Connect with us

vakkom purushothaman

വക്കം പുരുഷോത്തമൻ അന്തരിച്ചു

ഉച്ചയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

Published

|

Last Updated

തിരുവനന്തപുരം | മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുൻ മിസോറാം, ത്രിപുര ഗവർണർ, ലോക്സഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമൻ.

കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹം നാളെ (ആഗസ്റ്റ് ഒന്ന്) രാവിലെ 9.30ന് തിരുവനന്തപുരം ഡിസിസിയിലെത്തിക്കും. തുടര്‍ന്ന് കെപിസിസിയിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും.ആറ്റിങ്ങല്‍ കച്ചേരിനടയില്‍ പ്രത്യേകം ക്രമീകരിച്ച പന്തലില്‍ ഉച്ചയ്ക്ക് 1.30ന് പൊതുദര്‍ശനം.വക്കം പുരുഷോത്തമന്റെ കര്‍മ്മമണ്ഡലം കൂടിയായ ആറ്റിങ്ങലിലെ പൊതുദര്‍ശന ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം വക്കത്തെ കുടുംബവീട്ടിവേക്ക് കൊണ്ടുപോകും. ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് കുടുംബവീടായ വക്കത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടെയും ഭവാനിയുടെയും മകനായി 1928 ഏപ്രിൽ 12നാണ് ജനനം. 1946-ൽ സ്റ്റുഡൻറ്സ് കോൺഗ്രസ് എന്ന വിദ്യാർഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡി സി സി പ്രസിഡൻറ്, കെ പി സി സി ജന. സെക്രട്ടറി, വൈസ് പ്രസിഡൻറ്, എ ഐ സി സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എം എ, എൽ എൽ ബി ബിരുദങ്ങൾ നേടി.

അഞ്ച് തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാലാം നിയമസഭയിൽ ആറ്റിങ്ങലിൽ നിന്നാണ് അദ്ദേഹം ആദ്യമായി അംഗമാകുന്നത്. അന്ന് കോൺഗ്രസ് (ആർ) ടിക്കറ്റിലാണ് നിയമസഭയിലെത്തിയത്. മൂന്ന് തവണ മന്ത്രിയായി. ഉമ്മൻ ചാണ്ടി ചികിത്സക്ക് വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ താത്കാലിക പദവിയും വഹിച്ചു. 1971-1977, 1980-1981, 2001-2004 കാലയളവിലാണ് മന്ത്രി പദവി വഹിച്ചത്. കൃഷി, തൊഴിൽ, ആരോഗ്യം, ടൂറിസം, ധനം, എക്‌സൈസ് വകുപ്പുകളാണ് കൈകാര്യം ചെയ്തത്.

1982-1984 കാലത്ത് നിയമസഭാ സ്പീക്കറായിരുന്നു. 1984-1989, 1989-1991 കാലയളവിൽ ആലപ്പുഴ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് ലോക്സഭാംഗവുമായി. 1993-1996 കാലത്ത് ആൻഡമാൻ & നിക്കോബാർ ലഫ്റ്റനൻറ് ഗവർണറായും സേവനം ചെയ്തു. 2011-2014 കാലത്ത് മിസോറമിലും 2014ൽ മണിപ്പൂരിലും ഗവർണർ പദവി വഹിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ല്‍ എന്‍ ഡി എ അധികാരത്തിലെത്തിയതോടെ വക്കം പുരുഷോത്തമനെ മിസോറമില്‍ നിന്ന് നാഗാലാന്‍ഡിന്റെ ഗവര്‍ണറായി മാറ്റുകയും ഇതില്‍ പ്രതിഷേധിച്ച് ആ വര്‍ഷം ജൂലൈ 11ന് ഗവര്‍ണര്‍ സ്ഥാനം രാജിവെക്കുകയുമായിരുന്നു.

ഡോ. ലില്ലി പുരുഷോത്തമനാണ് ഭാര്യ. മക്കള്‍: ബിനു, ഡോ.ബിന്ദു പുരുഷോത്തമന്‍, പരേതനായ ബിജു. മൂത്തമകന്‍ ബിജു ദീര്‍ഘനാളത്തെ രോഗത്തിന് ശേഷം 2012 ജനുവരി 18നാണ് മരിച്ചത്.

---- facebook comment plugin here -----

Latest