സമാധാന സേനയിലും കോംഗോയില്‍ മള്‍ട്ടി നാഷനല്‍ ബ്രിഗേഡിന്റെ കമാന്‍ഡറായും പ്രവര്‍ത്തിക്കുകയുണ്ടായി അദ്ദേഹം. 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആസൂത്രണം ചെയ്തവരില്‍ പ്രമുഖനുമാണ്. കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ,് കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് വിഭാഗങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2020 ജനുവരി ഒന്നിന് അദ്ദേഹത്തെ സംയുക്ത സേനാ മേധാവിയായി നിയമിച്ചത.് 1954ലെ സൈനിക ചട്ടത്തില്‍ ഭേദഗതി വരുത്തി, നിയമനത്തിനുള്ള പ്രായപരിധി 62ല്‍ നിന്ന് 65 ആക്കി വര്‍ധിപ്പിച്ചായിരുന്നു ഈ നിയമനം.
കേരളത്തിന് ചില കടപ്പാടുകളുണ്ട് ബിപിന്‍ റാവത്തിനോട്. 2018ല്‍ പേമാരിയും ചുഴലിക്കാറ്റും മഹാപ്രളയവും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍ വിതച്ചപ്പോള്‍, അന്ന് കരസേനാ മേധാവിയായിരുന്ന ബിപിന്‍ റാവത്ത്, ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചറിയുകയും കരസേനയുടെ എന്ത് സഹായം വേണമെങ്കിലും അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. എം ശേഖര്‍ കുര്യാക്കോസ് തന്റെ ഫേസ്ബുക്കില്‍ കുറിക്കുന്നു. ദുരിതാശ്വാസം കൂടുതല്‍ ആവശ്യമായ പ്രദേശങ്ങള്‍, നിയോഗിക്കപ്പെട്ട സേനകളുടെ വിവരങ്ങള്‍, മരണങ്ങളുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ എല്ലാം ബിപിന്‍ റാവത്ത് അദ്ദേഹത്തോട് നേരിട്ടു ചോദിച്ചറിയുകയായിരുന്നുവത്രെ. കരസേന 2018ലും 2019ലും കേരളത്തിനു നല്‍കിയ എല്ലാ സേവനങ്ങളിലും റാവത്തിന്റെ നേതൃത്വവും പങ്കും ഉണ്ട്. വിഷമഘട്ടത്തില്‍ കേരള ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിലൂടെ സൈനിക മേധാവിയെന്നതിനപ്പുറം ബിപിന്‍ റാവത്തിലെ മനുഷ്യ സ്‌നേഹിയെയാണ് പ്രകടമായത്.

