Kerala
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍
അവകാശരേഖ ശരിയാക്കി നല്‍കാന്‍ അഞ്ച് ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിനോദ് ആവശ്യപ്പെട്ടത്.
തൃശൂര്‍| പുന്നയൂര്‍ക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പിടിയില്‍. തടിക്കാട് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്‍പി. വിനോദാണ് തൃശൂര്‍ വിജിലന്‍സിന്റെ പിടിയിലായത്. അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
പുന്നയൂര്‍ക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നല്‍കാന്‍ അഞ്ച് ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിനോദ് ആവശ്യപ്പെട്ടത്. അഞ്ച് ലക്ഷം രൂപ കൈയില്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ മൂന്ന് ലക്ഷം നല്‍കണമെന്നായി. അതും ഇല്ലെന്ന് പറഞ്ഞപ്പോള്‍ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി. പണം തുണിയില്‍ പൊതിഞ്ഞ് ഓഫീസിലെ മേശയിലെ ഫയലിനകത്ത് വയ്ക്കാനായിരുന്നു നിര്‍ദ്ദേശം.
പണം വിജിലന്‍സിന്റെ സഹായത്തോടെയാണ് പരാതിക്കാരന്‍ പൊതിഞ്ഞു കൊണ്ടുപോയത്. നോട്ട് കെട്ടുകള്‍ കൈമാറുന്നതിനിടെ തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയും ചെയ്തു.





