Connect with us

Articles

വ്യാപാര യുദ്ധകാലത്തെ അമേരിക്കന്‍ ആധികള്‍

പരമ്പരാഗത മിലിറ്ററി സംഘര്‍ഷങ്ങളുടെ സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ വ്യാപാര യുദ്ധമെന്നത് മാറുന്ന ലോകക്രമത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാക്കും. ലോകം ആഗോളവത്കരണത്തില്‍ നിന്ന് സാമ്പത്തിക സംഘര്‍ഷത്തിലൂന്നിയ ഒരു ലോകക്രമത്തിലേക്ക് ചുവടുമാറുകയാണോ എന്ന ചോദ്യമുയരുന്നു. വ്യാപാര യുദ്ധമെന്നത് പുതിയ പ്രതിഭാസമല്ലെങ്കിലും രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ തീവ്രമായ വ്യാപാര നയങ്ങള്‍ അതിന് പുതിയ മാനം കൈവരുത്തിയിരിക്കുകയാണ്.

Published

|

Last Updated

ലോകം ഒരു വ്യാപാര യുദ്ധകാല സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം ഉദാരവത്കരണത്തിലൂന്നിയ ലോക സാമ്പത്തിക ക്രമത്തിന് നേതൃത്വം കൊടുത്തത് അമേരിക്കയായിരുന്നു. എന്നാല്‍ അതിന് തുരങ്കം വെക്കുന്ന സാമ്പത്തിക നയത്തിലേക്ക് അമേരിക്ക നീങ്ങിയിരിക്കുകയാണ്. ട്രംപ് ഭരണകൂടം രണ്ടാം തവണയും അധികാരത്തില്‍ വന്നതിന് ശേഷം സാമ്പത്തിക ബന്ധങ്ങളില്‍ കടുത്ത തീരുമാനങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ്. നിലനില്‍ക്കുന്ന താരിഫിന് പുറമെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി തീരുവ ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പരമ്പരാഗത മിലിറ്ററി സംഘര്‍ഷങ്ങളുടെ സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ വ്യാപാര യുദ്ധമെന്നത് മാറുന്ന ലോകക്രമത്തില്‍ പ്രതിസന്ധികള്‍ രൂക്ഷമാക്കും. ലോകം ആഗോളവത്കരണത്തില്‍ നിന്ന് സാമ്പത്തിക സംഘര്‍ഷത്തിലൂന്നിയ ഒരു ലോകക്രമത്തിലേക്ക് ചുവടുമാറുകയാണോ എന്ന ചോദ്യമുയരുന്നു. വ്യാപാര യുദ്ധമെന്നത് പുതിയ പ്രതിഭാസമല്ലെങ്കിലും രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ തീവ്രമായ വ്യാപാര നയങ്ങള്‍ അതിന് പുതിയ മാനം കൈവരുത്തിയിരിക്കുകയാണ്.

അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളാണ് വ്യാപാര യുദ്ധത്തിന് പുതിയ ദിശ കൈവരാന്‍ കാരണമായത്. അമേരിക്ക നിയന്ത്രിക്കുന്ന അല്ലെങ്കില്‍ അമേരിക്കന്‍ മേധാവിത്വത്തിലുള്ള ലോക സാമ്പത്തിക ക്രമത്തിന് ചൈനയുടെ അതിവേഗ സാമ്പത്തിക വളര്‍ച്ച വെല്ലുവിളിയുയര്‍ത്തുന്നുണ്ട്്. ഇത് അമേരിക്കയെ കടുത്ത തീരുമാനങ്ങളിലെത്തിച്ചു എന്നതാണ് യാഥാര്‍ഥ്യം.

താരിഫ് നിരക്കുകളുടെ വന്‍ വര്‍ധനവ് കയറ്റുമതി, ഇറക്കുമതി മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. ആഗോളവത്കരണ കാലത്തെ ഉദാരവത്കരണ നയങ്ങളില്‍ നിന്നുള്ള ശക്തമായ വ്യതിചലനമായി അതിനെ കണക്കാക്കാം. സ്വതന്ത്ര വ്യാപാരമെന്ന, ഉദാരവത്കരണത്തിലൂന്നിയ ലോക സാമ്പത്തിക ക്രമത്തെ കാറ്റില്‍ പറത്തുകയാണ് ഇവിടെ. അമേരിക്ക നേതൃത്വം നല്‍കിയ ഉദാരവത്കരണത്തില്‍ അധിഷ്ഠിതമായ ഒരു സാമ്പത്തിക ക്രമത്തിന് ഇനി എത്ര ആയുസ്സുണ്ട് എന്നത് കണ്ടറിയാം.

ആഭ്യന്തര വിപണി പ്രതിസന്ധിയിലാകുകയും രാഷ്ട്രം സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുമ്പോള്‍ കടുത്ത രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുക സ്വാഭാവികമാണ്. പല രാഷ്ട്രങ്ങളും ഈ അടുത്ത കാലത്തായി സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ട്. ശ്രീലങ്ക അടക്കമുള്ള രാഷ്ട്രങ്ങളില്‍ അത് സമീപകാലത്ത് കണ്ടതാണ്. കടുത്ത മാന്ദ്യം ഒന്നും നിലനില്‍ക്കുന്നില്ലെങ്കിലും അമേരിക്ക സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നത് വാസ്തവമാണ്. കഴിഞ്ഞ മൂന്നോ നാലോ യു എസ് തിരഞ്ഞെടുപ്പുകളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ സാമ്പത്തിക മേഖല തന്നെയായിരുന്നു. ചൈനയുടെ വളര്‍ച്ച അതിവേഗമാകുമ്പോള്‍ പല മേഖലയിലും അമേരിക്കയുടെ വളര്‍ച്ച താഴോട്ട് പോകുകയാണ്. അമേരിക്കയിലെ പണപ്പെരുപ്പ തോതും വര്‍ധിച്ചുവരുന്ന പൊതു, സ്വകാര്യ കടങ്ങളും സാമ്പത്തിക മേഖലയിലെ വളര്‍ച്ചക്ക് വെല്ലുവിളിയുയര്‍ത്തുന്നു. 2008, 2009 കാലഘട്ടങ്ങളില്‍ തുടക്കം കുറിച്ച ലോക മാന്ദ്യത്തില്‍ നിന്ന് പൂര്‍ണമായി കരകയറുന്നതിന് മുമ്പ് കൊവിഡ് വന്നതോടു കൂടി ഒട്ടുമിക്ക രാഷ്ട്രങ്ങളുടെയും സാമ്പത്തിക മേഖല പ്രതിസന്ധിയിലായി. ഇത് അമേരിക്കയെയും ബാധിച്ചു. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. കൊവിഡ് മരണത്തിലും അമേരിക്ക തന്നെയാണ് മുന്നില്‍. നിലവില്‍ അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അത് നാല് ശതമാനത്തിന് മുകളിലായി തുടരുന്നു.
2024ല്‍ ഇലക്ട്രോണിക് വാഹനങ്ങളുടെ താരിഫ് യു എസ് നൂറ് ശതമാനമായി വര്‍ധിപ്പിച്ചു. എന്നാല്‍ ട്രംപ് രണ്ടാമതും അധികാരത്തില്‍ വന്നതോടെ ഈ നയം കൂടുതല്‍ വ്യാപിപ്പിക്കുന്നതാണ് കണ്ടത്. ലോക സാമ്പത്തിക ബന്ധങ്ങളെ തന്നെ അട്ടിമറിക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണ് അമേരിക്ക നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്. വ്യാപാര യുദ്ധത്തിന് അനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അന്താരാഷ്ട്ര കമ്പനികളുമായുള്ള മത്സരത്തില്‍ ആഭ്യന്തര കമ്പനികളെ സഹായിക്കും, ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്‍ഡ് സൃഷ്ടിക്കപ്പെടും, ആഭ്യന്തരമായി കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കും, പ്രാദേശികമായി തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കും, അന്താരാഷ്ട്ര വ്യാപാര കമ്മിയില്‍ ഉണ്ടാകുന്ന വിടവ് നികത്തും, വ്യാപാര മേഖലയിലെ മറ്റു അധാര്‍മിക ഇടപെടലുകളെ നിയന്ത്രിക്കുമെന്നുമൊക്കെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വ്യാപാര യുദ്ധത്തിന് പലതരത്തിലുള്ള വിമര്‍ശങ്ങളുണ്ട്. ആഭ്യന്തര ഉത്പാദനത്തിന്റെ ചെലവ് കൂടുമെന്നും അതുപോലെ പണപ്പെരുപ്പം വര്‍ധിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിപണിയിലെ ഉത്പന്നങ്ങളുടെ കുറവ് വിപണിയിലെ ചോയ്‌സിനെ ബാധിക്കും, മത്സരത്തിലധിഷ്ഠിതമായ വിപണിയെ അത് പിന്നോട്ടടിപ്പിക്കും, പ്രതിഫലനം എന്നോണം സാമ്പത്തിക മേഖല ഒന്നാകെ പിന്നോട്ട് പോകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്താരാഷ്ട്ര തലത്തില്‍ നയതന്ത്ര- രാഷ്ട്രീയ ബന്ധങ്ങളെയും വ്യാപാര യുദ്ധം സാരമായി ബാധിക്കും.
ഒന്നാം ട്രംപ് ഭരണകൂടത്തെ അപേക്ഷിച്ച് രണ്ടാം ട്രംപ് ഭരണകൂടം വ്യാപാര നയം കൂടുതല്‍ തീവ്രമാക്കുകയാണ്. ആദ്യം ചൈനയുമായുണ്ടായ തര്‍ക്കം പിന്നീട് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടത്. വര്‍ധിച്ചുവരുന്ന വ്യാപാര കമ്മി നികത്താന്‍ ഇത് സഹായിക്കുമെന്ന് ട്രംപ് കരുതുന്നു. 2025 മേയ് മാസത്തില്‍ അമേരിക്കന്‍ വ്യാപാര കമ്മി 71 ബില്യണ്‍ യു എസ് ഡോളറാണ്. സാമ്പത്തിക മേഖലയിലെ പ്രതിസന്ധി രാജ്യസുരക്ഷയെ കൂടി ബാധിക്കും. ഇതിന്റെയെല്ലാം പ്രതിഫലനം എന്ന നിലക്കാണ് നിലവിലെ യു എസ് തീരുമാനങ്ങള്‍. അതിനു പുറമെ ട്രംപിന്റെ വ്യക്തിപരമായ നിലപാടുകളും കാര്യങ്ങളെ കൂടുതല്‍ തീവ്രമാക്കുന്നു. ചൈനക്ക് മേല്‍ ഏര്‍പ്പെടുത്തിയ തീരുവക്കുള്ള സ്വാഭാവിക പ്രതികരണം എന്ന നിലക്ക് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും ചൈന കൂടുതല്‍ തീരുവകള്‍ ഏര്‍പ്പെടുത്തി. ദ്രുതഗതിയിലുള്ള ചൈനയുടെ വളര്‍ച്ച അമേരിക്കയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. വ്യാപാര യുദ്ധമെന്നത് കേവലം കച്ചവടയുദ്ധം മാത്രമല്ല, ആഗോളതലത്തില്‍ സാമ്പത്തിക, സാങ്കേതിക, ജിയോ പൊളിറ്റിക്കല്‍ തുടങ്ങിയ മേഖലയിലെ ലോക മേധാവിത്വത്തിന് കൂടിയുള്ള പോരാട്ടമാണ്.
വ്യാപാര യുദ്ധം അമേരിക്കയുടെ എക്കാലത്തെയും സൗഹൃദ രാഷ്ട്രങ്ങളിലേക്കും നാറ്റോ അംഗരാജ്യങ്ങളിലേക്കും കൂടി വ്യാപിപ്പിച്ചു എന്നത് കാര്യങ്ങളുടെ സങ്കീര്‍ണത വ്യക്തമാക്കുന്നു. ജനീവ കരാര്‍ നിലനില്‍ക്കെ തന്നെ ട്രംപ് അതൊക്കെ കാറ്റില്‍ പറത്തി മേയ് 23ന് യൂറോപ്യന്‍ യൂനിയനുമായുള്ള വ്യാപാര ഉത്പന്ന കൈമാറ്റത്തിന് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. പല രാജ്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് ട്രംപ് ഭരണകൂടം. മെക്‌സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിയുടെ തീരുവ വര്‍ധിപ്പിച്ചതോടെ അമേരിക്കയില്‍ തക്കാളിയുടെ വിലയില്‍ വലിയ മാറ്റമുണ്ടായിരിക്കുകയാണ്. അമേരിക്കയുടെ തക്കാളി ഉപയോഗത്തില്‍ 72 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതില്‍ 80 ശതമാനം ഇറക്കുമതി ചെയ്യുന്നത് മെക്‌സിക്കോയില്‍ നിന്നാണ്.
അതിനിടയിലാണ് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ കണ്ടുവരുന്നത്. ഉറ്റ സുഹൃത്തുക്കളായ ട്രംപും മസ്‌കും തമ്മില്‍ തെറ്റിപ്പിരിയുന്ന അവസ്ഥയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രചാരണത്തിന് മുമ്പില്‍ നിന്ന് ട്രംപിനു വേണ്ടി പ്രവര്‍ത്തിച്ച മസ്‌ക് പിന്നീട് അദ്ദേഹത്തിന്റെ ഉപദേശകനായി മാറുകയാണ്. തെറ്റിപ്പിരിഞ്ഞ ഇരുവരും പിന്നീട് സാമൂഹിക മാധ്യമത്തില്‍ തുറന്ന പോര് നടത്തുകയുണ്ടായി. രണ്ടാം ട്രംപ് ഭരണത്തിലെ ഒരു സുപ്രധാന ബില്ല് കൊണ്ടുവന്നതിലുള്ള തര്‍ക്കമാണ് ട്രംപ് ഭരണകൂടവുമായി തെറ്റിപ്പിരിയന്‍ കാരണമായത്. സൗത്താഫ്രിക്കയില്‍ ജനിച്ച മസ്‌ക് അമേരിക്കന്‍ ബിസിനസ്സ് സാമ്രാജ്യമായി വളര്‍ന്ന് പന്തലിക്കുകയായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള യുദ്ധത്തില്‍ ഇരുവരും മൂര്‍ച്ച കൂട്ടിയെങ്കിലും പിന്നീട് വെടിനിര്‍ത്തലിന് തയ്യാറായി. പിന്നീട് അമേരിക്കന്‍ പാര്‍ട്ടി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഒരു പടികൂടി മുന്നോട്ട് പോയി. ലോകത്തിലെ ഏറ്റവും സമ്പന്നനായ ആള്‍ മാത്രമല്ല മസ്‌ക്, സാമൂഹിക, രാഷ്ട്രീയ കാര്യങ്ങളില്‍ ശക്തമായി ഇടപെടുന്ന ആളാണ്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ അദ്ദഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. സ്‌പേസ് സ്റ്റേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക മേഖലയില്‍ മസ്‌കിന്റെ ഇടപെടലുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചു. തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടമായിട്ടാണ് ഇരുവര്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ കണക്കാക്കപ്പെടുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെന്താകും, മസ്‌കിന്റെ പാര്‍ട്ടിക്ക് എന്തെങ്കിലും ചലനങ്ങള്‍ സൃഷിടിക്കാന്‍ കഴിയുമോ, പുതിയ പാര്‍ട്ടിയുടെ ഭാവി എന്തായിരിക്കും എന്നിങ്ങനെ ചോദ്യങ്ങള്‍ ഉയരുകയാണ്. എന്തായാലും, ട്രംപ് സ്വീകരിക്കുന്ന നിലപാടുകളും നയങ്ങളും ആഗോള രാഷ്ട്രീയത്തില്‍ മാത്രമല്ല അമേരിക്കന്‍ രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നു എന്നതാണ് വസ്തുത. സൗഹൃദ രാഷ്ട്രങ്ങളെ പോലും ശത്രു രാഷ്ട്രങ്ങളാക്കി മാറ്റുന്ന ട്രംപിന്റെ തലതിരിഞ്ഞ നയം അമേരിക്കയെ രക്ഷിക്കുമോ ശിക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം.