International
പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക; പതിനായിരം സൈനികരെ കൂടി വിന്യസിക്കുന്നു
യുദ്ധം ഉടൻ അവസാനിക്കുമെന്നും വരും ദിവസങ്ങളിൽ അത്ഭുതകരമായ മാറ്റങ്ങൾ ലോകം കാണുമെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് സൈനിക വിന്യാസം വർധിപ്പിക്കുന്നത്
വാഷിംഗ്ടൺ | ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുമ്പോഴും പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി യു എസ്. പതിനായിരത്തോളം വരുന്ന അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാനാണ് പെന്റഗൺ തീരുമാനം. നിലവിൽ ഗൾഫ് മേഖലയിലുള്ള 50,000 സൈനികർക്ക് പുറമെയാണിത്.
യുദ്ധം ഉടൻ അവസാനിക്കുമെന്നും വരും ദിവസങ്ങളിൽ അത്ഭുതകരമായ മാറ്റങ്ങൾ ലോകം കാണുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ഈ പ്രസ്താവനകൾക്ക് വിരുദ്ധമായാണ് സൈനിക വിന്യാസം നടക്കുന്നത്. വിമാനവാഹിനി കപ്പലായ യു എസ് എസ് ജോർജ് എച്ച് ഡബ്ല്യൂ ബുഷിലും മറ്റ് അകമ്പടി കപ്പലുകളിലുമായി 6,000 സൈനികരും, മറൈൻ എക്സ്പെഡിഷണറി യൂണിറ്റിൽ നിന്ന് 4,200 സൈനികരുമാണ് മേഖലയിലേക്ക് എത്തുന്നത്. മൂന്ന് വിമാനവാഹിനി കപ്പലുകളാണ് ഇപ്പോൾ പശ്ചിമേഷ്യൻ കടൽ പരിധിയിലുള്ളത്.
ഇറാനിലേക്കുള്ള എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ യു എസ് നാവിക ഉപരോധം കർശനമാക്കിയിട്ടുണ്ട്. ഒമാൻ ഉൾക്കടലിലും അറബിക്കടലിലും വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകൾ ഇതിനകം തന്നെ നിരവധി ഇറാനിയൻ കപ്പലുകളെ തടഞ്ഞു തിരിച്ചയച്ചു. ഈ നീക്കം ആഗോള വിപണിയിൽ എണ്ണവില വർധിക്കാൻ കാരണമായിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 96 ഡോളറിന് മുകളിലെത്തി. എന്നാൽ ആണവായുധം നിർമ്മിക്കുന്നതിൽ നിന്ന് ഇറാനെ തടയാൻ കഴിഞ്ഞാൽ ഇന്ധനവില പഴയ നിലയിലേക്ക് താഴുമെന്ന് ട്രംപ് അവകാശപ്പെട്ടു.
അതേസമയം അമേരിക്കയുടെ ഉപരോധത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള വ്യാപാര പാതകൾ തടയുമെന്ന് ഇറാൻ സൈനിക കമാൻഡർ അറിയിച്ചു. ഇറാനെതിരായ വെടിനിർത്തൽ കാലാവധി ഏപ്രിൽ 22ന് അവസാനിക്കാനിരിക്കെ സമാധാന ചർച്ചകളിൽ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല.
Summary
President Donald Trump has announced that the conflict with Iran could conclude shortly, yet the Pentagon is deploying nearly 10,000 additional troops to the Middle East. This buildup includes the arrival of the USS George H.W. Bush aircraft carrier to join existing forces in enforcing a naval blockade on Iranian oil exports. In response, Iran has threatened to block strategic trade routes in the Persian Gulf and Red Sea if the US pressure continues.



