Connect with us

National

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജഡ്ജിക്ക് യു പി സർക്കാറിന്റെ 'ഉപകാരസ്മരണ'

വാരാണസി ജില്ലാ ജഡ്ജിയായി വിരമിച്ച അജയ കൃഷ്ണ വിശ്വേശയെ സർക്കാർ സർവകലാശാലയിൽ ലോക്പാൽ (ഓംബുഡ്സമാൻ) ആയി നിയമിച്ചു

Published

|

Last Updated

ന്യൂഡൽഹി | വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ ജഡ്ജിയെ ലോക്പാലായി നിയമിച്ച് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. വാരാണസി ജില്ലാ ജഡ്ജിയായി വിരിമിച്ച അജയ കൃഷ്ണ വിശ്വേശക്കാണ് സർക്കാർ സർവകലാശാലയിൽ ലോക്പാൽ (ഓംബുഡ്സമാൻ) ആയി നിയമനം നൽകിയത്.

കഴിഞ്ഞ ജനുവരി 31നാണ് അജയ് വിശ്വേശ സർവീസിൽ നിന്ന് വിരമിച്ചത്. അന്ന് തന്നെയാണ് അദ്ദേഹം പള്ളി ഹിന്ദുക്കൾക്ക് പൂജ നടത്താൻ തുറന്നുകൊടുത്ത വിധിപ്രസ്താവം നടത്തിയതും. ഇതിന് ശേഷം ഒരു മാസം പൂർത്തിയാകും മുമ്പാണ് യു പി സർക്കാറിന്റെ ‘ഉപകാരസ്മരണ’. യോഗി ആദിത്യനാഥ് ചെയർമാനായ ‘ഡോ. ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്‌സിറ്റി’യിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. വിദ്യാർഥികളുടെ പരാതികൾ തീർപ്പാക്കലാണ് അദ്ദേഹത്തിന്റെ ചുമതല. സർവകലാശാലയിൽ ഈ പദവിയിൽ ആദ്യമായാണ് ഒരാളെ നിയമിക്കുന്നതും.

അതേസമയം, യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യുജിസി) അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വിശ്വേശയെ നിയമിച്ചതെന്ന് സർവകലാശാല വക്താവ് യശ്വന്ത് വിരോധേ പറഞ്ഞു. വിരമിച്ച വൈസ് ചാൻസലറോ റിട്ടയേർഡ് പ്രൊഫസറോ റിട്ടയേർഡ് ജില്ലാ ജഡ്ജിയോ ആണ് പദവിയിൽ ഇരിക്കേണ്ടത് എന്നാണ് യുജിസി ചട്ടമെന്നും അദ്ദേഹം പറഞ്ഞു.