Ongoing News
ഹജ്ജ് നിയമ ലംഘനം; പിടിക്കപ്പെട്ടാല്‍ പത്ത് വര്‍ഷത്തേക്ക് പ്രവേശന വിലക്ക്
ഹജ്ജ് അനുമതിപത്രമില്ലാതെ പിടിക്കപ്പെട്ടാല്‍ 20,000 റിയാല്‍ പിഴ.
മക്ക | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് ആരംഭിച്ചതോടെ പുണ്യസ്ഥലങ്ങളിലും മക്കയിലെ പുണ്യ ഹറമിലും തീര്‍ഥാടക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി ആഭ്യന്തര മന്ത്രാലയം കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
ഹജ്ജ് നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികള്‍ക്ക് പിഴക്കും നാടുകടത്തലിനും പുറമെ സഊദിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തെ വിലക്കും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് അനുമതിപത്രമില്ലാതെ പിടിക്കപ്പെട്ടാല്‍ 20,000 റിയാലാണ് പിഴ ചുമത്തുക. അനുമതിപത്രം നേടുന്നത് ഹജ്ജ് തീര്‍ഥാടനത്തിന്റെ അടിസ്ഥാന ആവശ്യകതയാണെന്നും ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
ഹജ്ജ് സീസണില്‍ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും ഔദ്യോഗികമായി അംഗീകൃത തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ദുല്‍ഖഅദയുടെ ആദ്യ ദിവസം മുതല്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്ന ദുല്‍ഹിജ്ജയുടെ 14-ാം ദിവസം വരെ നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.







