Connect with us

National

ഇന്ത്യക്കാരനെ വിവാഹം കഴിച്ചതുകൊണ്ട് വിസയോ സ്ഥിരതാമസ അവകാശമോ സ്വമേധയാ ലഭിക്കില്ല: ഡല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തന്റെ ഇ ടൂറിസ്റ്റ് വിസ എന്‍ട്രി വിസയായി മാറ്റണമെന്ന് ആവശ്യപ്പെട്ട് യു എസ് വനിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അമിത് മഹാജന്‍ വിധി പുറപ്പെടുവിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രം ഒരു വിദേശ പൗരന് വിസയോ രാജ്യത്ത് തുടര്‍ന്ന് താമസിക്കാനുള്ള സ്വാഭാവിക അവകാശമോ ഉണ്ടാകുന്നില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിദേശ പൗരന്മാരുടെ പ്രവേശനവും തുടര്‍ന്നുള്ള താമസവും രാജ്യത്തിന്റെ പരമാധികാര വിവേചനാധികാരത്തില്‍ വരുന്ന കാര്യമാണെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് തന്റെ ഇ ടൂറിസ്റ്റ് വിസ എന്‍ട്രി വിസയായി മാറ്റണമെന്ന് ആവശ്യപ്പെട്ട് യു എസ് വനിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അമിത് മഹാജന്‍ വിധി പുറപ്പെടുവിച്ചത്.

വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്നതുകൊണ്ട് മാത്രം വിസയ്ക്കുള്ള അപേക്ഷയിലെ സാഹചര്യങ്ങളും അപേക്ഷകയുടെ അര്‍ഹതയും പരിശോധിക്കുന്നതില്‍ നിന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിസയും ഇമിഗ്രേഷന്‍ ആനുകൂല്യങ്ങളും നേടിയെടുക്കാനുള്ള സൗകര്യത്തിനായി നടത്തിയ വിവാഹമായിരിക്കാം ഇതെന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സംശയം നിലവിലെ സാഹചര്യങ്ങളില്‍ ന്യായമാണെന്ന് കോടതി വിലയിരുത്തി.

ഇത് ഹര്‍ജിക്കാരിയുടെ മൂന്നാമത്തെ വിവാഹമാണ്. ഒ സി ഐ കാര്‍ഡുള്ള ആദ്യ ഭര്‍ത്താവുമായുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് ഇവരുടെ ഒ സി ഐ പദവി റദ്ദാക്കിയിരുന്നു. രണ്ടാമത്തെ വിവാഹത്തിന്റെ പേരിലും ഇവര്‍ വിസ നീട്ടാന്‍ ശ്രമിച്ചിരുന്നു. നിലവിലെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവര്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നതെന്നും, മുമ്പ് വിസ ആനുകൂല്യങ്ങള്‍ക്ക് ശ്രമിച്ച സമയത്തും ഇയാള്‍ ഒപ്പമുണ്ടായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. കൂടാതെ, ദാമ്പത്യബന്ധം സംബന്ധിച്ച് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നില്ല.

നാടുകടത്തലില്‍ നിന്നുള്ള സംരക്ഷണവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കാരിയുടെ അപേക്ഷ കോടതി തള്ളി. അതേസമയം, വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ച് കോടതി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നും, വിസ ആനുകൂല്യങ്ങള്‍ പരിശോധിക്കുന്ന കാര്യത്തില്‍ മാത്രമാണ് വിധി ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: The Delhi High Court ruled that marrying an Indian citizen does not grant foreign nationals an automatic right to a visa or residency. Dismissing a US woman’s plea, Justice Amit Mahajan noted that immigration authorities can investigate marriages of convenience. The court also rejected her plea against deportation
---- facebook comment plugin here -----

Latest