International
ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ താൻ സഹായിച്ചെന്ന് ആവർത്തിച്ച് ട്രംപ്
ശനിയാഴ്ച മുതൽ ഇത് ആറാം തവണയാണ് ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടനിലയായി പ്രവർത്തിച്ചുവെന്ന് ട്രംപ് അവകാശവാദമുന്നയിക്കുന്നത്.

ദോഹ | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ താൻ സഹായിച്ചു എന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തറിലെ അൽ-ഉദൈദ് എയർ ബേസിൽ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വീണ്ടും അവകാശപ്പെട്ടത്.
“ഞാൻ ചെയ്തു എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കഴിഞ്ഞ ആഴ്ച പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഞാൻ തീർച്ചയായും സഹായിച്ചു. അത് കൂടുതൽ കൂടുതൽ ശത്രുതാപരമായിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഇവിടെ നിന്ന് ഇറങ്ങി രണ്ട് ദിവസത്തിന് ശേഷം അത് പരിഹരിച്ചില്ലെന്ന് അറിയാൻ ഇടയാകരുത് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ അത് പരിഹരിച്ചെന്ന് ഞാൻ കരുതുന്നു”- ട്രംപ് പറഞ്ഞു.
ശനിയാഴ്ച മുതൽ ഇത് ആറാം തവണയാണ് ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടനിലയായി പ്രവർത്തിച്ചുവെന്ന് ട്രംപ് അവകാശവാദമുന്നയിക്കുന്നത്.
ഏപ്രിൽ 22 ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് പുലർച്ചെ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രകാരം ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്തി. ഇതിന് ശേഷം, മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക താവളങ്ങളിൽ ആക്രമണം നടത്താൻ ശ്രമിച്ചു. നിരവധി പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തി.
നാല് ദിവസത്തെ അതിശക്തമായ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം മെയ് 10 ന് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും ഒരു ധാരണയിലെത്തി. കരയിലും ആകാശത്തും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും ഉടനടി അവസാനിപ്പിക്കാൻ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ധാരണയിലെത്തിയെന്നും ഇതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലെന്നും ന്യൂഡൽഹിയിലെ ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.