National
വോട്ടര്‍ പട്ടികയില്‍ 'വികാസ് യാദവ്' എന്ന പേര് 11 തവണ; യു പിയില്‍ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവ്
അസംഘഡ് നിയമസഭാ മണ്ഡലത്തി വോട്ടര്‍ പട്ടികയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ലക്നൗ | ഉത്തര്‍പ്രദേശില്‍ അസംഘഡ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തി. ‘വികാസ് യാദവ്’ എന്ന പേര് 11 തവണ ഉള്‍പ്പെട്ടതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു.
അന്നത്തെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ (ERO), രണ്ട് അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ (AERO) എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാനാണ് കമ്മീഷന് നിര്‍ദേശം. കൂടാതെ, അഞ്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും (BLO) ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനും നോട്ടീസ് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
ഒക്ടോബര്‍ 15-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. അസംഗഢ് വോട്ടര്‍ പട്ടികയില്‍ ‘വികാസ് യാദവ്’ എന്ന പേരുള്ള ഒരാളുടെ പേര് പലതവണ ആവര്‍ത്തിച്ചതായി അദ്ദേഹം ആരോപിച്ചു.
ഇതേ തുടര്‍ന്ന്, വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അസംഗഢ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് (DEO) തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (CEO) നവ്ദീപ് റിന്‍വ അറിയിച്ചു. ‘വികാസ് യാദവ്’ എന്ന് ഒരേ പേരുള്ള 11 വ്യത്യസ്ത വ്യക്തികളുമായി ബന്ധപ്പെട്ട 11 എന്‍ട്രികള്‍ (രേഖപ്പെടുത്തലുകള്‍) അന്വേഷണത്തില്‍ കണ്ടെത്തി. ഈ 11 വികാസ് യാദവന്മാരും മണ്ഡലത്തിലെ വിവിധ ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണ്. എന്നാല്‍, പിതാവിന്റെ പേര്, വിലാസം, ജനന തീയതി എന്നിവയുള്‍പ്പെടെ ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒന്നുതന്നെയായിരുന്നു. പിഴവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, യഥാര്‍ഥ വികാസ് യാദവിനെ ഒഴികെ, ബാക്കിയുള്ള 10 വികാസ് യാദവന്മാരെക്കൊണ്ട് ‘ഫോം-8’ (നിലവിലുള്ള വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള ഫോം) പൂരിപ്പിച്ചു വാങ്ങി വിവരങ്ങള്‍ ശരിയാക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ വികാസ് യാദവിനെ ഈ നടപടിക്രമത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
Content Highlights: Nine election officials in Uttar Pradesh face disciplinary action after a voter named Vikas Yadav was listed 11 times in the electoral roll. The matter came to light following an investigation into voter list manipulation. Authorities have ordered immediate suspension and further proceedings.




