National
വഖ്ഫ് ഭേദഗതി ബില്‍; കടുത്ത പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷ കക്ഷികള്‍
മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് പിടിച്ചെടുക്കാനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മെഹബൂബ മുഫ്തി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമമെന്ന് വേണുഗോപാല്‍.
		
      																					
              
              
            ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതോടെ കടുത്ത പ്രതിഷേധ സ്വരമുയര്‍ത്തി പ്രതിപക്ഷ കക്ഷികള്‍. മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് പിടിച്ചെടുക്കാനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പി ഡി പി അധ്യക്ഷ മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ നടത്തുന്ന മുസ്ലിം വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതിയെന്നും മെഹബൂബ പറഞ്ഞു.
കഴിഞ്ഞ പത്തിലധികം വര്‍ഷമായി ബി ജെ പി മുസ്‌ലിംകള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വഖ്ഫ് ഭേദഗതി ബില്‍ അതിന്റെ ഭാഗമാണ്. ആദ്യം അവര്‍ മുസ്‌ലിംകള്‍ക്കെതിരെ ആള്‍ക്കൂട്ടക്കൊലകള്‍ നടത്തി. പള്ളികള്‍ തകര്‍ത്തു, കടകള്‍ അടപ്പിച്ചു. ഇപ്പോള്‍ വഖഫ് ബില്‍ കൊണ്ടുവന്ന് നമ്മുടെ സ്വത്ത് പിടിച്ചെടുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മെഹബൂബ കുറ്റപ്പെടുത്തി.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ന്യൂനപക്ഷത്തിനെതിരല്ല ബില്‍ എന്ന് കിരണ്‍ റിജിജു പറയുന്നത് കുറ്റബോധം മൂലമാണ്.
ബില്‍ വഖ്ഫിനു മേലുള്ള കടന്നുകയറ്റമാണെന്ന് സി പി എം എം പി. കെ രാധാകൃഷ്ണന്‍ പറഞ്ഞു. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കടക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാധാകൃഷ്ണന്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷം ബഹളം വച്ചു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
