National
ഇന്ന് രാത്രി നിര്‍ണായകം; വ്യോമാക്രമണം നേരിടാന്‍ ശക്തമായ മുന്നൊരുക്കം
രാത്രി എട്ട് മുതല്‍ ബ്ലാക്ക് ഔട്ട്; അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പ്രകോപിതരായ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ആക്രമണം കടുപ്പിക്കാനൊരുങ്ങിയ സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. ഇന്ന് രാത്രി പാകിസ്ഥാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയെ ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പാക് സൈന്യത്തിന് പാക് ദേശീയ സുരക്ഷാ സമിതി നല്‍കിയിരുന്നു. ആക്രമണ സാധ്യത മുന്നിൽ കണ്ട് പാക് അതിർത്തിക്ക് സമീപമുള്ള ഇന്ത്യക്കാരെയെല്ലാം ആശുപത്രികളിലേക്കും മറ്റ് സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുകയാണ്.
വ്യോമാക്രമണം ഉള്‍പ്പെടെ തടുക്കാന്‍ ശക്തമായ മുന്നൊരുക്കമാണ് രാജ്യത്ത് നടക്കുന്നത്. വ്യോമാക്രമണമുണ്ടായാല്‍ രക്ഷപ്പെടാനുള്ള ബങ്കറുകള്‍ സംഘര്‍ഷ സാധ്യതാ മേഖലകളിലെല്ലാം സജ്ജമാണ്. ഇന്ന് രാത്രി എട്ട് മണി മുതല്‍ രാജ്യത്ത് ബ്ലാക്ക് ഔട്ട് നടത്തും. 15 മിനുട്ട് നേരം ലൈറ്റുകള്‍ അണക്കണമെന്നാണ് നിര്‍ദേശം. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ ഓഫീസ്, ആശുപത്രികള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നിടങ്ങളിലെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനാണ് ശ്രമം. പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്ന സാഹചര്യത്തിലാണ് രാജ്യാതിര്‍ത്തിയില്‍ യുദ്ധകാലടിസ്ഥാനത്തിൽ ഒഴിപ്പിക്കുന്നത്. വിവിധ വിഭാഗം സൈന്യം മേഖലയില്‍ സുരക്ഷ ഏറ്റെടുത്തുകഴിഞ്ഞു. പ്രതിരോധ സംവിധാനങ്ങളെല്ലാം സുശക്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിര്‍ദേശങ്ങളെല്ലാം പാലിക്കണമെന്നും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, കശ്മീരില്‍ ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. നൂറോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ 80ഓളം ഭീകരറാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയായിരുന്നു പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്.