Connect with us

National

അമിനിയിൽ പ്രതിഷേധവും സമരവും കാട്ടിലെ ഫുട്ബോൾ ഗ്രൗണ്ടിൽ മതി; പുതിയ ഉത്തരവിറങ്ങി

നോർത്ത് സോൺ ഡെപ്യൂട്ടി കളക്ടറും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ ദീപക് കുമാർ ധാനിക്സ് ആണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

Published

|

Last Updated

ഫയൽ ചിത്രം

അമിനി | ലക്ഷദ്വീപ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ കർശന നിയന്ത്രണ ഉത്തരവിന് പിന്നാലെ, അമിനി ദ്വീപിലെ നിരോധിത മേഖലകളും പ്രതിഷേധങ്ങൾക്കായി അനുവദിച്ച പ്രത്യേക സ്ഥലവും പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. അമിനി ദ്വീപിലെ ഫുട്ബോൾ ഗ്രൗണ്ടിനെയാണ് പ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള ഔദ്യോഗിക സ്ഥലമായി നിശ്ചയിച്ചിരിക്കുന്നത്. ജനവാസം കുറഞ്ഞ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് ഈ ഫുട്ബോൾ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്. നോർത്ത് സോൺ ഡെപ്യൂട്ടി കളക്ടറും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ ദീപക് കുമാർ ധാനിക്സ് ആണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബി എൻ എസ് എസ്) 2023 ലെ സെക്ഷൻ 163 പ്രകാരം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർച്ചയായാണ് ഈ നടപടി.

ഇതോടൊപ്പം ദ്വീപിലെ ഒൻപത് പ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള നിരോധിത മേഖലകളുടെ കൃത്യമായ പരിധിയും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ ജെട്ടി, കിഴക്കൻ ജെട്ടി, ഹെലിപാഡ് എന്നിവയുടെ കവാടങ്ങളിൽ നിന്ന് 150 മീറ്റർ ചുറ്റളവിൽ യാതൊരുവിധ പ്രതിഷേധങ്ങളും അനുവദിക്കില്ല. പവർ ഹൗസ്, ഇന്ധന-ഡീസൽ ഡിപ്പോകൾ, ശുദ്ധജല പ്ലാന്റ്, ബി എസ് എൻ എൽ ഓഫീസും ടവർ പരിസരവും, എസ് ഡി എം / ബി ഡി ഒ ഓഫീസ് എന്നിവയ്ക്ക് ചുറ്റും 100 മീറ്റർ പരിധിയും നിരോധിത മേഖലയായിരിക്കും. ദ്വീപിലെ മുഴുവൻ ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിലും നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.

ഈ നിർദേശങ്ങൾ ലംഘിച്ച് നിരോധിത മേഖലകളിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടുകയോ പ്രതിഷേധങ്ങൾ നടത്തുകയോ ചെയ്താൽ കർശന നിയമനടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ക്രമസമാധാന പാലനത്തിനായി ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഉത്തരവ്. 2026 ജൂൺ 10 മുതൽ 60 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Summary

In compliance with the Lakshadweep District Magistrate’s prohibitory order under Section 163 of the BNSS, 2023, the Deputy Collector and SDM of Amini Island, Deepak Kumar, DANICS, has issued specific notifications. The Football Ground on Amini Island has been officially designated as the authorized protest site for any future public demonstrations. Additionally, a detailed list of prohibited zones has been issued, strictly banning assemblies within a 150-meter radius of the Western and Eastern jetties and the helipad, a 100-meter radius of the power house, fuel depots, desalination plant, BSNL tower, and SDM/BDO office, and a 50-meter radius around all hospitals.

Latest