Connect with us

From the print

ആഞ്ഞടിച്ച് ഉമര്‍ ഫൈസി; കരുതലോടെ ലീഗ്

കമ്മ്യൂണിസം ഒരിക്കലും ഫാസിസത്തോട് സന്ധിയാകില്ല എന്നാണ് മനസ്സിലാക്കുന്നത്- ഉമര്‍ ഫൈസി

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗിനെതിരെ ആഞ്ഞടിക്കുന്ന ഇ കെ വിഭാഗം നേതാവ് ഉമര്‍ ഫൈസിക്കെതിരെ കരുതലോടെ ലീഗ് നേതൃത്വം. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മറുപടി പറഞ്ഞ് ചര്‍ച്ച വളര്‍ത്തിക്കൊണ്ടു വരേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍, മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള ഇ കെ വിഭാഗത്തിലെ നേതാക്കളെ ഉപയോഗിച്ച് തിരിച്ചടി നടത്തുന്നുമുണ്ട്.

ഇ കെ വിഭാഗം സമസ്തക്ക് വേദനിക്കുന്ന പലതും മുസ്ലിം ലീഗില്‍ നിന്ന് ഉണ്ടായെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു തുടങ്ങിയ ഉമര്‍ ഫൈസി ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിനെതിരെ കൂടുതല്‍ രൂക്ഷമായി രംഗത്തെത്തി. ഇ കെ വിഭാഗവും ലീഗും ഒന്നാണെന്നൊക്കെ പറഞ്ഞ് നടക്കുമ്പോള്‍ ലീഗിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ജനറല്‍ സെക്രട്ടറി ഇ കെ വിഭാഗത്തിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ല. ലീഗിന്റെ ഉന്നത നേതാക്കള്‍ ബിദ്ഈ പ്രസ്ഥാനക്കാരുടെ പരിപാടികളില്‍ പോകുന്നത് സമസ്തക്ക് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഇ കെ വിഭാഗത്തോട് എതിര്‍പ്പില്ല. മുഖ്യമന്ത്രി ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളോട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ വന്നാല്‍ ജിഫ്രി തങ്ങളുടെ നിലപാട് മാറുന്നുവെന്ന് കളിയാക്കുകയാണ് പി എം എ സലാം. പ്രതിപക്ഷത്തിരുന്നുകൊണ്ട് മുഖ്യമന്ത്രിയേയും ഭരണകക്ഷിയേയും എതിര്‍ക്കണമെന്ന നിലപാട് മുസ്ലിം ലീഗിനുണ്ടാകാം. എന്നാല്‍, ഇ കെ വിഭാഗത്തിന് അങ്ങനെയൊരു നിലപാടില്ല.

ഇ കെ വിഭാഗത്തെ പരസ്യമായി വിമര്‍ശിക്കുന്ന ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്ന അഭിപ്രായം മുസ്ലിം ലീഗുകാര്‍ക്കുണ്ട്. സമസ്തയെ മാറ്റിനിര്‍ത്തിയാല്‍ ലീഗ് ഉണ്ടാകില്ല. ഫാസിസ്റ്റ് ശക്തികളെ തകര്‍ക്കലാണ് നിലവിലെ ലക്ഷ്യം. ഇന്ത്യ മുന്നണിയുടെ ലക്ഷ്യത്തില്‍ ഏറ്റവും ശക്തമായി നിലകൊള്ളുന്നത് എല്‍ ഡി എഫാണ്. കമ്മ്യൂണിസം ഒരിക്കലും ഫാസിസത്തോട് സന്ധിയാകില്ല എന്നാണ് മനസ്സിലാക്കുന്നത്- ഉമര്‍ ഫൈസി പറഞ്ഞു.

ലീഗ്- ഇ കെ വിഭാഗം തര്‍ക്കം തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നും എല്ലാവരും ഒളിച്ചു പറയുന്നത് താന്‍ വ്യക്തമായി പറഞ്ഞതാണെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. അതേസമയം, സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റ്ജിഫ്്രി മുത്തുക്കോയ തങ്ങളാണെന്ന് വ്യക്തമാക്കി ഇ കെ വിഭാഗം യുവജന സംഘടനാ നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തു വന്നു. പി എം എ സലാമിനോട് ഇ കെ വിഭാഗത്തിനോട് വിയോജിപ്പുണ്ടാകാം. എന്നാല്‍, തിരഞ്ഞെടുപ്പ് ഘട്ടത്തിലല്ല ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest