International
ഗസ്സയില്‍ പട്ടിണിക്ക് സമാനമായ സാഹചര്യമെന്ന് ട്രംപ്
അടുത്തിടെയായി ഹമാസിനെ കൈകാര്യം ചെയ്യാന്‍ പ്രയാസമായി

ലണ്ടൻ | ഗസ്സയില്‍ പട്ടിണിക്ക് സമാനമായ സാഹചര്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഗസ്സയോടുള്ള ഇസ്റാഈലിന്റെ സമീപനം പുനഃപരിശോധിക്കണമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗസ്സക്കെതിരെ ആക്രമണം ശക്തമാക്കാൻ ഇസ്റാഈലിനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഗസ്സയില്‍ പട്ടിണിയില്ലെന്ന വാദവുമായി ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹുവും രംഗത്തെത്തി. ഈ വാദത്തെ തള്ളിയാണ് ട്രംപിൻ്റെ പ്രസ്താവന.
ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയുമാണ് ഇപ്പോള്‍ ആവശ്യമെന്ന് ട്രംപ് പറഞ്ഞു. ഗസ്സയിലേക്ക് വരുന്ന ഓരോ ഔൺസ് ഭക്ഷണത്തിനും അനുമതി നൽകണം. അമേരിക്ക ഗസ്സക്കായി ധാരാളം പണവും ഭക്ഷണവും നല്‍കുന്നുണ്ട്. മറ്റ് രാജ്യങ്ങളും സഹായങ്ങളുമായി വരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
‘എനിക്കറിയില്ല, ടെലിവിഷന്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇല്ലായെന്ന് പറയാനാവില്ല. ആ കുട്ടികളെ വിശക്കുന്നവരായാണ് കാണപ്പെടുന്നത്’ എന്നായിരുന്നു നെതന്യാഹുവിന്റെ നിലപാടിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് മാധ്യമങ്ങൾക്ക് നല്‍കിയ മറുപടി. ഒരുപക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യേണ്ടി വന്നേക്കാമെന്ന് ഇസ്രായേലിനോട് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. അടുത്തിടെയായി ഹമാസിനെ കൈകാര്യം ചെയ്യാന്‍ പ്രയാസമായെന്നും ട്രംപ് പറഞ്ഞു.