Connect with us

From the print

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ എതിര്‍ക്കുന്നതില്‍ വീഴ്ചപറ്റി; റിപോര്‍ട്ടിലെ തെറ്റ് തിരുത്തി സി പി എം

ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ തെറ്റുപറ്റി. എ പത്മകുമാറിനെതിരെ നടപടി 15ന് തീരുമാനിക്കും.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തിരുത്തല്‍ നടപടികള്‍ ആരംഭിച്ച് സി പി എം. പരാജയവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അവലോക റിപോര്‍ട്ടില്‍ സംസ്ഥാന സമിതി മൂന്ന് സുപ്രധാന തിരുത്തലുകള്‍ വരുത്തി. വെള്ളാപ്പള്ളി നടേശന്റെ നിരന്തരമായ വിദ്വേഷ പ്രസ്താവനകള്‍ കൈകാര്യം ചെയ്ത രീതി, തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വ വിവാദം, ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ എ പത്മകുമാറിനെതിരായ നടപടി തുടങ്ങിയ കാര്യങ്ങളിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് തിരുത്താന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്.

ഇതനുസരിച്ച് തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന സെക്രട്ടറി റിപോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി. തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപോര്‍ട്ടിലുള്ളത്. പ്രാദേശിക വിഭാഗീയതയും എസ് ഐ ആര്‍ അടക്കമുള്ള നടപടികളുമാണ് തളിപ്പറമ്പിലെ തോല്‍വിക്ക് കാരണമെന്നായിരുന്നു സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. സംസ്ഥാന കമ്മിറ്റിയില്‍ റിപോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നു. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത 73 പേരില്‍ 70 പേരും പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും താത്പര്യപ്രകാരമായിരുന്നു. ആ തീരുമാനത്തില്‍ വീഴ്ചയുണ്ടെന്നും നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.

വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷവിരുദ്ധ വിദ്വേഷ പ്രസ്താവനകളെ എതിര്‍ക്കുന്നതില്‍ സി പി എം നേതൃത്വത്തിന് വീഴ്ചപറ്റിയെന്നതാണ് മറ്റൊരു തിരുത്ത്. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നുവെന്ന് സമ്മതിച്ചു. നേരത്തേ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരെ നിലപാട് മയപ്പെടുത്തിയിരുന്നു. മുസ്ലിംകള്‍ക്കെതിരെയല്ല, മുസ്ലിം ലീഗിനെതിരെയാണ് പ്രസ്താവനയെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സി പി എം നേതൃത്വത്തിന്റെ ആദ്യ നിലപാട്. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെയും സി പി എം നേതൃത്വം ന്യായീകരിച്ചിരുന്നു. എന്നാല്‍, വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളെ പാര്‍ട്ടി നേതൃത്വം അപ്പോള്‍ തന്നെ എതിര്‍ക്കേണ്ടതായിരുന്നു എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. നടപടി തീരുമാനിക്കാന്‍ സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യാനായി തിങ്കളാഴ്ച ജില്ലാ കമ്മിറ്റി ചേരും.

ശബരിമല സ്വര്‍ണക്കൊള്ള ആരോപണം സി പി എമ്മിന്റെ തിരഞ്ഞെടുപ്പ് റിവ്യൂ റിപോര്‍ട്ടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് നടപടിക്കാര്യത്തില്‍ തീരുമാനമെടുത്തത്.

 

---- facebook comment plugin here -----

Latest