Connect with us

Ongoing News

വെസ്റ്റ് ബേങ്കിന് മേലുള്ള ഇസ്റാഈലിന്റെ പരമാധികാരം; യു എ ഇയും അറബ് രാജ്യങ്ങളും അപലപിച്ചു

അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്ന് വിലയിരുത്തൽ

Published

|

Last Updated

അബൂദബി|വെസ്റ്റ് ബേങ്കിനുമേൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള ഇസ്റാഈൽ നെസ്സെറ്റിന്റെ നടപടിയെ യു എ ഇയും ബഹ്റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, നൈജീരിയ, ഫലസ്തീൻ, ഖത്വർ, സഊദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളും അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്്ലാമിക് കോ-ഓപറേഷനും ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. 1967 മുതൽ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശത്തെ കുടിയേറ്റം ഉൾപ്പെടെയുള്ള ഇസ്റാഈലിന്റെ എല്ലാ നടപടികളും അസാധുവാണെന്നും അവർ കൂട്ടിച്ചേർത്തു.

അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്മേൽ ഇസ്റാഈലിന് യാതൊരു പരമാധികാരവുമില്ലെന്ന് അവർ ആവർത്തിച്ചു. ഏകപക്ഷീയമായ ഈ നടപടിക്ക് നിയമപരമായ സാധുതയില്ലെന്നും കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ ഫലസ്തീൻ പ്രദേശത്തിന്റെ നിയമപരമായ സ്ഥിതി മാറ്റാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. ഗസ്സയിലെ ഇസ്റാഈലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ നടപടി മേഖലയിലെ പിരിമുറുക്കം വർധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്നും അവർ മുന്നറിയിപ്പ് നൽകി. സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെട്ട് ഇസ്റാഈലിന്റെ നിയമവിരുദ്ധമായ നയങ്ങൾ അവസാനിപ്പിക്കണമെന്നും അവർ അഭ്യർഥിച്ചു.

 

 

Latest