Connect with us

International

യുദ്ധം തുടരുന്നതിനിടെ യുക്രൈന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

പര്യടനത്തിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും.

Published

|

Last Updated

കീവ് / ന്യൂയോര്‍ക്ക് | റഷ്യ – യുക്രൈന്‍ യുദ്ധം അമ്പത് ദിവസം പിന്നിട്ടും തുടരുന്നതിനിടെ യുക്രൈന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന്‍ ഉടന്‍ കീവ് സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസില്‍ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം ആദ്യം കീവിലെത്തും. ഇതിന് ശേഷം ബൈഡനോ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ യുക്രൈനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പര്യടനത്തിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും കീവ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

യുക്രൈയിനിലേക്ക് അമേരിക്ക തുടര്‍ച്ചയായി സഹായം അയക്കുന്നുണ്ട്. അടുത്തിടെ, യുഎസ് 800 മില്യണ്‍ ഡോളര്‍ സഹായം യുക്രൈന് പ്രഖ്യാപിച്ചിരുന്നു. യുക്രൈനുള്ള യുഎസിന്റെ മൊത്തം സഹായം 3 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ 9 ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കീവ് സന്ദര്‍ശിച്ചിരുന്നു. സെലെന്‍സ്‌കിക്കൊപ്പം കീവിലെ തെരുവുകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ തലവന്‍മാരും ഏപ്രിലില്‍ യുക്രൈന്‍ സന്ദര്‍ശിച്ചിരുന്നു.

റഷ്യ- യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അയല്‍രാജ്യമായ പോളണ്ട് സന്ദര്‍ശിച്ചിരുന്നു.

 

Latest