Connect with us

ഉലകം ചുറ്റിയ ചായക്കടക്കാരന്‍ ഇനി ഓര്‍മ. ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യയേയും കൂട്ടി ലോകസഞ്ചാരം നടത്തി ചരിത്രം രചിച്ച കൊച്ചി കടവന്ത്ര സ്വദേശി കെ ആര്‍ വിജയന്‍ വിടവാങ്ങി. 15 വര്‍ഷങ്ങള്‍ക്കിടയില്‍ 26 രാജ്യങ്ങളില്‍ സഞ്ചരിച്ച വിജയനും ഭാര്യ മോഹനയും യാത്രാ സ്‌നേഹികള്‍ക്ക് ഏറെ പ്രിയങ്കരരായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിജയന്റെ അന്ത്യം. 76 വയസ്സായിരുന്നു.

1950ല്‍ ചേര്‍ത്തലയില്‍ ജനിച്ച വിജയന് ചെറുപ്പത്തിലേ യാത്ര ചെയ്യാന്‍ ഇഷ്ടമായിരുന്നു. കൊച്ചി പട്ടണം കാണുകയെന്നതായിരുന്നു കുട്ടിക്കാലത്തെ സ്വപ്‌നം. ഇന്നത്തെപ്പോലെ മെട്രോ നഗരമല്ലെങ്കിലും അന്നും കൊച്ചിക്ക് കൊച്ചിയുടെതായ സൗന്ദര്യമുണ്ടായിരുന്നു. തീവണ്ടിയും വിമാനവും കപ്പലുമുള്ള പട്ടണം… അങ്ങനെയൊരു ദിവസം, സ്‌കൂള്‍ ഫീസടക്കാന്‍ അമ്മ കൊടുത്ത ആറര രൂപയുമായി ആ ഏഴാം ക്ലാസുകാരന്‍ കൊച്ചിയിലേക്ക് വണ്ടികയറി. കൊച്ചി പട്ടണത്തെ അടുത്തുകണ്ടു… പക്ഷേ, സ്വപ്നങ്ങള്‍ അവിടെ അവസാനിച്ചില്ല, മദ്രാസായി അടുത്ത സ്വപ്‌ന നഗരം. താമസിയാതെ അവിടേക്ക് അദ്ദേഹം ഒരു ഒളിച്ചോട്ടം നടത്തി… ജന്മനാട്ടില്‍ നിന്ന് പട്ടണത്തിലേക്കും അവിടെ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കും പിന്നെ കടലിനക്കരെയുള്ള ഒരുപാട് രാജ്യങ്ങളിലേക്കുമുള്ള വിജയന്റെ യാത്രകളുടെ തുടക്കമായിരുന്നു അത്.

ജനിച്ച നിമിഷം മുതല്‍ വീഴുന്നിടം വരെ യാത്ര ചെയ്യണമെന്നാണ് ഒരിക്കല്‍ വിജയന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്. ആ വാക്കുകകള്‍ അന്വര്‍ഥമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ അന്ത്യയാത്രയും. റഷ്യന്‍സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി ദിവസങ്ങള്‍ പിന്നിടും മുമ്പാണ് തിരിച്ചുവരവില്ലാത്ത യാത്രക്കായി വിജയന്‍ പുറപ്പെട്ടത്. നിശ്ചയദാര്‍ഢ്യവും പരിശ്രമവും കൊണ്ട് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ വിജയേട്ടന്റെ ഓര്‍മകള്‍ വരും തലമുറക്ക് സ്വ്പനം കാണാന്‍, കരുത്ത് പകരുമെന്ന് തീര്‍ച്ച…