Kerala
ദീപക് മരണപ്പെട്ട കേസ്; വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച യുവതി ഒളിവില്‍, ഫോണ്‍ കണ്ടെത്താനായി പോലീസ്
നേരത്തെ ദുബൈയിലായിരുന്ന യുവതി അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി അവിടേക്ക് മാറിയതായാണ് സംശയം
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവതി മുങ്ങിയതായി സൂചന. നേരത്തെ ദുബൈയിലായിരുന്ന യുവതി അറസ്റ്റില്‍ നിന്നും രക്ഷപ്പെടാനായി അവിടേക്ക് മാറിയതായാണ് സംശയം.ദൃശ്യങ്ങള്‍ പകര്‍ത്താനായി യുവതി ഉപയോഗിച്ച ഫോണ്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്
ദീപകിന്റെ മാതാവിന്റെ പരാതിയില്‍ പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു
ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി . സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം
ദീപക് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്. പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് പറഞ്ഞ് ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ആരോപിച്ച് ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

