UAE
ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ മാതാവ് പ്രസവത്തോടെ മരിച്ചു; കുടുംബത്തിന് താങ്ങായി ദുബൈ പോലീസ്
ദുരന്തത്തില്‍ തകര്‍ന്ന കുടുംബത്തിന് ആശ്വാസമേകാന്‍ ഭര്‍ത്താവിനും സഹോദരിക്കും ദുബൈ പോലീസ് തൊഴില്‍ നല്കി.
ദുബൈ | വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയ മാതാവ് പ്രസവത്തെ തുടര്‍ന്ന് അന്തരിച്ചു. ദുബൈ പോലീസ് ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരിയായിരുന്ന മര്‍വ അഹ്മദ് അല്‍ അമീന് ബഖീത് (36) ആണ് അജ്മാനിലെ ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ മരിച്ചത്. ദുരന്തത്തില്‍ തകര്‍ന്ന കുടുംബത്തിന് ആശ്വാസമേകാന്‍ ഭര്‍ത്താവിനും സഹോദരിക്കും ദുബൈ പോലീസ് തൊഴില്‍ നല്കി. മൂന്ന് പതിറ്റാണ്ടിലേറെയായി ഈ കുടുംബവുമായി പോലീസ് പുലര്‍ത്തുന്ന ആത്മബന്ധത്തിന്റെ തുടര്‍ച്ചയായാണ് മാതൃകാപരമായ നടപടി.
കഴിഞ്ഞ സെപ്തംബര്‍ 23-നാണ് ഫഹ്ദ്, ഫഹദ് എന്നീ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് മര്‍വ ജന്മം നല്‍കിയത്. കുഞ്ഞുങ്ങള്‍ ജനിച്ച് നിമിഷങ്ങള്‍ക്കകം ഹൃദയത്തിലും ശ്വാസകോശത്തിലും രക്തക്കട്ടകള്‍ രൂപപ്പെട്ട് അപ്രതീക്ഷിത സങ്കീര്‍ണതകള്‍ ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നിലവില്‍ കുഞ്ഞുങ്ങളെ അബൂദബിയിലുള്ള മാതൃസഹോദരിയാണ് സ്വന്തം കുട്ടികള്‍ക്കൊപ്പം സംരക്ഷിക്കുന്നത്.
മര്‍വയുടെ കുടുംബത്തിന് വര്‍ഷങ്ങളായുള്ള ബന്ധമാണ് ദുബൈ പോലീസുമായി ഉള്ളത്. 1979-ല്‍ മര്‍വയുടെ പിതാവ് സര്‍ജന്റ് അഹ്മദ് അല്‍ അമീന് ബഖീത് ദുബൈ പോലീസില്‍ ജോലിക്കാരനായി ചേര്‍ന്നിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് മാതാവിന് പോലീസ് ജോലി നല്കി. മാതാവിന്റെ വിയോഗത്തിന് ശേഷം 2016 മെയ് മുതല്‍ മര്‍വയും ദുബൈ പോലീസ് ഹെല്‍ത്ത് സെന്ററില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കുടുംബത്തിന് പ്രയാസഘട്ടങ്ങളില്‍ എപ്പോഴും തുണയായി നിന്ന പോലീസ്, മര്‍വയുടെ വിയോഗത്തിലും എല്ലാവിധ സഹായങ്ങളുമേകി കൂടെയുണ്ടായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഭര്‍ത്താവ് ഉസ്മാന് അഹ്മദ് മുഹമ്മദ് അല്‍ മക്കിക്കും മര്‍വയുടെ ഇളയ സഹോദരിയായ മഹാക്കും ദുബൈ പോലീസ് തൊഴില്‍ വാഗ്ദാനം ചെയ്തത്.
Content Highlights: A tragic event occurred in Dubai where a mother passed away shortly after giving birth to twins. Demonstrating exceptional community care, Dubai Police stepped in to provide financial and emotional assistance to the grieving family. The compassionate gesture highlights the humanitarian values of UAE.




