Kerala
മെസ്സിയുടെ കേരള സന്ദര്‍ശനം; കേസില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
വി അബ്ദുറഹിമാനെ അഴിമതി തടയല്‍ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു
തിരുവനന്തപുരം | മെസ്സിയുടെ കേരള സന്ദര്‍ശനത്തിന്റെ പേരില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. അഴിമതി നിരോധന വകുപ്പ് ചുമത്തി പ്രത്യേക അന്വേഷണ സംഘത്തിന് (എസ് എ ടി) കേസന്വേഷണം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ അഴിമതി തടയല്‍ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇതിനായുള്ള ഫയല്‍ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.
കേസില്‍ അന്വേഷണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വി അബ്ദുറഹിമാന്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതിപ്പട്ടികയിലേക്ക് കൂടുതല്‍ പേര് ഉള്‍പ്പെടാനും സാധ്യതയുണ്ട്.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഈ ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ് ഐ ടി ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നും വിവരം തേടും. ഈ വിവരങ്ങള്‍ കൂടി ലഭിച്ചതിന് ശേഷമായിരിക്കും കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുക.
വി അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനും അടക്കം നാല് പേരാണ് നിലവില്‍ കേസിലെ പ്രതികള്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ വി അബ്ദുറഹിമാന് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് കേസ്.
Content Highlights:Kerala government issued an order naming former Sports Minister V Abdurahiman as an accused in the Lionel Messi visit corruption case. Following Governor approval, the SIT will file a Vigilance Court report alleging misuse of office to favor Reporter Broadcasting Company, alongside four other accused.


