Connect with us

Uae

ഏറ്റവും സുരക്ഷിത രാജ്യമായി വീണ്ടും യു എ ഇ

അബൂദബിയും ദുബൈയും സുരക്ഷിതമായ നഗര പട്ടികയിൽ

Published

|

Last Updated

അബൂദബി|ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. നുംബിയോയുടെ “സേഫ്റ്റി ഇൻഡെക്‌സ് ബൈ കൺട്രി ഈ വർഷം മിഡ്-ഇയർ’ റിപ്പോർട്ട് അനുസരിച്ച് യു എ ഇ 85.2 പോയിന്റ്നേടി. ഈ പട്ടികയിൽ അൻഡോറ, ഖത്വർ, തായ്്വാൻ, മക്കാവു (ചൈന) എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു.
ഈ വർഷം മാർച്ചിൽ നുംബിയോയുടെ സുരക്ഷാ സൂചികയിൽ യു എ ഇ രണ്ടാം സ്ഥാനത്തായിരുന്നു. അതിൽ അൻഡോറയായിരുന്നു ഒന്നാമത്.

ഈ വർഷത്തെ പകുതിയിലെ റിപ്പോർട്ടിൽ ഫ്രാൻസിനും സ്‌പെയിനിനും ഇടയിൽ സ്ഥിതി ചെയ്യുന്നതും സ്‌കീ റിസോർട്ടുകൾക്ക് പേരുകേട്ടതുമായ അൻഡോറ 84.8 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഖത്വർ 84.6 പോയിന്റുമായി മൂന്നാം സ്ഥാനത്തും തായ്്വാനും മക്കാവുവും തൊട്ടുപിന്നാലെയുമെത്തി. സഊദി അറേബ്യ 14-ാം സ്ഥാനത്തും ബഹ്റൈൻ 15-ാം സ്ഥാനത്തും കുവൈത്ത് 38-ാം സ്ഥാനത്തും ജോർദാൻ 54-ാം സ്ഥാനത്തുമെത്തി. പാകിസ്ഥാൻ 62-ാം സ്ഥാനത്തും ഫിലിപ്പീൻസും ഇന്ത്യയും യഥാക്രമം 66, 67 സ്ഥാനങ്ങളിലുമാണ്.

അതേസമയം, നുംബിയോയുടെ വെബ്സൈറ്റിലെ “ക്രൈം ആൻഡ് സേഫ്റ്റി ഇൻഡെക്‌സുകൾ’ അനുസരിച്ച് അബൂദബി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണ്. 88.2 പോയിന്റുമായി ലോകത്ത് ഒന്നാം സ്ഥാനത്തും കുറ്റകൃത്യങ്ങളുടെ സൂചികയിൽ 11.8 പോയിന്റുമായി ഏറ്റവും കുറഞ്ഞ നിരക്കിലുമാണ് അബൂദബി. ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.