Kerala
കോട്ടയത്തു നിന്നും കവര്‍ന്ന ബൈക്കുമായെത്തി തിരുവല്ലയില്‍ മോഷണശ്രമം; മൂവര്‍ സംഘം അറസ്റ്റില്‍
പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത് (21), പന്തളം കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ വീട്ടില്‍ ജിഷ്ണു (19), പതിനേഴുകാരനായ ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്.

തിരുവല്ല | കവര്‍ന്ന ബൈക്കുമായി മോഷണത്തിനെത്തിയ മൂവര്‍ സംഘം അറസ്റ്റില്‍. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയില്‍ വീട്ടില്‍ അഭിജിത് (21), പന്തളം കടയ്ക്കാട് പണ്ടാരത്തില്‍ തെക്കെപ്പാറ വീട്ടില്‍ ജിഷ്ണു (19), പതിനേഴുകാരനായ ഒരാള്‍ എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ രാത്രി പെരുന്തുരുത്തിയില്‍ ഒരു ഫര്‍ണിഷിങ് ഷോപ്പിനോടു ചേര്‍ന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതിനിടയിലാണ് പ്രതികള്‍ തിരുവല്ല പോലീസിന്റെ പിടിയിലായത്. എറണാകുളം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞശേഷം ഈയിടെയാണ് അഭിജിത്ത് പുറത്തിറങ്ങിയത്. പന്തളത്തും പരിസര പ്രദേശങ്ങളിലും ‘ബ്ലാക്ക് മാന്‍ ‘ മോഡല്‍ മോഷണ പരമ്പര നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. പതിനേഴുകാരനും ഈ കവര്‍ച്ചാ പരമ്പര കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. ഇയാള്‍ മുമ്പ് മൊബൈല്‍ മോഷണത്തിന് തിരുവല്ല പോലീസെടുത്ത കേസിലും ഉള്‍പ്പെട്ടു.
ജിഷ്ണു പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. കോട്ടയത്തു നിന്നും മോഷ്ടിച്ചതായിരുന്നു ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍ സൈക്കിള്‍. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷിന്റെ മേല്‍നോട്ടത്തില്‍ എ എസ് ഐ. ബിനുകുമാര്‍, സി പി ഒമാരായ സന്തോഷ് കുമാര്‍, വിനോദ് മുരളി, ശ്യാം എസ് പണിക്കര്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.