National
ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം; ആറ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി
ബിഹാര്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ന്യൂഡല്‍ഹി | ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടന്ന ആക്രമണങ്ങളില്‍ ആറ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. ബിഹാര്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട എഫ് ഐ ആര്‍, അറസ്റ്റിന്റെ വിവരങ്ങള്‍, കുറ്റപത്രം, അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് എന്നിവ ചീഫ് സെക്രട്ടറിമാര്‍ മൂന്നാഴ്ചക്കുള്ളില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്. ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. ഹരജി മാര്‍ച്ച് 13ന് വീണ്ടും പരിഗണിക്കും.
മേല്‍പറഞ്ഞവക്ക് പുറമെ ഉത്തര്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും അതിക്രമങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ പരിശോധനാ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതില്‍ ഹരിയാന വിശദാംശങ്ങള്‍ നല്‍കിയതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
ഉത്തര്‍പ്രദേശ് ഇതിനകം തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രഷാദും വ്യക്തമാക്കി പറഞ്ഞു.
എന്നാല്‍, 2022 സെപ്തംബര്‍ ഒന്നിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട എല്ലാ വിവരങ്ങളുടെയും പുതിയ പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.