VD SATHEESHAN
സി പി എം ഭീകര സംഘടനയായി അധഃപതിച്ചുവെന്നു വി ഡി സതീശൻ
ശുഐബ് വധക്കേസില്‍ സി ബി ഐ അന്വേഷണത്തെ സി പി എം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായി.

തിരുവനന്തപുരം | ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകള്‍ സി പി എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സി പി എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുണ്ടാ മാഫിയകളുമായും ക്രിമിനല്‍ സംഘങ്ങളുമായും സി പി എമ്മിനുള്ള ബന്ധം ഭരണത്തണലില്‍ തഴച്ചുവളരുകയാണ്. കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണത്. ശുഐബ് വധക്കേസില്‍ സി ബി ഐ അന്വേഷണത്തെ സി പി എം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായി.
എല്ലാം ചെയ്യിച്ചത് പാര്‍ട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വന്നിട്ട് കേരള പോലീസ് ചെറുവിരല്‍ അനക്കിയിട്ടില്ല. സത്യം പുറത്തു വരാന്‍ സി ബി ഐ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.