Connect with us

Kerala

നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ടൊരു കാര്യവുമില്ല, ജാതിഅധിക്ഷേപം; പ്രധാനാധ്യാപികക്കെതിരെ കേസ്

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചു.

Published

|

Last Updated

ആലപ്പുഴ| പേര്‍കാട് എംഎസ്സി എല്‍പി സ്‌കൂളില്‍ പ്രധാനാധ്യാപിക ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കരിങ്കുരങ്ങെന്നും കരിവേടനെന്നും വിളിച്ച് ആക്ഷേപിച്ചു. കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മാതാവ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലും ബാലാവകാശ കമ്മീഷനും പരാതി നല്‍കി.

പരാതിക്കാരിയുടെ രണ്ടു മക്കള്‍ എംഎസ്സി എല്‍പി സ്‌കൂളിലാണ് പഠിക്കുന്നത്. ഇവിടുത്തെ പ്രധാനാധ്യാപിക ഗ്രേസിക്കുട്ടി ഒരു ദിവസം മുഴുവന്‍ മകനെ മൂത്രമൊഴിക്കാന്‍ പോലും വിടാതെ പിടിച്ചുവെച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മകന്‍ കറുമ്പനാണ്. കറുത്ത് കരിങ്കുരങ്ങിനെപ്പോലെയാണ് ഇരിക്കുന്നത്. നീയൊക്കെ പുലയന്മാരല്ലേ നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് പ്രധാനാധ്യാപിക പറഞ്ഞെന്നും മാതാവ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 18ന് സ്‌കൂളില്‍ നിന്ന് തിരികെ വന്ന കുട്ടിയുടെ കൈയില്‍ പാടുകള്‍ കണ്ടു. എന്തുപറ്റി എന്നു ചോദിച്ചപ്പോള്‍ ഗ്രേസി ടീച്ചര്‍ തന്നെ അടിക്കുകയും കവിളില്‍ കുത്തുകയും കൈയില്‍ പിച്ചുകയും ചെയ്‌തെന്നുമാണ് മകന്‍ പറഞ്ഞതായി മാതാവ് പറഞ്ഞു.

പിറ്റേദിവസം സ്‌കൂളില്‍ ചെന്ന് ഗ്രേസി ടീച്ചറോട് എന്തിനാണ് മകനെ ഉപദ്രവിച്ചത് എന്ന് ചോദിച്ചപ്പോള്‍ മറ്റുള്ളവര്‍ കേള്‍ക്കെ ഉച്ചത്തില്‍ നീയൊക്കെ പുലയരല്ലേ, താന്‍ ഇനിയും ഇതുപോലെ കാണിക്കുമെന്നും നീയൊക്കെ എവിടെവേണമെങ്കിലും പരാതി കൊടുത്തോളൂ തനിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്നും പറഞ്ഞു. ചേട്ടന്റെ മകനെയും എന്റെ മകനെയും സ്ഥിരമായി ‘വേടന്‍’ എന്നാണ് ഗ്രേസി ടീച്ചര്‍ വിളിക്കുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

 

 

 

---- facebook comment plugin here -----

Latest