Connect with us

Kerala

പത്തനംതിട്ട എം സി റോഡ് കുരമ്പാലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പന്തളം ചേരിക്കല്‍ മീനത്ത് ചരിഞ്ഞതില്‍ സൈദു മുഹമ്മദിന്റെ മകന്‍ മുഹമ്മദ് റിയാസ് (34) ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു.

Published

|

Last Updated

പന്തളം | പത്തനംതിട്ട എം സി റോഡില്‍ കുരമ്പാലയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും രണ്ടു ബൈക്കിലും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. പന്തളം ചേരിക്കല്‍ മീനത്ത് ചരിഞ്ഞതില്‍ സൈദു മുഹമ്മദിന്റെ മകന്‍ മുഹമ്മദ് റിയാസ് (34) ആണ് മരിച്ചത്. റിയാസിനോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പന്തളം ചേരിക്കല്‍ ഭരത് ഭവനത്തില്‍ ഭരത് മോഹന്‍ (26), മറ്റൊരു ബൈക്ക് യാത്രക്കാരനായ പന്തളം കുടശ്ശനാട് അമല്‍ നിവാസില്‍ അമല്‍ജിത്ത് (29) എന്നിവര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഭാരത് മോഹന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമല്‍ജിത്തിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തില്‍ സാരമായി പരുക്കേറ്റ റിയാസിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണത്തിന് കീഴടങ്ങി. അടൂര്‍ വടക്കേടത്തുകാവിലെ ടാറ്റാ നെക്സോണ്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട മൂന്നുപേരും. രണ്ട് ബൈക്കിലായി പന്തളത്തു നിന്നും അടൂരിലേക്ക് പോയതായിരുന്നു ഇവര്‍.

എം സി റോഡില്‍ കുരമ്പാല പത്തിരിപ്പടിയില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഭാര്യയെ വിദേശത്തേക്ക് യാത്രയാക്കി കല്ലിശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിനോജ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന പന്തളം സ്വദേശി ശ്രീകുമാറിന്റെ കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന്റെ പിന്നിലായി ഉണ്ടായിരുന്ന രണ്ടു ബൈക്കുകളിലും ഇടിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഗതാഗത കുരുക്കനുഭവപ്പെട്ടു. അടൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷാസേന അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പന്തളം പോലീസും സ്ഥലത്തെത്തി. പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാളെ ഉച്ചയ്ക്ക് രണ്ടിന് ചേരിക്കല്‍ മുസ്‌ലിം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ശിഫ റിയാസ് ആണ് മരിച്ച മുഹമ്മദ് റിയാസിന്റെ ഭാര്യ. മകള്‍: അസ്വ മറിയം.