Connect with us

Lakshadweep

ലക്ഷദ്വീപിലേക്ക് രണ്ട് കപ്പലുകൾ കൂടി; യാത്രാ പ്രശ്‌നത്തിന് താത്കാലിക പരിഹാരം

കഴിഞ്ഞ രണ്ട് വർഷത്തോളമായി ലക്ഷദ്വീപുകാർ കടുത്ത യാത്രാക്ലേശത്തിലായിരുന്നു

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപ് ജനങ്ങളുടെ യാത്രാദുരിതത്തിന് താത്കാലിക പരിഹാരം. നാല് ദിവസത്തിനുള്ളിൽ രണ്ട് കപ്പൽ കൂടിയെത്തുന്നതോടെ ദ്വീപിലേക്ക് അഞ്ച് കപ്പൽ സർവീസുണ്ടാകും. ഏഴെണ്ണമാണ് നേരത്തേ സർവീസ് നടത്തിയിരുന്നത്. അറ്റകുറ്റപ്പണിക്കായും കാലപ്പഴക്കത്തെ തുടർന്നും അഞ്ചെണ്ണം മാറ്റിയതോടെയാണ് യാത്രാ പ്രശ്‌നം തുടങ്ങിയത്.
കപ്പലുകൾ പൊളിക്കുന്ന മുറക്ക് പുതിയത് വാങ്ങാനോ നിർമിക്കാനോ അറ്റകുറ്റപ്പണി ഉടൻ തീർത്ത് നീറ്റിലിറക്കാനോ നടപടിയുണ്ടായിരുന്നില്ല. ഏറെക്കാലത്തെ മുറവിളികൾക്കൊടുവിലാണ് അടുത്തിടെ ഒരു കപ്പൽ കൂടി സർവീസിനെത്തിയത്. നിലവിൽ മൂന്ന് കപ്പൽ സർവീസ് നടത്തുന്നുണ്ട്. വിനോദസഞ്ചാരികളുൾപ്പെടെ 700 പേർക്ക് യാത്ര ചെയ്യാവുന്ന എം വി കവരത്തി, എം വി കോറൽസ്, അറബ്യൻ സീ എന്നിവയാണ് ഇപ്പോഴുള്ളത്. ഇവക്ക് പുറമേ എം വി ലക്ഷദ്വീപ് സീ, എം വി ലഗൂൺസ് എന്നിവ കൂടി 15നകം സർവീസ് തുടങ്ങും.

ഇതിൽ എം വി ലക്ഷദ്വീപ് സീ ഒന്നര വർഷം മുമ്പാണ് അറ്റകുറ്റപ്പണിക്കായി മാറ്റിയത്. എം വി ലഗൂൺസ് വാർഷിക പരിശോധനക്ക് ശേഷമാണ് ഇപ്പോൾ സർവീസിന് തയ്യാറാകുന്നത്. കഴിഞ്ഞ 30ന് സർവീസ് തുടങ്ങിയ എം വി കവരത്തി 2021 ഡിസംബറിൽ യാത്രക്കിടെ എൻജിൻ മുറിയിൽ തീപ്പിടിത്തമുണ്ടായതിനെത്തുടർന്നാണ് സർവീസിൽ നിന്ന് പിൻവലിച്ചത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് യാത്രക്കായി ഒരുക്കിയത്. നേരത്തെയുണ്ടായ ഏഴ് കപ്പലുകളിൽ കാലാവധി കഴിഞ്ഞ അമിനി ദീപി, മിനിക്കോയ് എന്നിവ പൊളിക്കാനായി മാറ്റിയിട്ടുണ്ട്. 20 വർഷം കഴിഞ്ഞതിനാൽ പ്രധാന അറ്റകുറ്റപ്പണി അധികച്ചെലവാണെന്ന വാദമാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്.

കപ്പലുകളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി ലക്ഷദ്വീപുകാർ കടുത്ത യാത്രാക്ലേശത്തിലായിരുന്നു. ദ്വീപുകളിലേക്ക് തിരിച്ചുപോകാൻ ടിക്കറ്റ് കിട്ടാതെ കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലായി നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടന്നത്. സ്ത്രീകളും കുട്ടികളും രോഗികളും പ്രായമേറിയവരുമുൾപ്പെടെയുള്ളവർക്ക് വീട്ടിലെത്താൻ കഴിയാതെ ആഴ്ചകളോളം മറ്റിടങ്ങളിൽ തങ്ങേണ്ടി വന്നു.

അതേസമയം, ദ്വീപിലേക്ക് ഇന്ധനമെത്തിക്കുന്നതിന് രണ്ട് കാർഗോ ബാർജുകളുടെ നിർമാണം ഗോവ ഷിപ്പ് യാർഡിൽ തുടങ്ങിയിട്ടുണ്ട്. ഇതിലൊന്ന് എൽ പി ജി കാരിയറും മറ്റൊന്ന് ഓയിൽ ടാങ്കർ (പെട്രോൾ. ഡീസൽ) കാരിയറുമാണ്. നേരത്തേ ആറ് കാർഗോ ബാർജുകളാണ് ദ്വീപിലേക്ക് സർവീസ് നടത്തിയിരുന്നത്. ഇതിൽ രണ്ടെണ്ണം കാലാവധി കഴിഞ്ഞതിനെ തുടർന്ന് മാറ്റി. മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി കൊച്ചിയിലാണുള്ളത്. സാഗർ സാമ്രാജെന്ന പേരിൽ ഒരു ജനറൽ കോർഗോ ബാർജാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കാലാവധി കഴിഞ്ഞ ജനറൽ കാർഗോക്ക് പകരം ഇതുവരെ പുതിയതെത്തിയിട്ടില്ല. യാത്രാ കപ്പലായ എം വി ലഗൂണിൽസിലും കോറൽസിലും ഇരുനൂറ് മെട്രിക് ടൺ ലഗേജും അറേബ്യൻ സീയിൽ നൂറ് മെട്രിക് ടൺ ലഗേജും കയറ്റാൻ സൗകര്യമുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest