From the print
നിപ്പാ, ഷിഗെല്ല: ഭയം വേണ്ട, ജാഗ്രത മതി
നിപ്പാക്കുള്ള റെംഡിസിവര്‍ മരുന്ന് സ്റ്റോക്കില്ല. ആവശ്യക്കുറവ് കാരണം ഉത്പാദനം നിര്‍ത്തി. തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം.
കോഴിക്കോട് | നിപ്പാ രോഗചികിത്സക്ക് ഉപയോഗിക്കുന്ന റെംഡിസിവര്‍ മരുന്ന് രാജ്യത്ത് കിട്ടാനില്ല. ആവശ്യക്കുറവ് കാരണം മരുന്ന് കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയതാണ് കാരണം. 2021ല്‍ കൊവിഡ് വന്നപ്പോഴും 2023ല്‍ നിപ്പാ റിപോര്‍ട്ട് ചെയ്തപ്പോഴുമെല്ലാം ഈ മരുന്നായിരുന്നു ചികിത്സക്ക് ഉപയോഗിച്ചിരുന്നത്.
കൊവിഡ് കേസുകള്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മരുന്നിന് വലിയ ആവശ്യകത വന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കമ്പനികള്‍ മരുന്ന് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങള്‍ കാണുന്നതിന്റെ ആദ്യ ഘട്ടത്തിലാണ് മരുന്ന് ഉപയോഗിക്കുന്നത്. എന്നാല്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ രോഗം സ്ഥിരീകരിച്ച രോഗിയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ട് രണ്ടാഴ്ചയെങ്കിലുമായി. ഇതുകൊണ്ട് തന്നെ റെംഡിസിവര്‍ മരുന്ന് ലഭിച്ചാലും ഫലപ്രാപ്തി ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
റെംഡിസിവര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ റിബവൈറിന്‍ മരുന്നാണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമെന്നതില്‍ ആരോഗ്യവിദഗ്ധര്‍ക്ക് സംശയമുണ്ട്. നിപ്പാ സംസ്ഥാനത്ത് ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് റിബവൈറിന്‍ മരുന്നാണ് ഉപയോഗിച്ചിരുന്നത്.
അതേസമയം സംസ്ഥാനത്ത് റെംഡിസിവര്‍ മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മരുന്ന് എത്രയും പെട്ടെന്ന് കോഴിക്കോട്ട് എത്തിക്കണമെന്ന് ഐ സി എം ആറിനോട് സംസ്ഥാന ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
റെംഡിസിവറും മോണോക്ലോണല്‍ ആന്റിബോഡിയും നല്‍കിയാല്‍ രോഗമുക്തി നേടാനാകുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. കേന്ദ്ര സര്‍ക്കാറാണ് മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടത്. ഇതുപ്രകാരം ലഭിക്കുന്ന മരുന്ന് സംസ്ഥാനത്തിന് സ്റ്റോക്ക് ചെയ്യാം.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്ത് നിപ്പാ, ഷിഗെല്ല രോഗബാധ സംബന്ധിച്ച സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍.
ഇന്ന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ 41കാരനാണ് രോഗം സ്ഥിരീകരിച്ചത്.
നിപ്പാ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ക്ക് യാതൊരു ക്ഷാമവുമില്ലെന്ന് മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും കൊണ്ടുവരുന്ന പ്രത്യേക മരുന്ന് നിലവില്‍ ചെന്നൈയില്‍ ലഭ്യമാണ്. അത് കേരളത്തിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഔദ്യോഗികമായി വിവരങ്ങള്‍ അറിയിച്ചു. നിപ്പാ, ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഷിഗെല്ല പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
ആകെ 514 പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.







