International
ടെക്‌സസിലെ മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് ട്രംപ്; മരണം 24 ആയി, 23 പെണ്‍കുട്ടികള്‍ ഒലിച്ചുപോയി
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

വാഷിംഗ്ടണ്‍ | അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 24 ആയി. സംഭവം ഭയപ്പെടുത്തുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു. 23 പെണ്‍കുട്ടികള്‍ പ്രളയത്തില്‍ ഒലിച്ചുപോയി.
ടെക്സസ് ഗവര്‍ണറുമായി ട്രംപ് സംസാരിച്ചു. ടെക്സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയ 23 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായതായും റിപോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ട്, ഹെലികോപ്റ്റര്‍ എന്നിവ സജ്ജമാണ്. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപോര്‍ട്ട്.
ഗ്വാഡലൂപ്പെ നദിയില്‍ 45 മിനുട്ടിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒമ്പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി. ഗ്വാഡലൂപ്പെ നദിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കണമെന്നും സെനറ്റര്‍ ജോണ്‍ കോര്‍ണില്‍ പറഞ്ഞു.