Kerala
കെ സുധാരന്‍ അനുകൂലികള്‍ കെ പി സി സി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു
'കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ' എന്നെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചത്

തിരുവനന്തപുരം | കെ സുധാകരന്‍ അനുകൂലികള്‍ കെ പി സി സി ഓഫീസിന് മുന്നില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. ‘കെ സുധാകരന്‍ തുടരട്ടെ പിണറായി ഭരണം തുലയട്ടെ’ എന്നെഴുതിയ ബോര്‍ഡാണ് സ്ഥാപിച്ചത്.
കെ സുധാകരനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചര്‍ച്ചകള്‍ വിവാദമായിരിക്കെയാണ് കെ എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരില്‍ ഒരുവിഭാഗം ബോര്‍ഡ് സ്ഥാപിച്ചത്. കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുധാകരന്‍ പരസ്യ പ്രതികരണവും നേതൃത്വത്തിനെതിരെ വെല്ലുവിളികളുമായി രംഗത്തുവന്നിരിക്കെ രാഹുല്‍ ഗാന്ധിതന്നെ രംഗത്തിറങ്ങിയ ഘട്ടത്തിലാണ് സുധാകരനെ അനുകൂലിച്ച് ഒരു വിഭാഗം പരസ്യമായി രംഗത്തിറങ്ങിയത്. സുധാകരനെ മാറ്റിയാല്‍ പാര്‍ട്ടിയില്‍ കാലപമുണ്ടാവുമെന്ന മുന്നറിയിപ്പാണ് ഈ ബോര്‍ഡ് സ്ഥാപിച്ചതിനു പിന്നില്‍ എന്ന് വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ പറയുന്നു.
സുധാകരനെ ബലം പ്രയോഗിച്ച് മാറ്റിയാല്‍ ഉണ്ടായേക്കാവുന്ന കലാപത്തിന്റെ ആഘാതം സംബന്ധിച്ച് മുന്‍ കെ പി സി സി അധ്യക്ഷന്‍മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും രാഹുല്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. അധ്യക്ഷനെ മാറ്റാനുള്ള എ ഐ സി സി ശ്രമങ്ങള്‍ മുന്നോട്ടുപോവാതെ നില്‍ക്കുന്ന ഘട്ടത്തില്‍ രാഹുല്‍ ഇടപെട്ടതോടെ സുധാകരന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ അധ്യക്ഷന്‍മാരായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നിവരോടാണ് തിങ്കളാഴ്ച രാഹുല്‍ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയാല്‍ ഉയര്‍ന്നേക്കാവുന്ന അപശബ്ദങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാവില്ലെന്ന സൂചനയാണ് സുധാകരനെ പരസ്യമായി അനുകൂലിക്കുന്നവര്‍ പോലും രാഹുല്‍ ഗാന്ധിയുമായി പങ്കുവച്ചത് എന്നാണ് വിവരം. കുറച്ച് ദിവസം ചില അലയൊലികള്‍ ഉണ്ടായേക്കാമെങ്കിലും പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിയാല്‍ എല്ലാം കെട്ടടങ്ങുമെന്നുമാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത് എന്നാണ് സൂചന.
സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ മാറ്റാന്‍ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനം. കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.