Connect with us

International

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ ആശുപത്രിയില്‍; വിഷബാധയേറ്റതായി റിപ്പോര്‍ട്ട്

വിഷം ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

|

Last Updated

ഇസ്ലാമാബാദ്| അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയില്‍ വെച്ച് വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാവൂദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ഏജന്‍സികള്‍ തേടുന്ന ഏറ്റവും വലിയ കുറ്റവാളികളിലൊരാളാണ്. വര്‍ഷങ്ങളായി പാകിസ്താനിലെ കറാച്ചിയിലാണ് ദാവൂദ് കഴിയുന്നത്.

ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജന്‍സികള്‍ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാല്‍, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫന്‍സ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം ദാവൂദ് ഇബ്രാഹിമിന്റെ തലക്ക് എന്‍.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവര്‍ക്ക് 20 ലക്ഷവും ദാവൂദിന്റെ സംഘമായ ഡി കമ്പനിയിലെ മറ്റ് അംഗങ്ങളായ ടൈഗര്‍ മേമന്‍, അനീസ് ഇബ്രാഹിം, ജാവേദ് ചിക്‌ന എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതവും എന്‍.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു. പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എന്‍.ഐ.എ വിശദീകരിക്കുന്നത്.

ദാവൂദ് ഇബ്രാഹിം 1993ലെ മുംബൈ സ്‌ഫോടനത്തോടെയാണ് കൊടുംകുറ്റവാളി പട്ടികയിലായത്. മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്.