Connect with us

omicron varient

ഒമിക്രോണിൽ ജാഗ്രത ശക്തം; ആറ് വിമാനത്താവളങ്ങളിൽ ആർ ടി പി സി ആർ നിർബന്ധം

ഒമിക്രോൺ ബാധ കൂടുതലുള്ള, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്

Published

|

Last Updated

ന്യൂഡൽഹി | കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. രാജ്യത്തെ ആറ് വിമാനത്താവളങ്ങളിൽ ആർ ടി പി സി ആർ പരിശോധന ഇന്നലെ മുതൽ നിർബന്ധമാക്കി.

ഒമിക്രോൺ ബാധ കൂടുതലുള്ള, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയർ സുവിധ പോർട്ടലിൽ സജ്ജമാക്കും. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരാണ് ആർ ടി പി സി ആർ പരിശോധനക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. യാത്രക്കാർക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലെന്ന് കണ്ടാൽ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വിമാനത്താവളങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയാണ് വേണ്ടത്.

ഏറ്റവും മുകളിലായി കാണുന്ന “Book Covid19 Test’ ക്ലിക്ക് ചെയ്യുക. തുടർന്ന് അന്താരാഷ്ട്ര യാത്രക്കാരൻ എന്നത് തിരഞ്ഞെടുക്കുക. പേര്, ഇമെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, പാസ്‌പോർട്ട് നമ്പർ, മേൽവിലാസം, എത്തിച്ചേരുന്ന സമയം, തീയതി എന്നിവ രേഖപ്പെടുത്തുക. ആർ ടി പി സി ആർ, റാപിഡ് ആർ ടി പി സി ആർ ഇതിൽ ഏത് വേണമെന്ന് തിരഞ്ഞെടുക്കുകയും വേണം.

അതിനിടെ, രാജ്യത്ത് കൂടുതൽ ഒമിക്രോൺ കേസുകളുടെ എണ്ണം 171 ആയി ഉയർന്നു. ഡൽഹി, കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഇന്നലെ കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര(54)ഡൽഹി(28), രാജസ്ഥാൻ(17), കർണാടക(19), തെലങ്കാന(20), ഗുജറാത്ത്)(11), കേരളം(15) ആന്ധ്രാ പ്രദേശ് (1), ചണ്ഡീഗഢ്( ഒന്ന്), തമിഴ്‌നാട്(ഒന്ന്) പശ്ചിമ ബംഗാൾ (നാല്) എന്നിങ്ങനെയാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കണക്കുകൾ.

Latest