Connect with us

Uae

വാഹന ശല്യം; 2024-ല്‍ മാത്രം 3,054 നിയമലംഘനങ്ങൾ: കർശന ശിക്ഷ നടപ്പിലാക്കും

ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിനെതിരെ അബൂദബി പോലീസ് ബോധവത്കരണ ക്യാമ്പയിനുകള്‍ ശക്തമാക്കിയിട്ടുണ്ട്.

Published

|

Last Updated

അബൂദബി | റോഡുകളില്‍ പ്രത്യേകിച്ച് പാര്‍പ്പിട മേഖലകളില്‍ ഹോണ്‍ ദുരുപയോഗം, ഉച്ചത്തിലുള്ള സംഗീതം, വാഹനങ്ങളുടെ ശബ്ദം വര്‍ധിപ്പിക്കല്‍ തുടങ്ങിയ ശല്യപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷ ആവശ്യപ്പെട്ട് താമസക്കാരും ഡ്രൈവര്‍മാരും. 2024-ല്‍ ഇത്തരം 3,054 ലംഘനങ്ങള്‍ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദുബൈയില്‍ 1,622, അബൂദബിയില്‍ 785, ഷാര്‍ജയില്‍ 504 എന്നിങ്ങനെ വിവിധ എമിറേറ്റുകളിലും നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. ഇത്തരം പെരുമാറ്റങ്ങള്‍ ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടി.

ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം, ശല്യമുണ്ടാക്കുന്ന രീതിയില്‍ ഹോണ്‍ അല്ലെങ്കില്‍ വാഹന സ്റ്റീരിയോ ഉപയോഗിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ചുമത്തും. എന്‍ജിനിലോ ചേസിസിലോ അനധികൃത മാറ്റങ്ങള്‍ വരുത്തിയാല്‍ 1,000 ദിര്‍ഹം പിഴ, 12 ബ്ലാക്ക് പോയിന്റുകള്‍, 30 ദിവസത്തെ വാഹന കണ്ടുകെട്ടല്‍ എന്നിവയാണ് ശിക്ഷ. കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടാന്‍ 10,000 ദിര്‍ഹം നല്‍കണം. അല്ലാത്തപക്ഷം മൂന്ന് മാസത്തിനകം ലേലം ചെയ്യപ്പെടും.

ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിനെതിരെ അബൂദബി പോലീസ് ബോധവത്കരണ ക്യാമ്പയിനുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് യുവാക്കളെയാണ് ഈ ക്യാമ്പയിനില്‍ ലക്ഷ്യമിടുന്നത്. ഉച്ചത്തിലുള്ള സംഗീതവും ഹോണ്‍ ദുരുപയോഗവും റോഡ് ഉപയോക്താക്കളില്‍ ആശയക്കുഴപ്പവും അപകടസാധ്യതയും സൃഷ്ടിക്കുന്നുവെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെയും ജാഗ്രത വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Latest