Editorial
വിജയ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍
സിനിമയിലെ ജനപ്രീതി ഭരണരംഗത്തെ കഴിവിന് സഹായകമാകണമെന്നില്ല. ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കുന്നതിലും കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മികച്ച പാടവമുണ്ടെങ്കിലേ നല്ലൊരു ഭരണം കാഴ്ച വെക്കാനാകൂ.
ആറ് പതിറ്റാണ്ടോളം നീണ്ട ദ്രാവിഡ പാര്‍ട്ടി ഭരണത്തെ മാറ്റിനിര്‍ത്തി ചന്ദ്രശേഖര്‍ ജോസഫ് വിജയ്‌യുടെ ടി വി കെ സര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍. പാര്‍ട്ടി രൂപവത്കരിച്ച് രണ്ട് വര്‍ഷം കൊണ്ട് അധികാരത്തിലേറിയ വിജയ്‌യുടെ തുടക്കം പ്രതീക്ഷാനിര്‍ഭരമാണ്. രാഷ്ട്രീയ പരിചയം, യുവപ്രാതിനിധ്യം, സാങ്കേതിക വൈദഗ്ധ്യം, ജാതിസമവാക്യം തുടങ്ങിയ കാര്യങ്ങളില്‍ സമതുലിത പാലിച്ചാണ് അദ്ദേഹം തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്. അധികാരമേറ്റ ഉടനെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകളുടെ സുരക്ഷക്കായി പ്രത്യേക സേനാ രൂപവത്കരണം എന്നീ ഫയലുകളില്‍ ഒപ്പുവെക്കുക വഴി ജനപക്ഷ ഭരണമായിരിക്കും തന്റേതെന്ന സൂചന നല്‍കിയിരിക്കുകയാണ് അദ്ദേഹം.
ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് 234 അംഗ നിയമസഭയില്‍ 121 എം എല്‍ എമാരുടെ പിന്തുണ വിജയ് ഉറപ്പാക്കിയത്. നിരവധി സൗജന്യ വാഗ്ദാനങ്ങള്‍ക്കൊപ്പം സാമൂഹികനീതി, മതേതരത്വം എന്നിത്യാദി ജനാധിപത്യ തത്ത്വങ്ങളും ഉറപ്പ് നല്‍കുന്നുണ്ട് ടി വി കെ സര്‍ക്കാര്‍.
ഈ നല്ല തുടക്കം വിജയ് സര്‍ക്കാര്‍ ജനമനസ്സുകളില്‍ കൂടുതല്‍സ്ഥാനം പിടിക്കാന്‍ സഹായിച്ചേക്കും. എന്നാല്‍ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ ടി വി കെ സര്‍ക്കാറിന് എത്രത്തോളം വിജയിക്കാനാകും? രാജ്യത്തെ രാഷ്ട്രീയ ബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. ജനക്ഷേമത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ പദ്ധതികളില്‍ സംസ്ഥാനത്തിന് ദീര്‍ഘകാല പാരമ്പര്യമുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാറിനെക്കുറിച്ച് ജനങ്ങളുടെ പ്രതീക്ഷയും ഉയര്‍ന്നതായിരിക്കും.
അതേസമയം സിനിമയിലെ ജനപ്രീതി ഭരണരംഗത്തെ കഴിവിന് സഹായകമാകണമെന്നില്ല. ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിലും സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കുന്നതിലും കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മികച്ച പാടവമുണ്ടെങ്കിലേ നല്ലൊരു ഭരണം കാഴ്ച വെക്കാനാകൂ.
വന്‍ കടബാധ്യതയിലാണ് തമിഴ്‌നാട്. ഈ വര്‍ഷത്തെ ബജറ്റിനോടനുബന്ധിച്ച് അവതരിപ്പിച്ച സാമ്പത്തികാവലോകന റിപോര്‍ട്ട് പ്രകാരം 9.29 ലക്ഷം കോടി വരും സംസ്ഥാനത്തിന്റെ പൊതുകട ബാധ്യത. ജി ഡി പിയുടെ 26 ശതമാനത്തിലധികം വരുമിത്. വരുമാനത്തിന്റെ വലിയൊരു ഭാഗം കടത്തിനുള്ള പലിശയിലേക്ക് നീക്കിവെച്ചുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ ഈ സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു വേണം വിജയ് സര്‍ക്കാറിന് സൗജന്യ പദ്ധതികളടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍.
നേരത്തേ ഡി എം കെ സര്‍ക്കാര്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നൂറ് യൂനിറ്റ് വൈദ്യുതിയായിരുന്നു സൗജന്യമായി നല്‍കിയിരുന്നത്. ഈയിനത്തില്‍ മുന്‍ സര്‍ക്കാറിന്റെ ചെലവ് പ്രതിവര്‍ഷം 4,000 കോടി രൂപയായിരുന്നു. വിജയ് വാഗ്ദാനം ചെയ്ത 200 യൂനിറ്റ് സൗജന്യ വൈദ്യുതിയുടെ ചെലവ് 8,000 കോടി വരും. കടമെടുപ്പ് മാത്രമാണ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന്റെ മുമ്പിലുള്ള മാര്‍ഗം.
എല്ലാ വകുപ്പുകളിലും സമഗ്ര ഓഡിറ്റിംഗ് വഴി പാഴ്്ച്ചെലവുകളും സാമ്പത്തിക ചോര്‍ച്ചയും ഒഴിവാക്കുന്നതിലൂടെ സാമ്പത്തിക തകര്‍ച്ചക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. ഇത് നടപ്പായാല്‍ തന്നെ അതിന്റെ ഫലം സാമ്പത്തിക മേഖലയില്‍ അനുഭവപ്പെടണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. ക്ഷേമപദ്ധതികളും സാമ്പത്തിക ശാസ്ത്രവും തമ്മില്‍ സന്തുലനം പാലിക്കുകയാണ് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗം. ജനപിന്തുണ നിലനിര്‍ത്താനുള്ള രാഷ്ട്രീയ പ്രലോഭനങ്ങള്‍ക്കിടയില്‍ ധനകാര്യ നിയന്ത്രണത്തില്‍ സര്‍ക്കാറിന് കര്‍ശന നിലപാട് സ്വീകരിക്കാനാകുമോ?
കേന്ദ്രവുമായി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് വിജയ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. ഡി എം കെയെ പോലെ മതേതര നിലപാടില്‍ ഉറച്ചു നിന്ന് കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുമോ, അതോ സഹകരണം സ്ഥാപിക്കുമോ? സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കേന്ദ്രവുമായി ക്രിയാത്മക ബന്ധം ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാതെ കേന്ദ്രവുമായി നല്ല ബന്ധം സ്ഥാപിക്കുകയും ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുക പ്രയാസമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഫെഡറല്‍ വ്യവസ്ഥ വിഭാവനം ചെയ്യുന്ന കേന്ദ്ര- സംസ്ഥാന ബന്ധം രാഷ്ട്രീയ പ്രീണനങ്ങളിലൂടെ സാധ്യമാക്കേണ്ടതല്ലെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേന്ദ്രത്തെ രാഷ്ട്രീയമായി പ്രീണിപ്പിക്കാത്ത ഒരു സംസ്ഥാനത്തിനും അര്‍ഹമായ കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല. പിണറായി സര്‍ക്കാറിനും സ്റ്റാലിന്‍ സര്‍ക്കാറിനും മമത സര്‍ക്കാറിനും കേന്ദ്രവുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നതിന്റെ പശ്ചാത്തലവും ഇതായിരുന്നല്ലോ.
മതേതര സാമൂഹിക നീതി എന്ന ആശയത്തിലധിഷ്ഠിതമായാണ് വിജയ് തന്റെ ടി വി കെ പാര്‍ട്ടി പ്രഖ്യാപിച്ചതെങ്കിലും കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിന് അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ച് വന്ദേമാതരത്തിന് പ്രഥമ പരിഗണന നല്‍കിയ വിജയ്‌യുടെ നിലപാട് വ്യക്തമാക്കുന്നത്. എങ്കിലും ദ്രാവിഡ രാഷ്ട്രീയത്തിന്റെയും തമിഴ് ദേശീയതയുടെയും പശ്ചാത്തലമുള്ള തമിഴ്‌നാട്ടില്‍ ബി ജെ പി ആശയങ്ങളോട് സമരസപ്പെടുന്നത് വിജയ്‌യുടെ വേട്ട് ബേങ്കിനെ പ്രതികൂലമായി ബാധിച്ചേക്കും.
കേവലം മൂന്ന് സീറ്റ് മാത്രം ഭൂരിപക്ഷമുള്ള, സി പി എം, സി പി ഐ തുടങ്ങിയ ഇടതു കക്ഷികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ ഭരിക്കുന്ന സര്‍ക്കാറിന്റെ ഭാവി എത്ര സുരക്ഷിതമാണെന്ന ചോദ്യവും ഉത്തരം തേടുന്നു. സഖ്യകക്ഷികളുമായുള്ള നയപരമായ ചെറിയൊരു തര്‍ക്കം പോലും സര്‍ക്കാറിന്റെ നിലനില്‍പ്പ് അപകടത്തിലാക്കിയേക്കാം. സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ് തായ് വാഴ്ത്തിനെ അവഗണിച്ചത് ഇടതുകക്ഷികളുടെ കടുത്ത എതിര്‍പ്പിനും വിമര്‍ശത്തിനും വഴിയൊരുക്കുകയുണ്ടായി. ഇത്തരം നിലപാടുകള്‍ ആവര്‍ത്തിച്ചാല്‍ സഖ്യകക്ഷികള്‍ കൈയും കെട്ടി നോക്കിനില്‍ക്കുമോയെന്ന് കണ്ടറിയണം.
Content Highlights:
The TVK government, led by Vijay, has assumed power in Tamil Nadu, marking a significant shift from decades of Dravidian party rule. Upon taking office, the Chief Minister signed orders for 200 units of free electricity for domestic consumers and the formation of a special force for women’s safety. However, the government faces a daunting challenge with the state’s public debt exceeding 9 lakh crore, raising questions about the feasibility of fulfilling electoral promises. Additionally, the administration must navigate complex relationships with the central government and its own coalition partners to ensure stability and growth.







