Connect with us

From the print

ആക്രമണം തുടര്‍ന്ന് യു എസും ഇറാനും; ഉന്നം എണ്ണപ്പാടം

ഹോര്‍മുസ് അടച്ചു. ഭീഷണിയുമായി ട്രംപ്.

Published

|

Last Updated

തെഹ്റാന്‍/ വാഷിംഗ്ടണ്‍ | പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷ മങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമിച്ച് യു എസും ഇറാനും. സമാധാന കരാറില്‍ എത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ ആക്രമണം കടുപ്പിക്കുമെന്ന് യു എസ് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു. ശക്തമായ ആക്രമണം നടത്തുമെന്നും ഇറാന്റെ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഇറാന്റെ എണ്ണ- വാതക വിപണികളുടെ പൂര്‍ണനിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ഈ മേഖലയിലൂടെയുള്ള എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ എല്ലാ ഗതാഗതവും തടയുമെന്ന് ഇറാന്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിനു സമീപം യു എസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തെകര്‍ന്നുവീണതോടെയാണ് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. ഇറാനിലെ വിവിധ നഗരങ്ങളില്‍ യു എസ് ആക്രമണം ശക്തമാക്കി. ഇറാന്റെ നിരീക്ഷണ സംവിധാനങ്ങള്‍, വാര്‍ത്താവിനിമയ ശൃംഖലകള്‍, വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ബന്ദര്‍ അബ്ബാസ്, ഖ്വഷം ദ്വീപ്, സിരിക് തുറമുഖം, കരാജ് എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാന്റെ ഭാഗത്തു നിന്നുള്ള തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയായാണ് ആക്രമണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ മേഖലയിലെ യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര്‍ ജി സി) അറിയിച്ചു. കുവൈത്ത്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ 18 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ബഹ്റൈനിലെ യു എസ് നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയും ഇതില്‍ ഉള്‍പ്പെടും. ജോര്‍ദാനിലെ അല്‍ അസ്റഖ് യു എസ് എയര്‍ബേസ് ലക്ഷ്യമിട്ട് രണ്ടാം ദിവസം 18 ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളാണ് നടത്തിയതെന്ന് ഐ ആര്‍ ജി സി അറിയിച്ചു.

ഹോര്‍മുസ് അടച്ചെന്ന ഇറാന്റെ വാദം തള്ളിയ യു എസ് കടലിടുക്കിലൂടെ ഇപ്പോഴും വാണിജ്യ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്ന് വ്യക്തമാക്കി. ഇറാന്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് തലസ്ഥാനമായ മനാമയിലും ഹമദ് നഗരത്തിലും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും 11 വയസ്സുകാരിക്ക് നിസ്സാര പരുക്കേറ്റതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കുവൈത്ത് വ്യോമപാത താത്കാലികമായി അടച്ചെങ്കിലും പിന്നീടു തുറന്നു.

ചര്‍ച്ച തുടരുന്നു
പ്രാഥമിക കരാറിലെത്താനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്. മരവിപ്പിച്ച സ്വത്തുക്കളില്‍ ആറ്- 12 ബില്യന്‍ ഡോളര്‍ വിട്ടുകൊടുക്കണമെന്നാണ് ഇറാന്റെ ആവശ്യം. എന്നാല്‍, ഇതിന് യു എസ് തയ്യാറല്ലെന്നാണ് വിവരം. സമാധാന കരാറിലെത്തണമെങ്കില്‍ സായുധ സംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്.

കാണാതായ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി | ഒമാന്‍ തീരത്തുവെച്ച് എണ്ണ ടാങ്കറിന് നേരെയുണ്ടായ യു എസ് ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടു. പലാവു പതാകയേന്തിയ ‘സെറ്റെബെല്ലോ’ കപ്പലിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. 24 ഇന്ത്യക്കാരുള്‍പ്പെടെ 28 പേരാണ് കപ്പലിലുണ്ടായിരുന്നത്. 21 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയിരുന്നു. ഡക്ക് കാഡറ്റ് ആദിത്യ ശര്‍മ, എന്‍ജിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്നാല സുരേഷ് എന്നിവരെയാണ് കാണാതായിരുന്നത്. മൂന്ന് പേരും മരിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അറിയിച്ചു.

ടാങ്കര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ഇറാനില്‍ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും ആരോപിച്ചാണ് അമേരിക്കന്‍ സൈന്യം കപ്പലിന് നേരെ ‘ആക്രമണം നടത്തിയത്. ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം തടയുന്നതിനായി ഒമാന്‍ ഉള്‍ക്കടലില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധ നടപടികളുടെ ഭാഗമായാണ് ആക്രമണമെന്നാണ് വിശദീകരണം.

ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. അതീവ ആശങ്കാജനകമായ സാഹചര്യമാണിതെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇത്തരം ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ നാവികരുടെ മരണത്തിന് പിന്നാലെ ന്യൂഡല്‍ഹിയിലെ യു എസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

 

 

---- facebook comment plugin here -----

Latest