Connect with us

Uae

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മുന്‍ നിരയിലെത്തുക യുഎഇ ലക്ഷ്യം: മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍

ലോകോത്തര നിലവാരമുള്ള മജ്ജ മാറ്റിവയ്ക്കല്‍ കേന്ദ്രം അബൂദബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ സ്ഥാപിച്ചത് ആ ശ്രമങ്ങള്‍ക്ക് പിന്തുണയേകും

Published

|

Last Updated

അബൂദബി |  മികച്ച ആരോഗ്യവും നൂതന മെഡിക്കല്‍ സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ശക്തമായ നേതൃത്വത്തിലും പിന്തുണയിലും കുട്ടികള്‍ക്കുള്ള മെഡിക്കല്‍ സേവനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലോകോത്തര നിലവാരമുള്ള മജ്ജ മാറ്റിവയ്ക്കല്‍ കേന്ദ്രം അബൂദബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ സ്ഥാപിച്ചത് ആ ശ്രമങ്ങള്‍ക്ക് പിന്തുണയേകും. കുട്ടികളുടെ വൈദ്യ പരിചരണം മെച്ചപ്പെടുത്താനും ലോകത്തെ പ്രമുഖ മെഡിക്കല്‍ സെന്ററുകളുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്താര്‍ബുദവും രോഗ പ്രതിരോധ വൈകല്യങ്ങളും അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ച 30 കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന യുഎഇയുടെ അനുഭവം ഡോ. സൈനുല്‍ ആബിദിന്‍ പങ്കുവച്ചപ്പോള്‍ എമിറേറ്റ്‌സ് പീഡിയാട്രിക് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് കോണ്‍ഗ്രസില്‍ കയ്യടികളുയര്‍ന്നു. ഒരു മരണം പോലുമില്ലാതെ അന്താരാഷ്ട്ര ശരാശിക്ക് മേലെയുള്ള വിജയനിരക്ക്.
ഇത്രയും കുട്ടികളിലെ മജ്ജ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് യുഎഇയുടെ മെഡിക്കല്‍ വൈദഗ്ധ്യത്തിന്റെയും മികച്ച ആരോഗ്യ സംവിധാനങ്ങളുടെയും തെളിവായി. 12 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മലയാളി ഡോക്ടര്‍ സൈനുല്‍ ആബിദിന്റെ കൈപിടിച്ച് സാധാരണ ജീവിതത്തിലേക്കെത്തിയത്. ഇവരില്‍ ചിലരുടെ കുടുംബാംഗങ്ങളും യുഎഇയുടെ ഈ സവിശേഷ മെഡിക്കല്‍ നേട്ടം പങ്കുവയ്ക്കുന്ന വേദിയിലേക്ക് സാക്ഷിയായെത്തിയിരുന്നു.

2022ല്‍ അബൂദബി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ യുഎഇയില്‍ ആദ്യമായി കുട്ടികളിലെ മജ്ജമാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് 30 മജ്ജമാറ്റിവയ്ക്കലുകള്‍ നടന്നത്. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ആദ്യ പീഡിയാട്രിക് ബോണ്‍ മാരോ ട്രാസ്പ്ലാന്റ് സെന്റര്‍ അധികൃതരുടെയും അന്താരാഷ്ട്ര മെഡിക്കല്‍ വിദഗ്ധരുടെയും പിന്തുണയോടെ എങ്ങനെ മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയെന്ന് ഡോ. സൈനുല്‍ ആബിദീന്‍ പറഞ്ഞു. 23 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ഉഗാണ്ട, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ്, സിറിയ, മൊറോക്കോ, ലിബിയ, അഫ്ഗാനിസ്ഥാന്‍, അള്‍ജീരിയ, നൈജീരിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ഒരു വര്‍ഷത്തിനകം യുഎഇയിലെ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സ ആശ്വാസമായത്. ഈ കേസുകളില്‍ മെഡിക്കല്‍ സംഘം പിന്തുടര്‍ന്ന ചികിത്സാ രീതികള്‍ സമ്മേളനം വിലയിരുത്തി. ഒപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അവര്‍ പിന്തുടര്‍ന്ന നടപടികളും വിശദീകരിച്ചു.

 

Latest