From the print
ഷിഗെല്ല വ്യാപനത്തില്‍ ആശങ്ക; മുന്‍കരുതലുമായി ആരോഗ്യവകുപ്പ്
പകരുന്നത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്.
തിരുവനന്തപുരം | സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കൂടുതല്‍ ജില്ലകളിലേക്ക് ഷിഗെല്ല പടരുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്താണ് മൂന്ന് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഷിഗെല്ല വ്യാപനം സ്ഥിരീകരിച്ച ജില്ലകളുടെ എണ്ണം നാലായി. നേരത്തേ, കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മൂന്നര വയസ്സുകാരിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ വയനാട്ടില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളില്‍ രോഗം റിപോര്‍ട്ട് ചെയ്തതോടെ കാര്യമായ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണെന്നിരിക്കെ വ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എന്താണ് ഷിഗെല്ല?
ഷിഗെല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് എന്ന് വിളിക്കുന്ന രോഗാണുബാധക്ക് കാരണമാകുന്നത്. വയറിളക്കമാണ് പ്രധാന ലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാണ്. മലിനജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്തിടപഴകുക, രോഗബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
രോഗ ലക്ഷണങ്ങള്‍
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാല്‍ വയറിളക്കമുണ്ടാകുമ്പോള്‍ രക്തവും പുറന്തള്ളപ്പെടാം. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയും പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജനം, നിര്‍ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
മുന്‍കരുതലുകള്‍
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക. രോഗ ലക്ഷണങ്ങളുള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ച ശല്യം ഒഴിവാക്കുക. പാകം ചെയ്യുന്ന സ്ഥലങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം. ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കാതിരിക്കുക. വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യണം.
കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ലക്ഷണമുള്ളവര്‍ ഒ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.







